ഗ്രീൻ കാർഡ്​ വിലക്ക്​ പിൻവലിച്ചു; ട്രംപ്​ നയത്തിന്​ വീണ്ടും തിരുത്തുമായി ബൈഡൻ


വാഷിങ്​ടൺ: ഗ്രീൻ കാർഡ്​ അപേക്ഷകർക്ക്​ പ്രവേശനം വിലക്കിയ മുൻ പ്രസിഡന്‍റ്​ ഡോണൾഡ്​ ട്രംപിന്‍റെ ഉത്തരവ്​ പിൻവലിച്ച്​ ജോ ബൈഡൻ. അധികാരമേറ്റ ശേഷം നിരവധി തീരുമാനങ്ങളിൽ ട്രംപിനെ തിരുത്തിയ പുതിയ പ്രസിഡന്‍റിന്‍റെ ഏറ്റവും പുതിയ നയം ഇന്ത്യക്കാരുൾപെടെ നിരവധി ​പേർക്ക്​ തുണയാകും. കൊറോണയിൽ വലഞ്ഞ്​ വ്യാപക തൊഴിൽ നഷ്​ടം അലട്ടുന്ന രാജ്യത്ത്​ യു.എസ്​ പൗരന്മാരെ ബാധിക്കുന്നുവെന്ന്​ കാണിച്ചായിരുന്നു ​ഗ്രീൻകാർഡുകാർക്ക്​ ട്രംപ്​ പ്രവേശനം വിലക്കിയത്​. എന്നാൽ, കുടുംബത്തിനൊപ്പം ചേരാൻ പലർക്കും ഇത്​ തടസ്സമാകുകയാണെന്നും യു.എസ്​ വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുകയാണെന്നും ബൈഡൻ പറഞ്ഞു.

കുടിയേറ്റ നയങ്ങളിൽ ട്രംപിന്‍റെ നയങ്ങൾ തിരുത്തുമെന്ന്​ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ ബൈഡൻ ​പ്രഖ്യാപനം നടത്തിയിരുന്നു. മുസ്​ലിം രാജ്യങ്ങൾക്ക്​ ഏർപെടുത്തിയ യു.എസ്​ യാത്രാ വിലക്ക്​ ഇതിന്‍റെ ഭാഗമായി നേരത്തെ ബൈഡൻ പിൻവലിച്ചിട്ടുണ്ട്​. വിദേശ അതി​ഥി തൊഴിലാളികൾക്ക്​ വിലക്കേർപെടുത്തിയ നടപടി കാലി​േഫാർണിയ ഫെഡറൽ ജഡ്​ജിയും റദ്ദാക്കി.

2020 അവസാനം വരെ ഗ്രീൻ കാർഡ്​ വിതരണം നിർത്തി ആദ്യം പുറപ്പെടുവിച്ച ഉത്തരവ്​ അടുത്തിടെ മാർച്ച്​ അവസാനം വരെയാക്കി ട്രംപ്​ ദീർഘിപ്പിച്ചിരുന്നു. കഴിഞ്ഞ വർഷം മാത്രം 1,20,000 വിസകൾ ഈ ഉത്തരവു പ്രകാരം നഷ്​ടപ്പെട്ടതായാണ്​ കണക്ക്​. യു.എസിൽ തൊഴിലെടുക്കുന്നവർക്ക്​ കുടുംബങ്ങളെ കൊണ്ടുവരലും ഇതോടെ കുരുക്കായി. തൊഴിൽ വിസയുള്ളവർക്കും വിലക്കുവീണു. 1.4 കോടി പേരാണ്​ ഇതുവരെ ഗ്രീൻകാർഡിന്​ അപേക്ഷ നൽകി കാത്തിരിക്കുന്നത്​. ഇതിനു പുറമെ നാലര ലക്ഷത്തോളം കുടുംബ വിസക്കാരും കാത്തിരിക്കുന്നുണ്ട്​. ഇത്രയും കൂടുതൽ പേർക്ക്​ ഒന്നിച്ച്​ വിസ അനുവദിക്കാനാവില്ലെന്നതിനാൽ പലരുടെയും കാത്തിരിപ്പ്​ തുടരാനാണ്​ സാധ്യത. 

Tags:    
News Summary - Joe Biden lifts Trump-era ban on green card applicants, says 'immigration policy harms US business'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.