‘ഇറാനെ ഒറ്റക്ക് ആക്രമിക്കാൻ ഇസ്രായേൽ ഭയക്കുന്നു’; വെളിപ്പെടുത്തലുമായി മുൻ യു.എസ് ആർമി കേണൽ

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധത്തിലേക്ക് അമേരിക്കയെ വലിച്ചിഴക്കാനുള്ള ഇസ്രായേലി​​ന്റെ തീരുമാനത്തിൽ വെളിപ്പെടുത്തലുമായി വിരമിച്ച യു.എസ് ആർമി കേണൽ ലോറൻസ് വിൽക്കർസൺ. ഇറാനെ ഒറ്റക്ക് ആക്രമിച്ചാൽ തങ്ങൾ നശിപ്പിക്കപ്പെടുമെന്ന് ഇസ്രായേലിന് നന്നായി അറിയാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇറാൻ സംയമനം പാലിക്കുകയും സിവിലിയൻ സ്ഥലങ്ങൾ ലക്ഷ്യം വെക്കുന്നത് ഒഴിവാക്കുകയും ചെയ്തതിനാലാണ് ഇറാനിയൻ മിസൈൽ ആക്രമണങ്ങൾ മൂലമുണ്ടായ മരണസംഖ്യ കുറവായതെന്നും വിൽക്കർസൺ കൂട്ടിച്ചേർത്തു.

മുൻ യു.എസ് സ്റ്റേറ്റ് സെക്രട്ടറി കോളിൻ പവലിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന വിൽക്കർസൺ, അമേരിക്കൻ രാഷ്ട്രീയ നിരൂപകനും ജനകീയനുമായ ജാക്സൺ ഹിങ്കലുമായി ‘ലെജിറ്റിമേറ്റ് ടാർഗെറ്റ്സ്’ എന്ന ടെലിവിഷൻ ​ഷോയിൽ സംസാരിക്കുന്നതിനിടെയാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്. ഈ വർഷം ജൂണിൽ നടന്ന 12 ദിന ഇസ്രായേൽ-ഇറാൻ  യുദ്ധത്തെക്കുറിച്ച് വിരമിച്ച ജനറൽ പരാമർശിക്കുകയുണ്ടായി.

ഇറാനിയൻ മിസൈലുകളുടെ ശക്തിയെക്കുറിച്ച് ഇസ്രായേൽ മനസ്സിലാക്കിയിട്ടുണ്ടെന്നും അവ മിക്കവാറും തദ്ദേശീയമായി നിർമിച്ചവയാണെന്നും ജൂൺ 23ന് പ്രഖ്യാപിച്ച വെടിനിർത്തലിന് പിന്നിലെ ഒരു കാരണമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇസ്രായേലിന്റെ പ്രകോപനപരമായ ചില മിസൈലുകൾ ഇന്ന് ഇറാനികളുടെ കൈവശമുണ്ട്. വ്യോമ പ്രതിരോധ സംവിധാനമോ, താഡ്, പാട്രിയറ്റ്, അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ ഇല്ലാതെ ഇസ്രായേലികൾക്ക് വെടിവെച്ചു വീഴ്ത്താൻ കഴിയാത്ത മിസൈലുകളാണിവ’ എന്നും അദ്ദേഹം  പറഞ്ഞു. 

ഇസ്രായേലിന്റെ അഭ്യർഥനയെത്തുടർന്ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് രണ്ട് ദിവസം മുമ്പ് ജൂൺ 22ന് മൂന്ന് പ്രധാന ഇറാനിയൻ ആണവ കേന്ദ്രങ്ങൾ ബോംബ് വർഷിച്ചാണ് യു.എസ് ആ സംഘർഷത്തിലേക്ക് പ്രവേശിച്ചത്. ഇസ്രായേലിനുള്ളിലെ ലക്ഷ്യങ്ങളിൽ മിസൈൽ ആക്രമണം നടത്തിക്കൊണ്ടും ഖത്തറിലെ ഒരു അമേരിക്കൻ വ്യോമതാവളം ആക്രമിച്ചുകൊണ്ടും സ്വന്തം മണ്ണിൽ നടത്തിയ ആക്രമണങ്ങൾക്ക് ഇറാൻ കനത്ത മറുപടി നൽകി.

ഇറാനെ വീണ്ടും ആക്രമിക്കാൻ തീരുമാനിച്ചാൽ ബിന്യമിൻ നെതന്യാഹു അമേരിക്കയെ ഇതിലേക്ക് ഉൾപ്പെടുത്തുമെന്നും വിരമിച്ച ജനറൽ പറഞ്ഞു. താൻ നേടാൻ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങൾ കൈവരിക്കാൻ അമേരിക്കയെ കൊണ്ടുവരിക എന്നതാണ് ഏക മാർഗമെന്ന് നെതന്യാഹുവിന് പൂർണമായി അറിയാം. യു.എസ് മടിക്കുന്നുണ്ടെങ്കിലും, ഇറാനെ ആക്രമിക്കാൻ ഒറ്റക്ക് പ്രവർത്തിച്ചാൽ ഇസ്രായേൽ നശിപ്പിക്കപ്പെടും എന്നതിനാൽ നെതന്യാഹുവിനെ അവർ സഹായിക്കുമെന്നും വിൽക്കേഴ്‌സൺ കൂട്ടിച്ചേർത്തു.

ഇറാനുമായി വീണ്ടും യുദ്ധം ചെയ്യാൻ തോന്നുകയാണെങ്കിൽ, അപകടത്തിലാകുമ്പോൾ യു.എസ് മനസ്സില്ലാമനസ്സോടെയെങ്കിലും തന്റെ പിന്നിൽ വരുമെന്ന് നെതന്യാഹു കരുതുന്നുവെങ്കിൽ അദ്ദേഹം അങ്ങനെ ചെയ്യും. കാരണം ഇറാനെ ഒറ്റക്ക് ആക്രമിച്ചാൽ ഇസ്രായേൽ പരാജയപ്പെടും - വിൽക്കേഴ്‌സൺ ആവർത്തിച്ചു.

Tags:    
News Summary - 'Israel is afraid to attack Iran alone'; Former US Army Colonel reveals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.