ഹമാസിന്റെ പിന്തുണയിടിക്കാൻ തീവ്രശ്രമവുമായി ഇസ്രായേൽ

ഗസ്സ: ഫലസ്തീനികൾക്കിടയിൽ ഹമാസിന് പിന്തുണയേറുന്നതായി അഭിപ്രായ വോട്ടെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഹമാസിന്റെ പിന്തുണയിടിക്കാൻ തീവ്രശ്രമവുമായി ഇസ്രായേൽ.

ക്രൂരമായ ആക്രമണം നടത്തിയും ഭക്ഷണവും കുടിവെള്ളവും വിലക്കിയും ജനങ്ങളെ ബുദ്ധിമുട്ടിച്ചാൽ അവർ ഹമാസിനെതിരെ തിരിയുമെന്ന പ്രതീക്ഷ ഇസ്രായേലിനുണ്ടായിരുന്നു. ഹമാസ് നേതാവ് യഹ്‍യ സിൻവാറിനുവേണ്ടി മരിക്കാൻ നിൽക്കരുതെന്നും ഹമാസിനെ കീഴടക്കാൻ സഹായിച്ചാൽ ഗസ്സയെ സ്വർഗമാക്കിത്തരാമെന്നും ഗസ്സയിൽ ഇസ്രായേൽ സൈന്യം ആകാശത്തുനിന്ന് വിതറിയ ലഘുലേഖയിൽ പറഞ്ഞിരുന്നു. അതേസമയം, ഇത് ഏശുന്നില്ലെന്നാണ് സൂചന.

വടക്കൻ ഗസ്സയിൽനിന്ന് തെക്കോട്ടു പോയാൽ നിങ്ങൾ സുരക്ഷിതരാണെന്ന് പറഞ്ഞ് ആട്ടിപ്പായിച്ച ശേഷം തെക്കൻ ഗസ്സയിലും ബോംബാക്രമണം നടത്തിയ ഇസ്രായേലിനെ ഫലസ്തീനികൾക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. പലായനം ചെയ്യുന്നവർക്കുനേരെയും ആക്രമണമുണ്ടായി. യുദ്ധം പുരോഗമിക്കുമ്പോൾ ഫലസ്തീനികൾക്കിടയിൽ ഹമാസിന് പിന്തുണ വർധിക്കുന്നതായാണ് ഫലസ്തീനിയൻ സെന്റർ ഫോർ പോളിസി ആൻഡ് സർവേ റിസർച് നടത്തിയ സർവേ ഫലം സൂചിപ്പിക്കുന്നത്. നേരത്തേ ഹമാസിന് പിന്തുണ കുറവായിരുന്ന അധിനിവിഷ്ട വെസ്റ്റ് ബാങ്കിലാണ് പിന്തുണയിൽ വൻ കുതിപ്പുണ്ടായത്. വോട്ടെടുപ്പിൽ പങ്കെടുത്ത 44 ശതമാനം പേരും ഹമാസിനെ പിന്തുണച്ചു. സെപ്റ്റംബറിൽ 12 ശതമാനം മാത്രമായിരുന്നു പിന്തുണ.

ഗസ്സയിൽ മൂന്നുമാസം മുമ്പത്തെ 38 ശതമാനത്തിൽനിന്ന് 42 ശതമാനമായി പിന്തുണ ഉയർന്നു. വോട്ടെടുപ്പിൽ പങ്കെടുത്ത 90 ശതമാനം പേരും പാശ്ചാത്യ പിന്തുണയുള്ള ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിൽ നടത്തിയ മിന്നൽ ആക്രമണമാണ് തങ്ങളുടെ ദുരിതത്തിന് കാരണമെന്ന് ഭൂരിഭാഗം ഫലസ്തീനികളും കരുതുന്നില്ല. ഹമാസിന് സ്വാധീനമില്ലാത്ത വെസ്റ്റ് ബാങ്കിലും 500ലേറെ ഫലസ്തീനികളെ രണ്ടു വർഷത്തിനിടെ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഒക്ടോബർ ഏഴിനു മുമ്പുതന്നെ 6000ത്തിലേറെ ഫലസ്തീനികൾ ഇസ്രായേലിന്റെ തടവറയിലായിരുന്നു. അധിനിവേശത്തിലൂടെ തങ്ങളുടെ ഭൂമി കവരുന്ന ഇസ്രായേലിനെ ചെറുത്തുനിൽക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്നാണ് അവർ കരുതുന്നത്.

ഒ​റ്റു​കാ​ർ​ക്ക് കോടികൾ വാ​ഗ്ദാ​നം

ഗ​സ്സ: ഹ​മാ​സ് നേ​താ​ക്ക​ളെ പി​ടി​കൂ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന​വ​ർ​ക്ക് വ​ൻ വാ​ഗ്ദാ​ന​വു​മാ​യി ഇ​സ്രാ​യേ​ൽ. ഏ​റ്റ​വും പ്ര​മു​ഖ നേ​താ​വ് യ​ഹ്‍യ സി​ൻ​വാ​റി​ന് നാ​ലു ല​ക്ഷം ഡോ​ള​റാ​ണ് (ഏ​ക​ദേ​ശം 3.3 കോ​ടി രൂ​പ) വി​ല​യി​ട്ടി​രി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹോ​ദ​ര​ൻ മു​ഹ​മ്മ​ദ് സി​ൻ​വാ​റി​നെ കു​റി​ച്ച് വി​വ​രം ന​ൽ​കി​യാ​ൽ മൂ​ന്നു ല​ക്ഷം ഡോ​ള​റും റാ​ഫി​അ് സ​ലാ​മ​യെ കു​റി​ച്ച് വി​വ​രം ന​ൽ​കി​യാ​ൽ ര​ണ്ടു ല​ക്ഷം ഡോ​ള​റും അ​ൽ ഖ​സ്സാം ബ്രി​ഗേ​ഡ് ത​ല​വ​ൻ മു​ഹ​മ്മ​ദ് ദൈ​ഫി​നെ കു​റി​ച്ച് വി​വ​രം ന​ൽ​കി​യാ​ൽ ഒ​രു ല​ക്ഷം ഡോ​ള​റു​മാ​ണ് വാ​ഗ്ദാ​നം. ഗ​സ്സ​യി​ൽ ഹ​മാ​സി​ന്റെ ശ​ക്തി​യും സ്വാ​ധീ​ന​വും അ​വ​സാ​നി​ച്ചി​രി​ക്കു​ന്നു​വെ​ന്നും നി​ങ്ങ​ളു​ടെ ന​ല്ല ഭാ​വി​ക്കു​വേ​ണ്ടി ചി​ല വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്നും അ​റ​ബി ല​ഘു​ലേ​ഖ​യി​ൽ ആ​മു​ഖ​മാ​യി പ​റ​ഞ്ഞാ​ണ് ഒ​റ്റി​ക്കൊ​ടു​ക്കു​ന്ന​വ​ർ​ക്ക് പാ​രി​തോ​ഷി​കം വാ​ഗ്ദാ​നം ചെ​യ്ത​ത്. അ​വ​രു​ടെ പേ​രു​വി​വ​രം പു​റ​ത്തു​വി​ടി​ല്ലെ​ന്നും പ​റ​യു​ന്നു.


Tags:    
News Summary - israel try to defame hamas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.