തെഹ്റാൻ: ഹുർമുസ് കടലിടുക്ക് 48 മണിക്കൂറിനുള്ളിൽ തുറന്നില്ലെങ്കിൽ നരകം പെയ്യുമെന്ന ഡോണൾഡ് ട്രംപിന്‍റെ ഭീഷണി തള്ളിക്കളഞ്ഞതിനു പിന്നാലെ അമേരിക്കയെ ഒരു വലിയ ‘‘സർപ്രൈസ്’’ കാത്തിരിക്കുന്നതായി ഇറാന്‍റെ മുന്നറിയിപ്പ്. അമേരിക്കക്കും ഇസ്രായേലിനും ഒരു വലിയ സർപ്രൈസ് ഉണ്ടെന്നും ഇനി അൽപ സമയം മാത്രം മതിയെന്നും മുതിർന്ന ഇറാനിയൻ സുരക്ഷ ഉദ്യോഗസ്ഥൻ പറഞ്ഞു.
തങ്ങളുടെ പദ്ധതികൾക്കും നിശ്ചിത ലക്ഷ്യങ്ങൾക്കും അനുസരിച്ചാണ് യുദ്ധത്തിൽ ഇറാൻ മുന്നോട്ടുപോകുന്നത്. ലക്ഷ്യം കൈവരിച്ചെന്ന അമേരിക്കയുടെ
അവകാശവാദങ്ങളെ പരിഹാസ്യം എന്ന് വിശേഷിപ്പിച്ച അദ്ദേഹം, യുദ്ധവിമാനങ്ങൾ ഉൾപ്പെടെ നഷ്ടപ്പെടുന്നത് അമേരിക്കൻ സൈനിക നടപടികളുടെ പരാജയം പ്രതിഫലിപ്പിക്കുന്നതാണെന്നും ഫാർസ് വാർത്ത ഏജൻസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. കൂടാതെ, ശത്രുവിനെ തളർത്തുന്നത് എങ്ങനെയെന്ന് ഇറാൻ മനസ്സിലാക്കിയതായും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
അതേസമയം, യു.എസിന്‍റെ എം.ക്യു 9 റീപ്പർ ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ റവലൂഷനറി ഗാർഡ് (ഐ.ആർ.ജി.സി) അവകാശപ്പെട്ടു. മധ്യ ഉയരത്തിൽ ദീർഘദൂരം പറക്കാൻ ശേഷിയുള്ള അമേരിക്കൻ നിർമിത ഡ്രോൺ മധ്യ ഇറാൻ നഗരമായ ഇസ്ഫഹാനിനു മുകളിലാണ് വീഴ്ത്തിയത്. തെഹ്റാനിൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഇറാൻ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരെ വധിച്ചതായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പറഞ്ഞു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപിന്‍റെ അവകാശവാദം. ‘ഇറാനെ മോശമായും വിവേകമില്ലാതെയും നയിച്ച അതിന്റെ പല സൈനിക നേതാക്കളും മറ്റു പലതിനോടൊപ്പം തെഹ്‌റാനിലെ ഈ വൻ ആക്രമണത്തിൽ ഇല്ലാതായിരിക്കുന്നു!’ - ട്രംപ് പറഞ്ഞു.
വൻ സ്ഫോടനം നടക്കുന്നതിന്‍റെ വിഡിയോയും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഒറ്റദിവസം കൊണ്ട് യു.എസിന്റെ രണ്ട് ആധുനിക യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതിലൂടെ ട്രംപിന് അപ്രതീക്ഷിത പ്രഹരമാണ് ഇറാൻ നൽകിയത്. യുദ്ധത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണിത്. കഴിഞ്ഞ ദിവസം മധ്യ ഇറാനിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമാക്കി നീങ്ങിയ യു.എസിന്റെ, അജയ്യമെന്ന് അറിയപ്പെടുന്ന എഫ് 15-ഇ പോർവിമാനമാണ് ഇറാൻ ആദ്യം വീഴ്ത്തിയത്. വിമാനത്തിലുണ്ടായിരുന്ന ഒരു സൈനികനെ പിന്നീട് യു.എസ് വ്യോമസേന രക്ഷിച്ചുവെങ്കിലും രണ്ടാമത്തെയാളെ ഇതുവരെ കണ്ടെത്താനായില്ല. പൈലറ്റിനെ പിടികൂടാൻ ഇറാനും രക്ഷിക്കാൻ അമേരിക്കയും ശ്രമം തുടരുകയാണ്.
ഹുർമുസ് കടലിടുക്കിന് സമീപം ഉയർന്നുപറന്ന യു.എസിന്റെതന്നെ എ-10 വാർതോഗ് വിമാനവും ഇറാൻ വെടിവെച്ചിട്ടു. ഇതിന്റെ പൈലറ്റ് സ്വയം രക്ഷപ്പെട്ടു. കാണാതായ സൈനികനെ തെരയുന്ന ഹെലികോപ്ടറുകൾക്കുനേരെയും ആക്രമണമുണ്ടായി. തദ്ദേശീയമായി വികസിപ്പിച്ച ‘മാജിദ്’ വ്യോമപ്രതിരോധ സംവിധാനത്തിലൂടെയാണ് യു.എസ് പോർ വിമാനങ്ങളെ ഇറാൻ തകർത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.