വാഷിങ്ടൺ: അമേരിക്കയുടെ സുരക്ഷാ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്‍റെ (എഫ്.ബി.ഐ) പുതിയ ഡയറക്ടറായി ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഭഗവത് ഗീതയിൽ കൈവച്ചാണ് കാഷ് പട്ടേൽ സത്യ പ്രതിജ്ഞ ചെയ്തത്. ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണിതെന്നായിരുന്നു കാഷ് പട്ടേലിന്‍റെ ആദ്യ പ്രതികരണം.
വാഷിങ്ടണിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ അറ്റോർണി ജനറൽ പാം ബോണ്ടിയാണ് പുതിയ എഫ്.ബി.ഐ ഡയറക്ടർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. സഹോദരി നിഷ, ജീവിത പങ്കാളി അലക്സസ് എന്നിവരും കാഷ് പട്ടേലിനൊപ്പം ചടങ്ങിനെത്തി. ഒമ്പതാമത്തെ എഫ്.ബി.ഐ ഡയറക്ടറായ കാഷ് പട്ടേൽ, തനിക്ക് ഈ അവസരം നൽകിയതിന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് നന്ദി അറിയിച്ചു. ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യമാണിതെന്നും ഭരണഘടനക്ക് അനുസൃതമായി എഫ്.ബി.ഐയെ നയിക്കുമെന്നും കാഷ് പട്ടേൽ വ്യക്തമാക്കി.
സാധാരണ ജീവിത സാഹചര്യങ്ങളിൽ വളർന്ന ഒരു ഇന്ത്യൻ യുവാവിന് എഫ്.ബി.ഐയുടെ തലപ്പത്ത് എത്താൻ സാധിച്ചത് അമേരിക്ക നൽകുന്ന സാധ്യതകളുടെയും സ്വപ്നസാക്ഷാത്കാരത്തിന്‍റെയും തെളിവാണെന്നും കാഷ് പട്ടേൽ പറഞ്ഞു. 38,000 ജീവനക്കാരുള്ള എഫ്.ബി.ഐയുടെ വാർഷിക ബജറ്റ് 11 ബില്യൻ ഡോളറാണ്. തന്ത്രപ്രധാനമായ ഏജൻസിയുടെ ചുമതല ഇനി ട്രംപിന്‍റെ വിശ്വസ്തനായ കാഷ് പട്ടേലിനായിരിക്കും. ഏജന്‍റുമാർക്ക് കാഷ് പട്ടേലിനോടുള്ള ബഹുമാനമാണ് തന്നെ അദ്ദേഹത്തെ തലപ്പത്ത് നിയമിക്കാൻ പ്രചോദനം നൽകിയതെന്ന് ട്രംപ് പ്രതികരിച്ചു.
നേരത്തെ എഫ്.ബി.ഐയുടെ പുതിയ ഡയറക്ടറായുള്ള കാഷ് പട്ടേലിന്റെ നിയമനത്തിന് സെനറ്റ് അംഗീകാരം നൽകിയിരുന്നു. പട്ടേലിനെ അനുകൂലിച്ച് 51 വോട്ടുകളും എതിർത്ത് 49 വോട്ടുകളുമാണ് ലഭിച്ചത്. ട്രംപ് അനുകൂലിയായ പട്ടേൽ, നേരത്തെ എഫ്.ബി.ഐയെ പല കാര്യങ്ങൾക്കും വിമർശിച്ചിട്ടുണ്ട്. പ്രസിഡന്‍റായതിന് പിന്നാലെ കാഷ് പട്ടേലിനെ എഫ്.ബി.ഐ തലവനായി ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തിരുന്നു.
വർധിച്ചു വരുന്ന കുറ്റകൃത്യ നിരക്ക്, ക്രിമിനൽ സംഘങ്ങൾ, യു.എസ് അതിർത്തി വഴിയുള്ള മനുഷ്യ-മയക്കുമരുന്ന് കടത്ത് തുടങ്ങിയ വെല്ലുവിളികളെ പ്രതിരോധിക്കുകയാണ് എഫ്.ബി.ഐയുടെ പ്രധാന ചുമതലകൾ. ട്രംപിന്‍റെ ആദ്യ സർക്കാറിൽ പ്രതിരോധ വകുപ്പ് ഡയറക്ടർ, നാഷനൽ ഇന്‍റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ, നാഷനൽ സെക്യൂരിറ്റി കൗൺസിൽ കൗണ്ടർ ടെററിസം സീനിയർ ഡയറക്ടർ അടക്കമുള്ള സുപ്രധാന പദവികൾ കാഷ് പട്ടേൽ വഹിച്ചിട്ടുണ്ട്.
ന്യൂയോർക്ക് ഗാർഡൻ സിറ്റി സ്വദേശിയും 44കാരനുമായ കാഷ് പട്ടേലിന്‍റെ മാതാപിതാക്കൾ ഗുജറാത്തിൽ നിന്നുള്ളവരാണ്. റിച്ച്മെന്‍റ് സർവകലാശാലയിൽ നിന്ന് ക്രിമിനൽ ജസ്റ്റിസും റേസ് സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും യൂനിവേഴ്സിറ്റി കോളജ് ഓഫ് ലണ്ടനിൽ നിന്ന് അന്താരാഷ്ട്ര നിയമത്തിൽ ബിരുദവും നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.