ഇസ്രായേൽ ഫ്ലൈദുബൈ വിമാനം വെടിവെച്ചിടാൻ തയ്യാറെടുത്തു; സൗദിയും യുദ്ധവിമാനങ്ങൾ സജ്ജമാക്കിയെന്ന് റിപ്പോർട്ട്

തെൽഅവീവ്: പൈലറ്റിനെ സഹപൈലറ്റ് ആക്രമിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട് അടിയന്തരമായി താഴേക്ക് പതിച്ച ഫ്ലൈദുബൈ വിമാനം വെടിവെച്ചിടാൻ ഇസ്രായേൽ സൈന്യം തയ്യാറായിരുന്നെന്ന് റിപ്പോർട്ട്. യാത്രക്കാരുമായി പറന്നിരുന്ന ഫ്ലൈദുബൈ വിമാനത്തെ ലക്ഷ്യമിട്ട് ഇസ്രായേൽ വ്യോമസേന യുദ്ധവിമാനങ്ങൾ സജ്ജമാക്കിയിരുന്നുവെന്നാണ് സി.ബി.എസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒമാൻ സ്വദേശിയെന്ന് പറയപ്പെടുന്ന സഹപൈലറ്റ് വിമാനത്തിന്റെ ക്യാപ്റ്റനെ ആക്രമിച്ചതിനെ തുടർന്നാണ് വിമാനത്തിൽ ഗുരുതര സാഹചര്യമുണ്ടായത്. വിമാനം പെട്ടെന്ന് താഴേക്ക് പതിച്ചതിന് പിന്നാലെ, 9/11 പോലുള്ള ആക്രമണസാഹചര്യങ്ങൾ നേരിടുന്നതിനുള്ള പ്രോട്ടോക്കോൾ പ്രകാരം ഇസ്രായേൽ വ്യോമസേന കോക്പിറ്റുമായി ബന്ധപ്പെടാൻ ശ്രമിച്ചു. എന്നാൽ പ്രതികരണം ലഭിച്ചില്ലെന്നാണ് ഇസ്രായേൽ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്.

തുടർന്ന് നേരത്തെ രൂപവത്കരിച്ചിരുന്ന പ്രത്യേക സമിതി അടിയന്തരമായി യോഗം ചേരുകയും കമാൻഡ് സെന്റർ പ്രവർത്തനസജ്ജമാക്കുകയും യുദ്ധവിമാനങ്ങൾ പറന്നുയരാൻ തയ്യാറാക്കുകയും ചെയ്തു. ഇതിനിടെ ഇസ്രായേൽ വ്യോമപരിധിയും അടച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.

എന്നാൽ വിമാനം സൗദി അറേബ്യയിലേക്ക് തിരിഞ്ഞതായി വ്യക്തമായതോടെ ഇസ്രായേൽ യുദ്ധവിമാനങ്ങളെ തിരിച്ചുവിളിക്കുകയായിരുന്നു. വിമാനത്തിന്റെ അടിയന്തര ലാൻഡിങിനായി സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കിയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

വിമാനം ഇസ്രായേലിന് സമീപത്തേക്ക് കൂടുതൽ നീങ്ങിയിരുന്നെങ്കിൽ, സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി ജോർഡന്റെ വ്യോമപരിധിയിലേക്ക് ഇസ്രായേൽ യുദ്ധവിമാനങ്ങൾ പ്രവേശിപ്പിക്കുമായിരുന്നു. ആദ്യം കോക്പിറ്റിനോട് പരമാവധി അടുത്തെത്തി സ്ഥിതിഗതികൾ വിലയിരുത്താനും തുടർന്ന് യാത്രക്കാരുടെ കാബിനിൽ പരിഭ്രാന്തിയോ മറ്റേതെങ്കിലും അസാധാരണ സാഹചര്യമോ ഉണ്ടോയെന്ന് പരിശോധിക്കാനുമായിരുന്നു പദ്ധതി.

വിമാനം ഹൈജാക്ക് ചെയ്യപ്പെട്ടതാണെന്നും കോക്പിറ്റിൽനിന്ന് യാതൊരു പ്രതികരണവും ലഭിക്കുന്നില്ലെന്നും സ്ഥിരീകരിച്ചിരുന്നെങ്കിൽ, വ്യോമസേനയുടെ റിപ്പോർട്ട് പ്രത്യേക സമിതി വഴി പ്രതിരോധ മന്ത്രിയിലേക്കും പ്രധാനമന്ത്രിയിലേക്കും കൈമാറുമായിരുന്നു.

വിമാനം ഇസ്രായേലിലെത്തുകയും ബെൻ ഗുറിയോൺ വിമാനത്താവളം, തെൽ അവീവിലെ അസ്രിയേലി സെന്റർ തുടങ്ങിയ ഉയർന്ന സുരക്ഷാ പ്രാധാന്യമുള്ള കേന്ദ്രങ്ങളിലേക്കോ മറ്റേതെങ്കിലും പ്രധാന ലക്ഷ്യത്തിലേക്കോ ഇടിച്ചുകയറാനുള്ള സാധ്യതയുണ്ടാകുകയും ചെയ്താൽ, വിമാനം വെടിവെച്ചിടാനുള്ള അന്തിമ തീരുമാനം പ്രധാനമന്ത്രിയുടേതായിരിക്കുമെന്നാണ് സി.ബി.എസ് ന്യൂസ് ഉദ്ധരിച്ച ഇസ്രായേൽ വൃത്തങ്ങൾ വ്യക്തമാക്കി.

Tags:    
News Summary - Israel Prepared to Shoot Down FlyDubai Flight; Saudi Also Scrambled Jets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.