അവകാശങ്ങൾ ഉറപ്പാക്കാതെ ഹുർമുസിൽനിന്ന് പിന്മാറില്ലെന്ന് ഇറാൻ; യു.എസ് ഉപരോധത്തിനെതിരെ ശക്തമായ മുന്നറിയിപ്പ്

തെഹ്‌റാൻ: തങ്ങളുടെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കപ്പെടുന്നതുവരെ ഹുർമുസ് കടലിടുക്കിൽനിന്ന് പിന്മാറ്റമില്ലെന്ന് വ്യക്തമാക്കി ഇറാൻ. ഇറാൻ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ നാവിക ഉപരോധത്തിനു പിന്നാലെയാണ് പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സൈനിക ഉപദേഷ്ടാവ് മുഹ്‌സിൻ റസായുടെ ശക്തമായ മുന്നറിയിപ്പ്. സാമ്പത്തിക-സമുദ്ര മേഖലകളിൽ അമേരിക്ക ഏർപ്പെടുത്തിയ നിയമവിരുദ്ധമായ ഉപരോധങ്ങൾക്കും നിയന്ത്രണങ്ങൾക്കുമെതിരെ തന്ത്രപ്രധാനമായ ഹുർമുസിനെ ഒരു കവചമായി ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിയൻ സ്റ്റേറ്റ് മീഡിയയായ പ്രസ് ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് മുഹ്സിൻ റസായുടെ പ്രതികരണം.

ഹുർമുസിന്റെ വിഷയത്തിൽ ഇറാൻ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ നിർബന്ധമായും അംഗീകരിക്കേണ്ടിവരുമെന്ന് റസാ പറഞ്ഞു. "ദീർഘകാല യുദ്ധങ്ങളെ അമേരിക്ക ഭയപ്പെടുമ്പോൾ, പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ള ഇറാൻ അതിന് പൂർണ സജ്ജമാണ്. ഇറാന്റെ നാവികശേഷി തകർത്തുവെന്നാണ് യു.എസ് അവകാശപ്പെടുന്നതെങ്കിൽ, പിന്നെന്തിനാണ് അവരുടെ കപ്പലുകൾ ഹുർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ ഭയപ്പെടുന്നത്?"- അദ്ദേഹം ചോദിച്ചു. ഇനി നടക്കാനിരിക്കുന്ന ചർച്ചകളിൽ സാമ്പത്തിക വിഷയങ്ങൾക്ക് മുൻഗണന നൽകുമെന്നും കൂടുതൽ ജാഗ്രതയോടെ മാത്രമേ കരാറുകളിൽ ഒപ്പിടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിചേർത്തു.

അതേസമയം, ഇറാന്റെ തുറമുഖങ്ങൾ പൂർണമായും വളഞ്ഞതായും സമുദ്രവ്യാപാരം തടഞ്ഞതായും യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) അറിയിച്ചു. ഓപറേഷൻ ആരംഭിച്ച് 36 മണിക്കൂറിനുള്ളിൽ ഇറാന്റെ എല്ലാ സമുദ്ര ഇടപാടുകളും നിർത്തിവെപ്പിക്കാൻ സാധിച്ചതായി അഡ്മിറൽ ബ്രാഡ് കൂപ്പർ അവകാശപ്പെട്ടു.

Tags:    
News Summary - Iran will not withdraw from Hormuz without securing its rights; Strong warning against US sanctions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.