തെഹ്റാൻ: പ്രമുഖരെ കൊലപ്പെടുത്തി ഇസ്രായേലിന് തങ്ങളെ കീഴടക്കാൻ കഴിയില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസശ്കിയാൻ പറഞ്ഞു. ഒരു ഹീറോ രക്തസാക്ഷിയായാൽ പതാക ഏറ്റുവാങ്ങാൻ നൂറുകണക്കിന് ഹീറോകൾ ഉയിർക്കും. ആണവ പരിപാടിയുമായി ബന്ധപ്പെട്ട് തങ്ങൾ യു.എസുമായി ചർച്ച നടത്തിവരുകയായിരുന്നു.
ഇറാന് ആണവായുധം ഉണ്ടാക്കാൻ ഉദ്ദേശ്യമില്ല. അതേസമയം, സമാധാനാവശ്യത്തിനായി ആണവോർജം ഉണ്ടാക്കാനുള്ള അവകാശം രാജ്യം അടിയറവെക്കില്ല. സയണിസ്റ്റ് രാഷ്ട്രത്തിന്റെ ക്രൂരതക്കും കൂട്ടക്കൊലക്കും അനീതിക്കുമെതിരെ രാജ്യം ഒരുമിച്ചുനിൽക്കും -മസൂദ് പെസശ്കിയാൻ ഇറാൻ പാർലമെന്റിൽ പറഞ്ഞു.
അതേസമയം, ഇറാൻ -ഇസ്രായേൽ ഏറ്റുമുട്ടൽ നാലാം ദിവസവും അയവില്ലാതെ തുടരുകയാണ്. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ കുടുംബവീടിന് നേരെ ആക്രമണമുണ്ടായതും ഇറാൻ റെവലൂഷനറി ഗാർഡ് രഹസ്യാന്വേഷണ വിഭാഗം മേധാവി മുഹമ്മദ് കാസിമിയും രണ്ട് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതുമാണ് തിങ്കളാഴ്ചത്തെ പ്രധാന സംഭവം.
ഇറാനിലെ കെർമൻഷാഹിലെ ഫറാബി ആശുപത്രിക്ക് നേരെയും ഇസ്രായേൽ ആക്രമണമുണ്ടായി. ഇറാൻ ആക്രമണത്തിൽ ഇസ്രായേലിൽ എട്ടുപേർ കൂടി കൊല്ലപ്പെട്ടു. ഇതുവരെ 24 പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. 400ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതുവരെ 350 മിസൈലുകളും 30 മുതൽ 60 വരെ പ്രൊജക്ടൈലുകളുമാണ് ഇറാൻ തൊടുത്തത്. ഇറാനിൽ 220ലേറെ പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.