ഇസ്രായേലിന് ആയുധം വിൽക്കൽ; യു.എൻ കോടതിയിലെ കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ജർമനി
ഹേഗ്: ഇസ്രായേലിന് കൈമാറിയ ആയുധങ്ങൾ ഗസ്സയിൽ പ്രയോഗിച്ച സംഭവത്തിൽ ജർമനിക്കെതിരെ യു.എൻ ക്രിമിനൽ കോടതിയിലുള്ള കേസ് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ജർമനി. ഇസ്രായേലിലേക്ക് ആയുധങ്ങൾ കയറ്റി അയക്കുന്നതിലൂടെ 1948ലെ നരഹത്യാ കൺവെൻഷൻ ജർമനി ലംഘിച്ചുവെന്ന് കാണിച്ച് നിക്കരാഗ്വ നൽകിയ കേസാണിത്.
നരഹത്യാ കൺവെൻഷനിൽ ഒപ്പുവെച്ച രാജ്യങ്ങളാണ് നിക്കരാഗ്വയും ജർമനിയും. നരഹത്യ തടയാൻ രാജ്യങ്ങൾക്ക് ബാധ്യതയുണ്ടെന്ന നിയമപരമായ പശ്ചാത്തലത്തിലാണ് നിക്കരാഗ്വ ഈ കേസ് ഫയൽ ചെയ്തത്. ഫലസ്തീനികൾക്കെതിരെ ഇസ്രായേൽ നരഹത്യ നടത്തുന്നുവെന്ന് കാണിച്ച് ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര കോടതിയിൽ നൽകിയ കേസിന്റെ തുടർച്ചയായാണ് നിക്കരാഗ്വയും സമാനമായ നിയമപോരാട്ടവുമായി രംഗത്തെത്തിയത്. ഗസ്സ വംശഹത്യയെ തുടർന്ന് 2024-ൽ ഇസ്രായേലുമായി നയതന്ത്രബന്ധം വിച്ഛേദിച്ച നിക്കരാഗ്വ, കേസ് മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ന്യായവാദങ്ങൾ കോടതിക്ക് മുന്നിൽ അവതരിപ്പിക്കും.
എന്നാൽ കോടതിക്ക് ഈ കേസ് പരിഗണിക്കാൻ അധികാരപരിധിയില്ലെന്നും, നിക്കരാഗ്വ ആവശ്യമായ മുൻകരുതൽ നടപടികൾ പാലിക്കാതെയാണ് കോടതിയെ സമീപിച്ചതെന്നുമാണ് ജർമൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമോപദേഷ്ടാവ് ജൂലിയ മോളർ കോടതിയിൽ വാദിച്ചത്. സംഭവത്തിൽ ജർമനിയുടെ നിലപാട് കേൾക്കാൻ താൽപര്യം കാണിക്കാതെ അവരെ കോടതി കയറ്റാൻ തിടുക്കപ്പെടുന്നതാണ് നിക്വരാഗയുടെ നടപടിയെന്ന് ജൂലിയ മോളർ കുറ്റപ്പെടുത്തി. രാജ്യത്തെ കൃത്യമായി അറിയിക്കാതെ ക്രിമിനൽ കോടതിയിൽ കേസ് എത്തിക്കുകയായിരുന്നുവെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
ഇസ്രായേൽ ക്രൂരതകൾക്ക് നിരുപാധിക പിന്തുണയുമായി കൂടെനിന്ന ജർമനി, അമേരിക്ക കഴിഞ്ഞാൽ ഇസ്രായേലിന് ഏറ്റവും കൂടുതൽ ആയുധം നൽകുന്ന രണ്ടാമത്തെ രാജ്യമാണ്. എന്നാൽ, 2024നുശേഷം നേരിട്ട് ഇസ്രായേലിലെത്തുംവിധം ആയുധ കയറ്റുമതി നടത്തിയിട്ടില്ലെന്ന് ജർമൻ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
കേസ് പരിഗണിച്ച ശേഷം ജർമനിയുടെ വാദങ്ങൾ തള്ളിക്കളയണോ എന്ന കാര്യത്തിൽ കോടതി ഈ വർഷം തന്നെ വിധി പ്രസ്താവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും കേസുമായി ബന്ധപ്പെട്ട അന്തിമ വിധി വരാൻ ഇനിയും വർഷങ്ങൾ എടുത്തേക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.