ഷെല്ലി കിറ്റിൽസൺ
ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ പ്രമുഖ അമേരിക്കൻ സ്വതന്ത്ര മാധ്യമപ്രവർത്തക ഷെല്ലി കിറ്റിൽസണെ അജ്ഞാത സായുധ സംഘം തട്ടിക്കൊണ്ടുപോയി. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. തിരക്കേറിയ റോഡിൽ ഷെല്ലി സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ആയുധധാരികളായ സംഘം അവരെ വലിച്ചിഴച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇറാഖ് ആഭ്യന്തര മന്ത്രാലയം വിവരം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പേരുവിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
സായുധ സംഘം മാധ്യമപ്രവർത്തകയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ സുരക്ഷാ സേന ഇവരെ പിന്തുടർന്നു. പിന്തുടരുന്നതിനിടെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനങ്ങളിൽ ഒന്ന് നിയന്ത്രണം വിട്ട് മറിഞ്ഞു. ഈ വാഹനത്തിലുണ്ടായിരുന്ന ഒരാളെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ രണ്ടാമത്തെ വാഹനത്തിൽ മാധ്യമപ്രവർത്തകയുമായി സംഘം ബാഗ്ദാദിന്റെ തെക്കൻ മേഖലയിലേക്ക് കടന്നുകളഞ്ഞതായാണ് റിപ്പോർട്ടുകൾ.
ഇറാഖിലെ നിലവിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് അവിടേക്ക് യാത്ര ചെയ്യരുതെന്ന് ട്രംപ് ഭരണകൂടം ഷെല്ലി കിറ്റിൽസണ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നതായി അൽ-മോണിറ്റർ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേൽ-ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാഖിലെ അമേരിക്കൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ അനുകൂല മിലീഷ്യകൾ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്. അമേരിക്കൻ പൗരന്മാരെ തട്ടിക്കൊണ്ടുപോകാൻ സാധ്യതയുണ്ടെന്ന് യു.എസ് എംബസി നേരത്തെയും ജാഗ്രതാ നിർദേശം നൽകിയിരുന്നു.
നേരത്തെ, 2023ൽ ബാഗ്ദാദിൽ നിന്ന് കാണാതായ എലിസബത്ത് സുർക്കോവ് എന്ന ഗവേഷകയെ രണ്ട് വർഷത്തിന് ശേഷം 2025 സെപ്റ്റംബറിലാണ് മോചിപ്പിച്ചത്. ഇറാൻ അനുകൂല ഗ്രൂപ്പായ കതൈബ് ഹിസ്ബുള്ളയായിരുന്നു അവരെ തടങ്കലിലാക്കിയിരുന്നത്. റഷ്യൻ, ഇസ്രായേലി പൗരത്വമുള്ള ഗവേഷകയാണ് എലിസബത്ത്. മിഡിൽ ഈസ്റ്റിലെ സായുധ ഗ്രൂപ്പുകളെയും രാഷ്ട്രീയ മാറ്റങ്ങളെയും കുറിച്ച് പഠനം നടത്തുന്നതിന്റെ ഭാഗമായാണ് അവർ ഇറാഖിലെത്തിയത്. തന്റെ ഗവേഷണത്തിനായി റഷ്യൻ പാസ്‌പോർട്ട് ഉപയോഗിച്ചാണ് അവർ ഇറാഖിലേക്ക് പ്രവേശിച്ചത്.
ഒരു ഇസ്രായേൽ പൗര എന്ന നിലയിൽ ഇറാഖിലേക്ക് യാത്ര ചെയ്തത് വലിയ സുരക്ഷാ വീഴ്ചയാണെന്ന് അന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇസ്രായേൽ പൗരന്മാർക്ക് ഇറാഖിലേക്ക് യാത്ര ചെയ്യാൻ നിയമപരമായി അനുവാദമില്ലാത്തതാണ് ഇതിന് കാരണം. ഷെല്ലി കിറ്റിൽസന്റെ തിരോധാനത്തിന് പിന്നിലും സമാനമായ ഗ്രൂപ്പുകളാണോ എന്ന് അധികൃതർ അന്വേഷിച്ചുവരികയാണ്. യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട മാധ്യമപ്രവർത്തകയാണ് ഷെല്ലി കിറ്റിൽസൺ. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ലെന്ന് ഇറാഖ് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.