അൽ ശിഫ ആശുപത്രിക്കടിയിലെ ഭൂഗർഭ അറയിലേക്കുള്ള പ്രവേശന കവാടമെന്ന് അവകാശപ്പെട്ട് ഇസ്രായേൽ സേന പുറത്തുവിട്ട ചിത്രം
ഗസ്സ: അൽശിഫ ആശുപത്രിക്കടിയിൽ ഹമാസിന്റെ ഭൂഗർഭ അറ കണ്ടെത്തിയെന്ന അവകാശവാദവുമായി വീണ്ടും ഇസ്രായേൽ സേന. ആശുപത്രി വളപ്പിനകത്ത് നിർത്തിയിട്ടിരുന്ന പിക്അപ് ട്രക്ക് തകർത്തപ്പോൾ ഭൂഗർഭ അറയിലേക്കുള്ള പ്രവേശന കവാടം കണ്ടെത്തിയതായും റോബോട്ടുകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയതായും അവകാശപ്പെട്ട് സേന വിഡിയോ പുറത്തുവിട്ടു. 10 മീറ്റർ നീളമുള്ള ചവിട്ടുപടികൾ ഇറങ്ങിച്ചെല്ലുമ്പോൾ 55 മീറ്റർ നീളമുള്ള തുരങ്കം കണ്ടെത്തിയെന്നും ഇവിടെ ആയുധങ്ങൾ സൂക്ഷിച്ചിട്ടുണ്ടെന്നും വിഡിയോയിൽ പറയുന്നു. ആശുപത്രിക്കടിയിൽ സൈനികകേന്ദ്രമുണ്ടെന്ന ആരോപണം നേരത്തേ ഗസ്സ ആരോഗ്യ മന്ത്രാലയവും ഹമാസും നിഷേധിച്ചിരുന്നു.
ഹമാസിന് സഹായം നൽകിയെന്നാരോപിച്ച് അൽശിഫ ഡയറക്ടർ ജനറൽ ഡോ. മുഹമ്മദ് അബൂസാൽമിയയെയും ജീവനക്കാരെയും അറസ്റ്റ് ചെയ്ത സേന ഇവരെ ചോദ്യംചെയ്യാൻ ഷിൻബിതിലെ സൈനികകേന്ദ്രത്തിലേക്കു മാറ്റി. ആശുപത്രിയിലെ വൈദ്യുതി കണക്ഷൻ ഹമാസ് താവളത്തിന് നൽകിയെന്നും ആയുധങ്ങൾ സംഭരിച്ചുവെക്കാൻ സഹായിച്ചുവെന്നുമാണ് ഇദ്ദേഹത്തിനെതിരായ കുറ്റാരോപണം. ഒക്ടോബർ ഏഴ് ആക്രമണത്തിനുശേഷം ബന്ദികളെ ആശുപത്രിയിൽ തടവിൽ പാർപ്പിച്ചുവെന്നും ആരോപണമുണ്ട്.
അബൂസാൽമിയയുടെ അറസ്റ്റിനെ ഹമാസ് അപലപിച്ചു. അദ്ദേഹത്തിന്റെ മോചനത്തിന് റെഡ്ക്രോസും മറ്റ് അന്താരാഷ്ട്ര സംഘടനകളും ഇടപെടണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയും ലോകാരോഗ്യ സംഘടനയും മോചനത്തിനായി ഇടപെടണമെന്ന് ഗസ്സ ആരോഗ്യമന്ത്രാലയ വക്താവ് ഡോ. അശ്റഫ് അൽ ഖുദ്റ ആവശ്യപ്പെട്ടു. അതേസമയം, അൽശിഫക്കടിയിലെ ഭൂഗർഭ അറ പതിറ്റാണ്ടുകൾക്കുമുമ്പ് ഇസ്രായേൽ നിർമിച്ചതാണെന്ന വെളിപ്പെടുത്തൽ നടത്തിയ മുൻ പ്രധാനമന്ത്രി യഹൂദ് ബറാകിനെതിരെ പ്രതിഷേധം ശക്തമായി. രാജ്യദ്രോഹക്കുറ്റത്തിന് ബറാകിനെ വിചാരണ ചെയ്യണമെന്നും പൗരത്വം റദ്ദാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. സി.എൻ.എൻ ചാനലുമായുള്ള അഭിമുഖത്തിലാണ് ബറാക് വിവാദ പരാമർശം നടത്തിയത്.
‘‘1967ൽ ഈജിപ്തിന്റെ നിയന്ത്രണത്തിൽനിന്നാണ് ഗസ്സ ഇസ്രായേൽ പിടിച്ചടക്കുന്നത്. പിന്നീട് 2005 വരെ തങ്ങളുടെ പൂർണ നിയന്ത്രണത്തിലായിരുന്നു പ്രവിശ്യ. അവിടെയുണ്ടായിരുന്ന കുടിയേറ്റക്കാരെയും സൈനികരെയും പിൻവലിച്ചശേഷം ഗസ്സ ഹമാസ് നിയന്ത്രണത്തിലായി. നാലോ അഞ്ചോ പതിറ്റാണ്ടുകൾ മുമ്പാണ് ഞങ്ങൾ സഹായിച്ച് ഈ ബങ്കറുകൾ നിർമിക്കുന്നത്. ആശുപത്രി പ്രവർത്തനത്തിന് കൂടുതൽ ഇടംനൽകലായിരുന്നു ലക്ഷ്യം’’ -ബറാക് അഭിമുഖത്തിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.