സ്കൂളുകളിൽ ബുർഖയും നിഖാബും നിരോധിച്ചു; ഉത്തരവ് ലംഘിച്ചാൽ ഒരു ലക്ഷം രൂപയിലധികം പിഴയീടാക്കാൻ ഉത്തരവിറക്കി ഇറ്റലി
റോം: ഇറ്റലിയിലെ സ്കൂളുകളിൽ നിഖാബിനും ബുർഖക്കും നിരോധനമേർപ്പെടുത്തി കൊണ്ടുള്ള പുതിയ ഉത്തരവിന് മന്ത്രിസഭ ഔദ്യോഗികമായി അംഗീകാരം നൽകി. ഇതിനോടൊപ്പം ക്ലാസ് മുറികളിൽ ഇറ്റാലിയൻ ഭാഷ വശമില്ലാത്ത വിദേശ വിദ്യാർഥികളുടെ എണ്ണത്തിന് 30 ശതമാനത്തിന്റെ പരിധിയും ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി കുടിയേറ്റം പ്രധാന ചർച്ചയാകുന്നതിനിടയിലാണ് പ്രധാനമന്ത്രി ജോർജിയ മെലോണി സർക്കാർ ഈ സുപ്രധാന നീക്കം നടത്തിയത്.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ കക്ഷിയായ 'ബ്രദേഴ്സ് ഓഫ് ഇറ്റലി' (എഫ്.ഡി.ഐ) പാർട്ടിയുടെ യോഗത്തിലാണ് ഈ പുതിയ പരിഷ്കാരങ്ങൾ അവതരിപ്പിച്ചത്. പുതിയ ഉത്തരവ് പ്രകാരം സ്കൂളുകളിൽ ബുർഖയും നിഖാബും ധരിക്കുന്നത് പൂർണമായും നിയമവിരുദ്ധമാണ്. നിയമങ്ങൾ ലംഘിക്കുന്ന പക്ഷം 1,000 യൂറോ വരെ (ഏകദേശം 1,140 ഡോളർ) പിഴ ഈടാക്കാനും ഉത്തരവിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്. പ്രൈമറി, മിഡിൽ, ഹൈസ്കൂളുകളിലെ ആദ്യ വർഷ ക്ലാസുകളിലാണ് ഈ പുതിയ നിയമം ബാധകമാക്കുക.
ഈ നിയമം മന്ത്രിസഭ അംഗീകരിച്ചെങ്കിലും, അടുത്ത 60 ദിവസത്തിനുള്ളിൽ പാർലമെന്റിന്റെ അംഗീകാരം നേടേണ്ടതുണ്ട്. എങ്കിലും ഇതിന്റെ പ്രാരംഭ നടപടികൾ ഉടൻ തന്നെ ആരംഭിക്കുമെന്നാണ് സൂചന. അതേസമയം മുഖം വ്യക്തമായി കാണുന്ന ഹിജാബ് ധരിക്കുന്നതിന് ഈ വിലക്ക് ബാധകമല്ല. കൂടാതെ പുതിയ ഉത്തരവിന്റ ഭാഗമായി ഭാഷാപരിചയം കുറഞ്ഞ കുട്ടികളെ സമീപത്തുള്ള മറ്റ് സ്കൂളുകളിലേക്ക് തുല്യമായി പുനഃക്രമീകരിക്കാൻ പ്രാദേശിക സ്കൂൾ ഓഫീസുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതിന് സാധിക്കാത്ത പക്ഷം പ്രത്യേക ഇറ്റാലിയൻ ഭാഷാ ക്ലാസുകളും ഇളവുകളും അനുവദിക്കും.
എല്ലാവർക്കും ഒരേപോലെ പഠനാവസരം ഉറപ്പാക്കാനും ഇറ്റാലിയൻ ഭാഷ കാര്യക്ഷമമായി പഠിപ്പിക്കാനുമാണ് ഈ നടപടിയെന്ന് സർക്കാർ വ്യക്തമാക്കി. സ്കൂളുകളിൽ നിയമങ്ങൾ നടപ്പിലാക്കാനും അച്ചടക്കം പാലിക്കാനും ഇത്തരം മുൻകരുതലുകൾ അത്യാവശ്യമാണെന്ന് ജോർജിയ മെലോണി തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.
എന്നാൽ രാജ്യത്തെ പൊതുവിദ്യാഭ്യാസ രംഗത്തെ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ഡെമോക്രാറ്റിക് പാർട്ടി നേതാവ് എല്ലി ശ്ലെയ്ൻ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു. കൂടാതെ, വിദേശ കുടിയേറ്റക്കാർ കൂടുതലുള്ള പ്രദേശങ്ങളിൽ ഈ നിയമം പ്രായോഗികമായി നടപ്പിലാക്കുന്നത് എങ്ങനെയെന്ന ആശങ്ക സ്കൂൾ പ്രിൻസിപ്പന്മാരും അധ്യാപക സംഘടനകളും പങ്കുവെക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.