ചോരക്കളമായി അൽ അഹ്‍ലി ആശുപത്രി; ചിന്നിച്ചിതറിയ മൃതദേഹങ്ങൾ, മുറിവേറ്റ് കുഞ്ഞുങ്ങൾ

ഗസ്സ സിറ്റി: ഇസ്രായേൽ ആക്രമണത്തിൽ 500ലേറെ കൊല്ലപ്പെട്ട ഗസ്സയിലെ അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽനിന്ന് പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാഴ്ചകൾ. ചിന്നിച്ചിതറിയ മൃതദേഹങ്ങളും പരിക്കേറ്റവരെയും ഇരുട്ടിലാണ് സ്ട്രെച്ചറുകളിൽ ദുരന്തസ്ഥലത്തുനിന്ന് മാറ്റിയത്. ആശുപത്രിക്കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ മൃതദേഹങ്ങളും തകർന്ന വാഹനങ്ങളും കാണാമായിരുന്നു.

സംഭവസ്ഥലത്ത് വൻ സ്ഫോടനമുണ്ടാകുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. കൂടുതൽ സുരക്ഷിതമെന്ന് കരുതി ആശുപത്രിയിൽ അഭയം തേടിയവരാണ് കൊല്ലപ്പെട്ടതെന്ന് ഗസ്സയിലെ ഡോക്ടറായ സിയാദ് ഷെഹാദ പറഞ്ഞു. അങ്ങേയറ്റം ഭയാനകമായ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത്. ഒരു മിനിറ്റുകൊണ്ട് എല്ലാവരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കടക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇസ്രായേലിന്റെ അന്ത്യശാസനത്തെത്തുടർന്ന് വടക്കൻ ഗസ്സയിൽനിന്ന് ഒഴിഞ്ഞുപോയവരാണ് ആശുപത്രിയിൽ ഉണ്ടായിരുന്നതെന്ന് ഫലസ്തീനിയൻ റെഡ്ക്രസന്റ് പ്രതിനിധി നെബാൽ ഫർസാഖ് പറഞ്ഞു. തെക്കൻ ഗസ്സയിലേക്ക് പോകാൻ കഴിയാതിരുന്നവരാണ് ഇവർ.

അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിനു നേരെയുണ്ടായ ഇസ്രായേൽ ആക്രമണം 2008നു ശേഷമുണ്ടായ അഞ്ചു യുദ്ധങ്ങളിലെ ഏറ്റവും വലിയ ആക്രമണമാണെന്ന് ഫലസ്തീൻ സിവിൽ ഡിഫൻസ് പറഞ്ഞു. തങ്ങളുടെ ചരിത്രത്തിൽ കേട്ടിട്ടില്ലാത്ത ക്രൂരതയാണ് അരങ്ങേറിയത്. കഴിഞ്ഞ യുദ്ധങ്ങളിലും കഴിഞ്ഞ ദിവസങ്ങളിലും നിരവധി ദുരന്തങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ രാത്രിയുണ്ടായത് വംശഹത്യയാണെന്ന് സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബാസൽ പറഞ്ഞു.


ഹോസ്പിറ്റലിനു നേരെയുണ്ടായ ആക്രമണത്തിൽ അനുശോചിച്ച് ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച വെസ്റ്റ് ബാങ്കിൽ പണിമുടക്ക് നടത്താൻ വിവിധ സംഘടനകൾ ആഹ്വാനം ചെയ്തു. അതേസമയം, അൽ അഹ്‍ലി ഹോസ്പിറ്റലിലെ ആക്രമണത്തെക്കുറിച്ചും മരണത്തെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയില്ലെന്ന് ഇസ്രായേൽ സൈനിക വക്താവ് ഡാനിയൽ ഹഗാറി പറഞ്ഞു.

Tags:    
News Summary - Israel Palestine Conflict: deadly strike on a Gaza al ahli arab hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.