ന്യൂഡൽഹി: മാസങ്ങളായി നീണ്ടുനിന്ന ഇറാൻ-അമേരിക്ക സംഘർഷത്തിന് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്ക് കടന്ന് ഇന്ത്യൻ കപ്പൽ. മുംബൈ ആസ്ഥാനമായുള്ള ഗ്രേറ്റ് ഈസ്റ്റേൺ ഷിപ്പിംഗ് കമ്പനിയുടെ എൽ.പി.ജി ടാങ്കറായ 'ജഗ് വിക്രം' ആണ് വിജയകരമായി കടലിടുക്ക് കടന്നത്.
ശനിയാഴ്ച രാവിലെയോടെയാണ് കപ്പൽ ഹുർമുസ് കടലിടുക്ക് കടന്നത്. നിലവിൽ കപ്പൽ ഒമാൻ ഉൾക്കടലിൽ പ്രവേശിച്ചു കഴിഞ്ഞു. ഏകദേശം 20,000 ടൺ എൽ.പി.ജിയാണ് കപ്പലിലുള്ളത്. 24 ഇന്ത്യൻ നാവികരുളള കപ്പലിൽ എല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.ഏപ്രിൽ 15-ഓടെ കപ്പൽ മുംബൈ തുറമുഖത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാർച്ച് ആദ്യം മുതൽ പേർഷ്യൻ ഗൾഫിൽ നിന്ന് പുറത്തുകടക്കുന്ന ഒമ്പതാമത്തെ ഇന്ത്യൻ കപ്പലാണ് ജഗ് വിക്രം.
പശ്ചിമേഷ്യയിൽ സംഘർഷം പൊട്ടിപ്പുറപ്പെടുമ്പോൾ ഇന്ത്യൻ പതാകയേന്തിയ 28 കപ്പലുകളെങ്കിലും ഹുർമുസ് കടലിടുക്കിൽ ഉണ്ടായിരുന്നു.അതിൽ 24 എണ്ണം പടിഞ്ഞാറൻ ഭാഗത്തും നാലെണ്ണം കിഴക്കൻ ഭാഗത്തും ആയിരുന്നു. അതിൽ 10 കപ്പലുകൾ സുരക്ഷിതമായി സഞ്ചരിക്കാൻ കഴിഞ്ഞിരുന്നു.
മറൈൻ ട്രാഫിക് ഡാറ്റ പ്രകാരം, വിവിധ രാജ്യങ്ങളുടെ 426 എണ്ണ ടാങ്കറുകൾ, 34 എൽ.പി.ജി കപ്പലുകൾ, 19 എൽ.എൻ.ജി കപ്പലുകൾ എന്നിവ മേഖലയിലുണ്ട്. സംഘർഷവും ഗതാഗത തടസ്സങ്ങളും കാരണം ഇവയിൽ പലതും കുടുങ്ങി കിടക്കുകയാണ്.
ഇന്ത്യയുടെ എൽ.പി.ജി ആവശ്യകതയുടെ 60 ശതമാനവും ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. യുദ്ധസമാനമായ സാഹചര്യം കാരണം വിതരണം തടസ്സപ്പെട്ടത് ഇന്ത്യയിൽ വാതകക്ഷാമത്തിന് കാരണമായിരുന്നു. നിലവിൽ 15 ഓളം ഇന്ത്യൻ പതാകയുളള കപ്പലുകൾ കൂടി പേർഷ്യൻ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവയുടെ സുരക്ഷിതമായ മടക്കയാത്രക്കായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ശ്രമങ്ങൾ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.