ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവതിയുടെ മകളെ ആശ്വസിപ്പിക്കുന്ന ബന്ധു
ഗസ്സ സിറ്റി: ഗസ്സയിലെ ഖാൻ യൂനിസിൽ വ്യാഴാഴ്ച പുലർച്ചെ ഇസ്രായേൽ നടത്തിയ രണ്ട് ആക്രമണങ്ങളിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. ഇതോടെ,12 മണിക്കൂറിനിടെ ഇസ്രായേൽ ആക്രമണങ്ങളിൽ മരിച്ചവർ 33 ആയി. ഒക്ടോബർ 10ന് വെടിനിർത്തൽ നിലവിൽ വന്നശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണിത്. ഗസ്സ വെടിനിർത്തലിന്റെ ഭാവി ഇതോടെ, പ്രതിസന്ധിയിലായിരിക്കുകയാണ്.
ബുധനാഴ്ച ഖാൻ യൂനിസിൽ ഇസ്രായേൽ സൈനികർക്കുനേരെ വെടിവെപ്പുണ്ടായെന്ന് ആരോപിച്ചാണ് ആക്രമണം നടത്തിയത്. അഞ്ച് സ്ത്രീകളും അഞ്ച് കുട്ടികളുമുൾപ്പെടെ 17 പേരുടെ മൃതദേഹങ്ങൾ എത്തിയതായി നാസർ ആശുപത്രി അധികൃതർ അറിയിച്ചു. ഗസ്സ സിറ്റിയിലുണ്ടായ ആക്രമണത്തിലാണ് 16 പേർ കൊല്ലപ്പെട്ടത്. ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിലുൾപ്പെടുന്നു. ഇസ്രായേൽ ആക്രമണത്തെ അപലപിച്ച ഹമാസ് ഇസ്രായേൽ സൈനികർക്കുനേരെ വെടിയുതിർത്തെന്ന ആരോപണം നിഷേധിച്ചു.
അതേസമയം, തെക്കൻ ലബനാനിലും ഇസ്രായേൽ വ്യോമാക്രമണം നടത്തി. ഹിസ്ബുല്ല കേന്ദ്രങ്ങളിലാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു. തെക്കൻ ലബനാനിൽ ശക്തി വീണ്ടെടുക്കാൻ ഹിസ്ബുല്ല ശ്രമിക്കുകയാണെന്നും ഇസ്രായേൽ ആരോപിച്ചു.
അതിനിടെ, ബെത്ലഹേമിന് സമീപം ഗഷ് എറ്റ്സിയോണിൽ ഇസ്രായേലി കുടിയേറ്റക്കാർ പുതിയ കോളനി സ്ഥാപിച്ചു. എറ്റ്സിയോൺ കൗൺസിൽ ചെയർമാൻ യാരോൺ റോസെന്തൽ നടപടിയെ സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.