ഗസ്സയിൽ സഹായം നൽകി മടങ്ങുകയായിരുന്ന വാഹനങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണമുണ്ടായെന്ന് യു.എൻ

വാഷിങ്ടൺ: ഗസ്സയിൽ സഹായം നൽകി മടങ്ങുകയായിരുന്ന വാഹനങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണമുണ്ടായെന്ന് യു.എൻ. ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. വാഹനവ്യൂഹത്തിന് നേരെ ഇസ്രായേൽ വെടിവെച്ചുവെന്നും ആർക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടില്ലെന്നും യു.എൻ ഏജൻസി അറിയിച്ചു.

വടക്കൻ ഗസ്സയിൽ സഹായമെത്തിച്ച് മടങ്ങുകയായിരുന്ന വാഹനങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ഇസ്രായേൽ ആർമി നിർദേശിച്ച വഴിയിലൂടെയാണ് വാഹനവ്യൂഹം സഞ്ചരിച്ചത്. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. എന്നാൽ, ഒരു വാഹനത്തിന് ചെറിയ കേടുപാട് സംഭവിച്ചുവെന്നും യു.എൻ ഏജൻസി കൂട്ടിച്ചേർത്തു.ഇതുമായി വ്യക്തമായ പ്രതികരണം നൽകാൻ ഇസ്രായേൽ തയാറായിട്ടില്ല. ഇക്കാര്യം പരിശോധിക്കുകയാണെന്നാണ് ഇസ്രായേൽ വ്യക്തമാക്കുന്നത്.

വ്യാഴാഴ്ച ഇസ്രായേൽ ആക്രമണങ്ങളിൽ 50ലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഗസ്സയിലെ മൊത്തം മരണം 21,320 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 55,603 പേർക്ക് പരിക്കുണ്ട്. ഹമാസിന് ധനസഹായം നൽകുന്നുവെന്നാരോപിച്ച് വെസ്റ്റ്ബാങ്കിലെ മണി എക്സ്ചേഞ്ച് കടകളിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രണ്ട് ഓഫിസർമാരും സൈനികരും കൊല്ലപ്പെട്ടതോടെ ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതുമുതൽ മരിച്ച ഇസ്രായേൽ സൈനികരുടെ എണ്ണം 501 ആയി. കരയുദ്ധം ആരംഭിച്ചതുമുതൽ 173 സൈനികരാണ് കൊല്ലപ്പെട്ടത്. 3000 സൈനികർക്ക് പരിക്കുണ്ട്.

ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കാൻ മൂന്നുഘട്ട കർമപദ്ധതി മുന്നോട്ടുവെച്ചതായി ഈജിപ്ത് അറിയിച്ചു. ഇരുകൂട്ടരുടെയും പരിഗണനക്കായി പദ്ധതി സമർപ്പിച്ചതായും മറുപടി കാക്കുകയാണെന്നും ഈജിപ്ത് സ്റ്റേറ്റ് ഇൻഫർമേഷൻ സർവിസ് മേധാവി ദിയാ റശ്‍വാൻ അറിയിച്ചതായി റോയിറ്റേഴ്സ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.

ഗസ്സയിലെ രക്തച്ചൊരിച്ചിൽ ഒഴിവാക്കി സമാധാനം പുനഃസ്ഥാപിക്കാൻ ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം ഉൾപ്പെടെ വിവിധഘട്ട വെടിനിർത്തലാണ് ഉദ്ദേശിക്കുന്നത്. കൂടുതൽ വിവരങ്ങൾ ചർച്ചകൾക്കുശേഷം മാത്രമേ പുറത്തുവിടൂവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Israeli army fired at aid convoy returning from Gaza: UN aid agency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.