അബ്ബാസ് അരാഗ്ചി
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ നയതന്ത്ര ചർച്ചകൾക്കായി ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി ഈ ആഴ്ച ഇന്ത്യയിലെത്തും. ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് (BRICS) വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം പ്രധാനമായും ഇന്ത്യയിൽ എത്തുന്നത്. 2026 സെപ്റ്റംബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 18-ാമത് ബ്രിക്സ് ഉച്ചകോടിയുടെ മുന്നോടിയായാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 28ന് ഇസ്രായേലും യു.എസും സംയുക്തമായി ഇറാന് നേരെ ആക്രമണം ആരംഭിച്ചതോടെ യു.എസും ഇറാനും തമ്മിലുള്ള ബന്ധം കൂടുതൽ സങ്കീർണ്ണമാണ്. ഇറാന്റെ അധീനതയിലുള്ള ഹുർമുസ് കടലിടുക്ക് വഴിയുള്ള ചരക്ക് കപ്പലുകളുടെ ഗതാഗതം പൂർണമായും ഇറാൻ നിരോധിച്ചതോടെ ലോകമെമ്പാടും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. കൂടാതെ ഗൾഫ് മേഖലയിലെ യു.എസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാന്റെ തിരിച്ചടി അമേരിക്കയെ നേരിട്ട് യുദ്ധത്തിൽ പങ്കാളികളാക്കി. ഈ സാഹചര്യത്തിൽ മേഖലയിലെ സ്ഥിരത ഉറപ്പാക്കുന്നതിന് ആവശ്യമായ പിന്തുണ ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി അരാഗ്ചി കൂടിക്കാഴ്ച നടത്തും.
ആഗോള സുസ്ഥിരത നിലനിർത്താൻ ബ്രിക്സ് രാജ്യങ്ങൾക്കിടയിൽ കൂടുതൽ ഏകോപനം വേണമെന്ന് ഇറാൻ ആവശ്യപ്പെടുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇസ്രായേൽ-യു.എസ് ആക്രമണങ്ങളെക്കുറിച്ചും, സ്വന്തം രാജ്യത്തെ സംരക്ഷിക്കാനുള്ള ഇറാന്റെ അവകാശത്തെക്കുറിച്ചും അദ്ദേഹം ഇന്ത്യൻ നേതൃത്വത്തെ ധരിപ്പിക്കും.
നേരത്തെ 2025 മേയിൽ ഇന്ത്യ-ഇറാൻ ജോയിന്റ് കമീഷൻ യോഗത്തിനായി അദ്ദേഹം ഡൽഹിയിലെത്തിയിരുന്നു. ഇന്ത്യ-ഇറാൻ സൗഹൃദ ഉടമ്പടിയുടെ 75-ാം വാർഷിക വേളയിലായിരുന്നു ആ സന്ദർശനം. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം ആഗോള സമാധാനത്തെ ബാധിക്കുമെന്നും, ഈ പ്രതിസന്ധി ഘട്ടത്തിൽ വലിയ സമ്പദ്‌വ്യവസ്ഥകളുടെ കൂട്ടായ്മയായ ബ്രിക്സിന് നിർണ്ണായക പങ്കുവഹിക്കാനുണ്ടെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
നിലവിലെ യുദ്ധസാഹചര്യത്തിൽ ഇന്ത്യയുടെ നിലപാടും ഈ സന്ദർശനത്തിലൂടെ ഇറാൻ ഉറ്റുനോക്കുന്നുണ്ട്. സന്ദർശന വേളയിൽ അരാഗ്ചി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായും കൂടിക്കാഴ്ച നടത്തിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.