വാഷിങ്ടൺ: ഇസ്രായേലും ഹമാസും തമ്മിൽ ആദ്യഘട്ട വെടിനിർത്തൽ ധാരണയിലെത്തിയെന്ന വിവരം ആദ്യം ലോകത്തെ അറിയിച്ചത് ഇവാൻ വുച്ചിയുടെ കാമറ. വൈറ്റ് ഹൗസിൽ ആൻറിഫയുമായി ബന്ധപെട്ട മീറ്റിങ് നടക്കുന്നതിനിടെയാണ് സ്റ്റേറ്റ് സെക്രടറി മാർക്കോ റൂബിയോ ഒരു കഷണം കടലാസ് ട്രംപിന് കൈമാറുന്നത്. പിന്നാലെ അദ്ദേഹത്തിന്റെ കാതിൽ റൂബിയോ എന്തോ പറഞ്ഞു.
കുനിഞ്ഞു നിൽക്കുന്ന റൂബിയോ യുടെ ചിത്രം ഹാളിന്റെ അങ്ങേ കോണിൽ നിന്ന് പകർത്തുകയായിരുന്നു അസോസിയേറ്റഡ് പ്രസിന്റെ ഫോട്ടോഗ്രാഫർ ഇവാൻ വുച്ചി . എടുത്ത ഫോട്ടോ ഡിസ്പ്ലേയിൽ പരിശോധിക്കവെയാണ് ലോകം കാത്തിരിക്കുന്ന വാർത്തയാണെന്ന് വുച്ചി തിരിച്ചറിയുന്നത്. യുദ്ധവിരാമത്തിന് കരാറായിരിക്കുന്നു. “Very close. We need you to approve a Truth Social post soon so you can announce deal first”ഇത്രയും ആണ് കടലാസിൽ തെളിഞ്ഞു കണ്ടത്.
യുദ്ധവിരാമത്തിന് അംഗീകാരമായെന്നും ഇത് ട്രംപ് ആദ്യം ലോകത്തെ അറിയിക്കണമെന്നും അതിന് വേണ്ടി ട്രൂത്ത് സോഷ്യൽ പോസ്റ്റിന് അംഗീകാരം നൽകണമെന്നുമായിരുന്നു റുബിയോ ട്രംപിന്റെ ചെവിയിൽ പറഞ്ഞത്. ഇതോടെ ചരിത്രപ്രസിദ്ധമായ ഗസ്സയിലെ ആദ്യ ഘട്ടവെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള നിയോഗം ഇവാൻ വുച്ചിയുടെ കാമറക്ക് കൈവന്നു.
കൊയ്റോ: ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടത്തിന് അംഗീകാരം നൽകി ഹമാസും ഇസ്രായേലും. ഈജിപ്തിലെ കെയ്റോവിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ കരാറിന് അംഗീകാരമായത്.
ഈജിപ്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഗസ്സയിലെ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയ വിവരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് മഹത്തായ ഒരു ദിവസമാണെന്നും ലോകം മുഴുവൻ ഇതിനായി ഒരുമിച്ച് വന്നുവെന്നും ഡോണൾഡ് ട്രംപ് പ്രതികരിച്ചു. മുഴുവൻ ബന്ദികളേയും തിങ്കളാഴ്ച തന്നെ മോചിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങളും കൈമാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലിനെ സംബന്ധിച്ച് മഹത്തായ ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതികരിച്ചു. ഹമാസ് തടവിലുള്ള ബന്ദികളെല്ലാം ഉടൻ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നെതന്യാഹു പ്രത്യാശ പ്രകടിപ്പിച്ചു.
ഗസ്സ സമാധാന കരാറിനെ യു.എന്നും സ്വാഗതം ചെയ്തിട്ടുണ്ട്. യു.എസ്, ഖത്തർ, ഈജിപ്ത്, തുർക്കിയ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾക്കൊടുവിലാണ് സമാധാനകരാർ യാഥാർഥ്യമായതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. സമ്പൂർണമായൊരു വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.