ഗസ്സ സിറ്റിയിൽ ഇസ്രായേൽ ബോംബിങ്ങിൽനിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ഫലസ്തീനി മാധ്യമപ്രവർത്തക മറം ഹുമൈദ എഴുതുന്നു....
ഇസ്രായേൽ ബോംബിങ് തുടങ്ങിയതിന്റെ മൂന്നാം രാത്രിയിൽ ഞങ്ങളെല്ലാം തറവാട്ടിലേക്ക് മാറി. എന്റെ തീരെ ചെറിയ കുഞ്ഞ്, സഹോദരിമാർ, സഹോദരന്മാർ, മരുമക്കൾ, മാതാപിതാക്കൾ എന്നിവർക്കൊപ്പമാണ് ഞാൻ. ഇസ്രായേൽ മിസൈൽ വീണ് ഞങ്ങളുടെ വീട് തകർന്നതോടെയാണ് തറവാട്ടിലേക്ക് വന്നത്. ഭർത്താവും മകളും നാത്തൂന്റെ വീട്ടിലാണ്.
വൈദ്യുതി റദ്ദാക്കിയതിനാൽ വെളിച്ചമില്ല. പുറത്ത് ഞങ്ങളുടെ നഗരം തകർന്നുമണ്ണാകുന്നതിന്റെയും ഞങ്ങളുടെ ജനം ആ മണ്ണിലേക്ക് അടിയുന്നതിന്റെയും ശബ്ദം കേട്ടുകൊണ്ടാണ് ഇരിപ്പ്. അടുത്തും അകലെയുമായി ശബ്ദമിങ്ങനെ ഉയരുന്നു. മനസ്സിൽ ഭയവും വെച്ച് കുട്ടികളുടെ കൂടെ നിന്നും അവർക്കൊപ്പം വരച്ചും കളിച്ചും ഏറെ നേരം കഴിഞ്ഞു. കേൾക്കുന്ന ശബ്ദങ്ങൾ വെടിക്കെട്ടാണെന്ന എന്റെ വാക്കുകൾ ആ കുഞ്ഞുങ്ങൾ വിശ്വസിച്ചിട്ടില്ല എന്നെനിക്കുറപ്പ്. ഓരോ ശബ്ദം കേൾക്കുമ്പോഴും എന്റെ കുഞ്ഞ് എഴുന്നേറ്റ് കരയും. കണ്ണടച്ച് അര മണിക്കൂറിനുള്ളിൽ ഭയാനക ശബ്ദത്തിൽ ഞെട്ടിയുണർന്നു. എന്തുചെയ്യണമെന്ന് ചിന്തിക്കുകപോലും ചെയ്യാതെ കുഞ്ഞിനെയുമെടുത്ത് പുറത്തേക്ക് പാഞ്ഞു. മറ്റുള്ളവരും അങ്ങനെതന്നെ ചെയ്തു. നിമിഷങ്ങൾക്കകം ഞങ്ങൾക്കു ചുറ്റും പുകയും പൊടിയും വെടിമരുന്നിന്റെ ഗന്ധവും പരന്നു. ഒന്നും കാണാനാകുന്നില്ല. അയൽക്കാർ എന്തോ കരഞ്ഞു വിളിക്കുന്നുണ്ട്. കണ്ണിൽ പുകയും പൊടിയും ഒപ്പം ഭീതിയും കയറി ഇരുട്ടുപടർന്നു. വീടിനു തൊട്ടുള്ള നാലു നില പാർപ്പിടസമുച്ചയത്തിലാണ് ഇസ്രായേൽ സേന മിസൈൽ ഇട്ടത്. അവിടെനിന്നുള്ളവരാണ് അലറിവിളിച്ച് പുറത്തേക്കോടിയത്.
പൊലീസ് ഞങ്ങളോട് അകത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. അതൊരു മുന്നറിയിപ്പ് മിസൈലാണോ യഥാർഥ ആക്രമണമായിരുന്നോ എന്ന് അവർക്കും അറിയില്ല. മുന്നറിയിപ്പ് മിസൈൽ ആണെങ്കിൽ 15 മിനിറ്റിനകം യഥാർഥ ആക്രമണം വരും. ഞങ്ങൾ വീടിന്റെ താഴെ നിലയിൽ എന്തുചെയ്യണമെന്നറിയാതെ കൂടിയിരുന്നു. ഞരമ്പുകൾ വലിഞ്ഞുമുറുകുന്നു. ദേഹം വിറക്കുന്നു, ചിലർ കണ്ണീർ പൊഴിക്കുന്നു... ഇനിയൊരു മിസൈൽ വരുമോ. പേടിമാത്രം കണ്ണിലുള്ള കുട്ടികളുടെ നോട്ടം നേരിടാനാകാതെ കണ്ണു താഴ്ത്തിയിരുന്നു. ബോംബിങ്ങിന്റെ ശബ്ദം കേട്ട് കേട്ട് ഒരു പുലരിയിലേക്കുകൂടി ഞങ്ങൾ ഉറങ്ങാതെ എണീറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.