ഗസ്സ കൂട്ടക്കുരുതി: പതാകകളും ചിഹ്നങ്ങളും പ്രദർശിപ്പിച്ചാൽ നടപടിയെടുക്കുമെന്ന് സിംഗപ്പൂർ

സിംഗപ്പൂർ: ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുന്നതിനിടെ, ഐക്യദാർഢ്യത്തിന് വിലക്കേർപ്പെടുത്തി സിംഗപ്പൂർ. യുദ്ധവുമായി ബന്ധപ്പെട്ട വിദേശ രാഷ്ട്രങ്ങളുടെ ചിഹ്നങ്ങൾ പ്രദർശിപ്പിക്കരുതെന്നും ധനസമാഹരണ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ ജാഗ്രത പാലിക്കണമെന്നും സിംഗപ്പൂർ സർക്കാർ മുന്നറിയിപ്പ് നൽകി. ഇസ്രായേൽ-ഹമാസ് ഏറ്റുമുട്ടൽ വൈകാരിക പ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിലക്കേർപ്പെടുത്തിയത്.

വിദേശ ചിഹ്നങ്ങളുള്ള പതാകകളും വസ്ത്രങ്ങളും വസ്തുക്കളും ഓൺലൈനിൽ വിൽക്കുകയോ ധരിക്കുകയോ പ്രദർശിപ്പിക്കുകയോ ചെയ്യരുത്. ഇത്തരം വസ്തുക്കൾ പ്രദർശിപ്പിക്കുകയോ ധരിക്കുകയോ ചെയ്യുന്നവർക്കെതിരെ സിംഗപ്പൂരിലേക്കുള്ള പ്രവേശനം നിഷേധിക്കുന്നത് ഉൾപ്പെടെ കർശനമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിംഗപ്പൂരിൽ ജോലി ചെയ്യുന്നവരോ താമസിക്കുന്നവരോ ആയ വിദേശികൾ തങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി രാജ്യത്തെ വേദിയാക്കരുതെന്ന് കഴിഞ്ഞദിവസം അറിയിപ്പ് നൽകിയിരുന്നു.

അനുമതിയില്ലാതെ വിദേശ ചിഹ്നങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് ആറുമാസം വരെ തടവോ 500 സിംഗപ്പൂർ ഡോളർ (30,750 ഇന്ത്യൻ രൂപ) പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണെന്നും പ്രസ്താവനയിൽ പറഞ്ഞു. "ഹമാസിനെയോ അല്ലെങ്കിൽ അതിന്റെ സൈനിക വിഭാഗമായ അൽ-ഖസ്സാം ബ്രിഗേഡ്‌സി​നെയോ പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ ലോഗോ ഉള്ള വസ്ത്രങ്ങളോ സാമഗ്രികളോ പ്രദർശിപ്പിച്ച് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നത് അനുവദിക്കില്ല" -ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

വിദേശ രാജ്യങ്ങളി​ലുള്ളവർക്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ധനസമാഹരണ പ്രവർത്തനങ്ങൾക്ക് കമ്മീഷണറുടെ അനുമതി ആവശ്യമാണെന്ന് ചാരിറ്റീസ് കമ്മീഷണറുടെ ഓഫിസ് അറിയിച്ചു. ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട ധനസമാഹരണ ശ്രമങ്ങൾക്ക് സിംഗപ്പൂർ റെഡ് ക്രോസ് സൊസൈറ്റിയും റഹ്മത്തൻ ലിൽ അലമീൻ ഫൗണ്ടേഷനും നിലവിൽ അനുമതിയുള്ളതായി അറിയിപ്പിൽ പറഞ്ഞു. "ആരാണ് ഗുണഭോക്താവ്, നൽകുന സംഭാവന എന്തിനുവേണ്ടി ഉപയോഗിക്കുന്നു, ഫണ്ടുപയോഗത്തെക്കുറിച്ചുള്ള വിവരങ്ങൾ ദാതാക്കൾക്ക് എങ്ങനെ ലഭിക്കും എന്നിങ്ങനെയുള്ള അടിസ്ഥാന ചോദ്യങ്ങൾ ധനസമാഹരണം നടത്തുന്ന​വരോട് അന്വേഷിക്കണം’ -പ്രസ്താവനയിൽ പറഞ്ഞു.

Tags:    
News Summary - Israel Palestine Conflict: Singapore warns against display of emblems related to Israel-Hamas war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.