ഗസ്സയിൽ ശാശ്വതമായ വെടിനിർത്തൽ വേണമെന്ന് യു.കെയും ജർമ്മനിയും

ലണ്ടൻ: ഗസ്സയിൽ ശാശ്വതമായ വെടിനിർത്തൽ വേണമെന്ന് യു.കെയും ജർമനിയും. യു.കെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറോണാണ് ശാശ്വതമായ വെടിനിർത്തൽ എന്ന ആവശ്യം ഉന്നയിച്ചത്. ഇസ്രായേൽ ആക്രമണങ്ങളിൽ ഗസ്സയിൽ കൂടുതൽ പേർ കൊല്ലപ്പെടുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജർമൻ വിദേശകാര്യമന്ത്രി അന്നലേന ബാർബോക്കുമായി ചേർന്ന് ഇതുസംബന്ധിച്ച് സംയുക്ത പ്രസ്താവനയും യു.കെ പുറപ്പെടുവിച്ചിട്ടുണ്ട്. ഒരു ദിവസത്തേക്ക് യുദ്ധം അവസാനിപ്പിക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. ദിവസങ്ങളും വർഷങ്ങളും തലമുറകൾക്കിടയിലും സമാധാനം ഉണ്ടാവണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. അതുകൊണ്ടാണ് ശാശ്വതമായ വെടിനിർത്തൽ വേണമെന്ന് തങ്ങൾ ആവശ്യപ്പെടുന്നതെന്നും ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവനയിൽ പറയുന്നു.

അടിയന്തരമായ വെടിനിർത്തലാണ് പലരും ആവശ്യപ്പെടുന്നത്. അവരെ കൊണ്ട് അങ്ങനെ പറയാൻ പ്രേരിപ്പിക്കുന്ന ഘടകമെന്താണെന്ന് ഞങ്ങൾക്ക് അറിയാം. ജനങ്ങൾ അനുഭവിക്കുന്ന തീവ്രമായ കഷ്ടപ്പാടുകളാണ് അവരെ കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നതെന്നും ഇരുവരും വ്യക്തമാക്കി.​

ഹമാസിന്റെ തടവിലുള്ള ബന്ദികളെ​ മോചിപ്പിക്കാൻ ചർച്ചകൾ വീണ്ടും തുടങ്ങിയെന്ന വിവരം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു സ്ഥിരീകരിച്ചിരുന്നു. ബന്ദികളെ മോചിപ്പിക്കാൻ വീണ്ടും ചർച്ചകൾക്ക് തുടക്കമായെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് നെതന്യാഹുവിന്റെ പരാമർശം.

നിലവിൽ നടക്കുന്ന യുദ്ധം വിജയം വരെയും തുടരുമെന്ന് നെതന്യാഹു പറഞ്ഞു. ഗസ്സയെ പൂർണമായും നിരായുധീകരിച്ച് ഇസ്രായേലിന്റെ സുരക്ഷക്ക് കീഴിൽ കൊണ്ടു വരികയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തലിന് ഇസ്രായേലിന് മേൽ കടുത്ത സമ്മർദം ഉയരുന്നതിനിടെയാണ് നെത്യനാഹുവിന്റെ പ്രസ്താവന.

Tags:    
News Summary - Israel-Gaza war: UK and Germany call for ‘sustainable’ ceasefire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.