ഗസ്സ സിറ്റി: ഫലസ്തീൻ നഗരമായ ഗസ്സയിൽ പാർപ്പിട സമുച്ചയങ്ങളിലും അഭയാർഥി ക്യാമ്പിലുമടക്കം തുടരുന്ന ഇസ്രായേലി നരനായാട്ടിൽ മരണം 43 കടന്നു. ഇതിൽ ആറു കുട്ടികളും നാലു സ്ത്രീകളും ഉൾപ്പെടുന്നു. വെള്ളിയാഴ്ച തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ 310ലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ഫലസ്തീൻ സായുധ ചെറുത്തുനിൽപ് സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ മുതിർന്ന കമാൻഡർ ഖാലിദ് മൻസൂറിനെ ശനിയാഴ്ച അർധരാത്രി റഫയിലെ അഭയാർഥി ക്യാമ്പിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇസ്രായേൽ കൊലപ്പെടുത്തി.
അഞ്ചു സാധാരണക്കാരും ഇസ്ലാമിക് ജിഹാദിന്റെ രണ്ടു പ്രവർത്തകരും ഇവിടെ കൊല്ലപ്പെട്ടവരിൽപെടുന്നു. ഞായറാഴ്ച വടക്കൻ ഗസ്സ ചീന്തിലെ ജബലിയയിൽ വീടിനു നേരെ നടന്ന ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച തെക്കൻ ഗസ്സയിൽ നടത്തിയ ആക്രമണത്തിൽ സംഘടനയുടെ ഉന്നത കമാൻഡറും കൊല്ലപ്പെട്ടിരുന്നു. തിരിച്ചടിയായി ഇസ്ലാമിക് ജിഹാദ് ഇസ്രായേൽ മേഖലയിലേക്ക് റോക്കറ്റുകൾ തൊടുത്തുവിട്ടെങ്കിലും ഭൂരിഭാഗവും മിസൈൽ പ്രതിരോധ സംവിധാനമുപയോഗിച്ച് തകർത്തുവെന്ന് ഇസ്രായേൽ അവകാശപ്പെട്ടു.
പടിഞ്ഞാറൻ ജറൂസലമിലേക്ക് റോക്കറ്റ് തൊടുത്തതായി ഇസ്ലാമിക് ജിഹാദ് അവകാശപ്പെട്ടു. ഇതിനിടെ, ഇന്ധനമില്ലാതെ ഗസ്സയിലെ ഏക വൈദ്യുതി നിലയം അടച്ചതോടെ 48 മണിക്കൂർ മാത്രമെ ഇനി ആശുപത്രികൾക്ക് പ്രവർത്തിക്കാൻ കഴിയൂ എന്ന് ഗസ്സ ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി. അതേസമയം, ഇസ്രായേലിന്റെ ഗസ്സ ആക്രമണം നിയമവിരുദ്ധവും ഉത്തരവാദിത്തരഹിതവുമാണെന്ന് അധിനിവിഷ്ട ഫലസ്തീനിലെ ഐക്യരാഷ്ട്രസഭ പ്രതിനിധി ഫ്രാൻസെസ്ക അൽബനെസ് പ്രതികരിച്ചു. ഈജിപ്ഷ്യൻ മധ്യസ്ഥർ വഴി നടക്കുന്ന വെടിനിർത്തൽ ചർച്ചയിൽ ഞായറാഴ്ച തന്നെ അനുകൂല ഫലം ഉണ്ടാവുമെന്ന് റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.