ഗസ്സയിൽ ഇസ്രായേൽ വ്യോമാക്രമണം; അഞ്ചു വയസുകാരിയടക്കം 10 മരണം, മരിച്ചവരിൽ കമാൻഡർ തൈസീർ അൽ ജബ്രിയും

ഗസ്സ സിറ്റി: ഫലസ്തീൻ നഗരമായ ഗസ്സയിലെ ജനവാസ കേന്ദ്രത്തിൽ ഇസ്രായേൽ വ്യോമാക്രമണത്തിൽ അഞ്ചു വയസ്സുകാരിയടക്കം 10 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ ആക്രമണത്തിൽ, ഫലസ്തീൻ ചെറുത്തുനിൽപ് പ്രസ്ഥാനമായ ഇസ്‍ലാമിക് ജിഹാദിന്റെ സായുധ വിഭാഗമായ അൽ ഖുദ്സ് ബ്രിഗേഡിന്റെ കമാൻഡർ തൈസിർ അൽ ജബ്രിയും കൊല്ലപ്പെട്ടതായി സംഘടന അറിയിച്ചു. ഗസ്സ നഗരഹൃദയത്തിലെ ഫലസ്തീൻ ടവറിലുള്ള അപാർട്ട്മെന്റിനു നേരെയായിരുന്നു ആക്രമണം. 55 പേർക്ക് പരിക്കേറ്റുവെന്നും ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു.

''വെള്ളിയാഴ്ച പ്രാർഥന കഴിഞ്ഞ് ഭക്ഷണം കഴിച്ച ഉടനെയായിരുന്നു ഞങ്ങളുടെ പാർപ്പിട സമുച്ചയത്തിനുമേൽ വൻ ശബ്ദത്തോടെയുള്ള പൊട്ടിത്തെറിയുണ്ടായത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലമായതിനാൽ എല്ലാവരും ഭീതിയോടെ ഓടിരക്ഷപ്പെടുകയായിരുന്നു. ഒട്ടേറെ പേർ പരിക്കേറ്റു വീണുകിടക്കുന്നുണ്ടായിരുന്നു'' -രക്തത്തിൽ കുളിച്ച വസ്ത്രങ്ങളുമായി പ്രദേശവാസി അൽജസീറ ടി.വിയോടു പറഞ്ഞു.

പ്രദേശത്ത് ഒന്നിലേറെ തവണ സ്ഫോടന ശബ്ദം കേട്ടിരുന്നുവെന്നും ഇസ്രായേൽ നിരീക്ഷണ ​ഡ്രോണുകൾ പറന്നിരുന്നതായും ദൃക്സാക്ഷികൾ പറഞ്ഞു. ഇതിനിടെ, തെക്കൻ മേഖലയായ ഖാൻ യൂനിസിലും റഫയിലും അൽശു​ജൈയ്യയിലും ആക്രമണമുണ്ടായിട്ടുണ്ട്. അധിനിവിഷ്ട വെസ്റ്റ്ബാങ്ക് നഗരമായ ജെനിനിൽ മുതിർന്ന ഫലസ്തീൻ നേതാവ് ബസ്സാം അൽ സാദിയെ ഇസ്രായേൽ അറസ്റ്റ് ചെയ്തതിനുപിന്നാലെയാണ് മേഖലയിൽ സംഘർഷം ഉടലെടുത്തത്.

ഗസ്സയിലെ ഏക വൈദ്യുതി നിലയത്തിനുള്ള ഇന്ധനം വരുന്ന പാതയടക്കം ദിവസങ്ങൾക്കുമുമ്പ് ഇസ്രായേൽ അടച്ചിരുന്നു. ശത്രു തങ്ങളുടെ ജനത്തിനുനേരെ ആ​ക്രമണം തുടങ്ങിയിരിക്കുകയാണെന്നും ചെറുത്തുനിൽപ് തങ്ങളുടെ ബാധ്യതയാണെന്നും ഇസ്‍ലാമിക് ജിഹാദ് വൃത്തങ്ങൾ ​വെള്ളിയാഴ്ച പ്രതികരിച്ചു.

ഇസ്രായേൽ അതിർത്തി മേഖലയിൽ പ്രത്യേക സാഹചര്യം ഉരുത്തിരിഞ്ഞതിനാൽ ഗസ്സയിൽ ആക്രമണം നടത്തിയെന്നാണ് ഇസ്രായേൽ പ്രതികരിച്ചത്. ഫലസ്തീൻ നേതാവിനെ അറസ്റ്റ് ചെയ്തതിനെതിരായ പ്രതിഷേധത്തെ തുടർന്ന് മേഖലയിൽ കടുത്ത ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. ആക്രമണം തുടങ്ങിയത് ഇസ്രായേലാണെന്നും തിരിച്ചടിക്കുമെന്നും ഹമാസ് പ്രതികരിച്ചു.

Tags:    
News Summary - Israel attacked Gaza with warplanes, killing at least eight people including a young girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.