ഗസ്സ തിരയുന്നു: ആ 1,400 കുഞ്ഞുങ്ങൾ എവിടെ?

ഗസ്സ സിറ്റി: ഗസ്സയിലെ 4412 കുട്ടികളുടെ ജീവനെടുത്ത ഇസ്രായേൽ, ഇതുവരെ ആ മുനമ്പിൽ 10,818 പേരെ കൊലപ്പെടുത്തി. കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി ഗസ്സ മാറിയെന്നാണ് യു.എൻ മേധാവി അ​ന്റോണിയോ ഗുട്ടെറസ് കഴിഞ്ഞ ദിവസം പരിതപിച്ചത്. ഇസ്രായേൽ കഴുകൻമാർ ബോംബിട്ട് ഛിന്നഭിന്നമാക്കിയ കുഞ്ഞിളംപൈതങ്ങളെ, നെറ്റിയിൽ അന്ത്യചുംബനം പോലും നൽകാനാവാതെയാണ് അമ്മമാർ യാത്രയാക്കിയത്.

അതിനിടെയാണ് യു.എൻ പുറത്തുവിട്ട മറ്റൊരു ഞെട്ടിക്കുന്ന കണക്ക് ഏവരുടെയും ഹൃദയം പിളർക്കുന്നത്. ഗസ്സയിലെ 1400 കുഞ്ഞുങ്ങൾ ഉൾപ്പെടെ 2,650ഓളം പേരെ കാണാനില്ല എന്നതാണ് ആ ദുഃഖ വാർത്ത. ഇസ്രായേൽ കൽക്കൂമ്പാരമാക്കി മാറ്റിയ തങ്ങളുടെ വീടുകളുടെ അവശിഷ്ടങ്ങൾക്കടിയിൽ എവിടെയോ അവർ രക്ഷാകരങ്ങളെയും കാത്തുകിടക്കുകയാവാം... നരവേട്ട 34 നാൾ പിന്നിടുമ്പോൾ ചിലപ്പോൾ രക്ഷകരെ കാത്തുകാത്ത് കിടന്ന അവരിൽ ചിലർ അവിടെ തന്നെ അന്ത്യശ്വാസവും വലിച്ചിരിക്കാം... വടക്കൻ ഗസ്സയിൽ നിന്ന് തെക്കൻ ഗസ്സയിലേക്കുള്ള കൂട്ടപ്പലായനത്തിനിടെ ചിലപ്പോൾ കൈവിട്ടുപോയിരിക്കാം... ഈ കുഞ്ഞുമക്കളെയും ഉറ്റവരെയും തേടി അലയുകയാണ് അഭയാർഥി ക്യാമ്പുകളിൽ കഴിയുന്ന മാതാപിതാക്കളും സഹോദരങ്ങളും.

കൊല്ലപ്പെട്ട 10,818 പേരിൽ 68 ശതമാനവും കുട്ടികളും സ്ത്രീകളുമാണെന്ന് യു.എൻ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഗസ്സ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കകനുസരിച്ച് ഒക്ടോബർ 7 മുതൽ കുറഞ്ഞത് 192 മെഡിക്കൽ സ്റ്റാഫുകളെങ്കിലും കൊല്ലപ്പെട്ടു. 16 പേർ ഡ്യൂട്ടിക്കിടയിലാണ് കൊല്ലപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യുഎൻആർഡബ്ല്യുഎയുടെ 99 ജീവനക്കാരും 18 പലസ്തീൻ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ ഗസ്സയിൽ രണ്ട് ഇസ്രായേൽ സൈനികർ ​കൊല്ലപ്പെട്ടതായി ഇസ്രായേൽ അറിയിച്ചു. കരയാക്രമണം തുടങ്ങിയ ശേഷം കുറഞ്ഞത് 35 സൈനികർ മരിച്ചുവെന്ന് ഇസ്രായേൽ വൃത്തങ്ങൾ സ്ഥിരീകരിച്ചു. 

Tags:    
News Summary - Israel Palestine Conflict: 1,400 children reported missing in gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.