ഇസ്‌ലാമാബാദ്: ചർച്ചകൾക്കായി ഒരു വാക്ക് പോലും ഉച്ചരിക്കുന്നതിന് മുമ്പേ ഇറാൻ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരുന്നു. അത് അവരുടെ വസ്ത്രങ്ങളിലൂടെയും നിറങ്ങളിലൂടെയും ചിലതിന്റെ അഭാവത്തിലൂടെയുമായിരുന്നു. ഇസ്‌ലാമാബാദിലെ സെറീന ഹോട്ടലിലേക്ക് ഇറാൻ പ്രതിനിധികൾ നടന്നു കയറിയപ്പോൾ കാമറക്കണ്ണുകൾ പകർത്തിയത് നയതന്ത്രത്തിന്റെ മറ്റൊരു മുഖമാണ്.
പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഗാലിബാഫിന്റെയും വിദേശകാര്യമന്ത്രി അബ്ബാസ് അറാഖ്ചിയുടെയും നേതൃത്വത്തിലുള്ള 71 അംഗ സംഘം എത്തിയത് ഒരേപോലെയുള്ള വസ്ത്രങ്ങൾ ധരിച്ചാണ്. കറുത്ത സ്യൂട്ട്, വെളുത്ത ഷർട്ട്. എന്നാൽ ഒരാൾ പോലും കഴുത്തിൽ ടൈ ധരിച്ചിരുന്നില്ല. ഇത് വെറുമൊരു ഫാഷൻ തിരഞ്ഞെടുപ്പല്ല, മറിച്ച് ഒരു രാഷ്ട്രീയ പ്രഖ്യാപനമാണ്. 1979ലെ ഇസ്‌ലാമിക് വിപ്ലവത്തിന് ശേഷം ഇറാനിൽ ടൈ എന്നത് പാശ്ചാത്യ ആധിപത്യത്തിന്റെയും അധീനതയുടെയും പ്രതീകമായാണ് കാണപ്പെടുന്നത്. ടൈ ഒഴിവാക്കി തുറന്ന കോളറുള്ള ഷർട്ടുകൾ ധരിക്കുന്നത് പാശ്ചാത്യ നിയമങ്ങൾക്ക് വഴങ്ങില്ലെന്ന ഇറാന്റെ ഉറച്ച നിലപാടിനെയാണ് സൂചിപ്പിക്കുന്നത്.
പ്രതിനിധികൾ ധരിച്ചിരുന്ന ബാഡ്ജുകളിൽ അവരുടെ ചരിത്രവും വേദനയും നിഴലിച്ചിരുന്നു. അബ്ബാസ് അരാഖ്ചി സ്വർണ്ണ ലിപിയിൽ തീർത്ത ഇറാന്റെ ഭൂപടം പതിപ്പിച്ച ലാപ്പൽ പിൻ ധരിച്ചിരുന്നു. ഇത് രാജ്യത്തിന്റെ പരമാധികാരത്തെയാണ് അടയാളപ്പെടുത്തിയത്. മുഹമ്മദ് ബാഖർ ഗാലിബാഫ് അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെയും അദ്ദേഹത്തിന്റെ പിൻഗാമിയായ മുജ്തബയുടെയും ചിത്രമുള്ള ബാഡ്ജ് അദ്ദേഹം ധരിച്ചിരുന്നു. തങ്ങൾ നേരിട്ട നഷ്ടങ്ങൾ ലോകത്തെ ഓർമിപ്പിക്കുകയായിരുന്നു ഇറാൻ ഇതിലൂടെ.
ഇറാനെ സംബന്ധിച്ചിടത്തോളം കറുപ്പ് വെറുമൊരു നിറമല്ല. അത് വിലാപത്തിന്റേതാണ്. പ്രിയപ്പെട്ട നേതാക്കളുടെ വിയോഗവും യുദ്ധത്തിൽ കൊല്ലപ്പെട്ട ആയിരക്കണക്കിന് ജനങ്ങളുടെ ഓർമയും ചുമന്നാണ് അവർ ചർച്ചാ മേശക്ക് മുന്നിലെത്തിയത്. തങ്ങൾ ഒരു വ്യക്തിയായോ ഔദ്യോഗിക പ്രതിനിധിയായോ മാത്രമല്ല, മറിച്ച് ഒരു ജനതയുടെ മുഴുവൻ ദുഃഖം ചുമക്കുന്നവരായാണ് അവിടെ എത്തിയതെന്ന് അവർ വസ്ത്രത്തിലൂടെ വ്യക്തമാക്കി.
മേശക്ക് അപ്പുറമിരുന്ന അമേരിക്കൻ സംഘം കൃത്യമായി ടൈ കെട്ടി, പാശ്ചാത്യ പവർ സ്യൂട്ടുകളിലാണ് എത്തിയത്. ഒരു വശത്ത് പാശ്ചാത്യ ശക്തിയുടെ നിയമങ്ങൾ, മറുവശത്ത് അവയെ നിരസിക്കുന്ന ഇറാന്റെ സാംസ്കാരിക പ്രതിരോധം. ഈ വൈരുദ്ധ്യം തന്നെയായിരുന്നു ചർച്ചയുടെ അന്തരീക്ഷവും.
‘ഞങ്ങൾക്ക് സന്മനസ്സുണ്ട്, പക്ഷേ വിശ്വാസമില്ല’ എന്ന് ഗാലിബാഫ് പറഞ്ഞപ്പോൾ അത് അവരുടെ വസ്ത്രധാരണത്തിന് സമാനമായിരുന്നു. 21 മണിക്കൂർ നീണ്ട ചർച്ചകൾ ഒടുവിൽ ഒത്തുതീർപ്പിലെത്താതെ അവസാനിച്ചു. വെടിനിർത്തൽ കാലാവധി ഏപ്രിൽ 22ന് അവസാനിക്കാനിരിക്കെ, ഇസ്‌ലാമാബാദിൽ നിന്ന് ഇറാൻ സംഘം മടങ്ങിയത് വലിയൊരു നിശബ്ദത ബാക്കിവെച്ചാണ്. വാക്കുകൾ കൊണ്ട് പരിഹരിക്കാനാവാത്ത ആഴത്തിലുള്ള മുറിവുകൾ ആ കറുത്ത വസ്ത്രങ്ങളിൽ അപ്പോഴും തെളിഞ്ഞുനിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.