വാഷിങ്ടൺ: ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ തന്റെ മൂത്ത മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്തേക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഓവൽ ഓഫിസിൽ വെച്ചായിരുന്നു ട്രംപിന്റെ മറുപടി. യുദ്ധം നിലനിൽക്കുന്നതുകൊണ്ടുതന്നെ 'മോശമായ സമയമാണിത്' എന്നാണ് ട്രംപ് ഉത്തരം നൽകിയത്.
‘ചെറിയ സ്വകാര്യ പരിപാടിയായാണ് വിവാഹചടങ്ങുകൾ. പങ്കെടുക്കാൻ പരമാവധി ശ്രമിക്കും. എന്നാൽ, ഇറാൻ യുദ്ധപശ്ചാത്തലത്തിൽ വിവാഹത്തിന് സാന്നിധ്യമറിയിക്കാൻ പറ്റിയ സമയമല്ല ഇത്’ -ട്രംപ് പറഞ്ഞു.
തന്റെ സാന്നിധ്യത്തെ മാധ്യമങ്ങൾ എങ്ങനെയാണ് വ്യാഖ്യാനിക്കാൻ പോകുന്നതെന്ന തനിക്കറിയാന്നും യുദ്ധം വഴിമുട്ടി നിൽക്കുന്ന സാഹചര്യത്തിൽ താൻ വിവാഹത്തിൽ പങ്കെടുത്താൽ മാധ്യമങ്ങൾ വേട്ടയാടുമെന്നും ട്രംപ് കുറ്റപ്പെടുത്തി. ‘‘മാധ്യമങ്ങൾക്ക് മുന്നിൽ എനിക്ക് ഇതിൽ ജയിക്കാനാകില്ല. ഞാൻ പങ്കെടുത്താലും ഇല്ലെങ്കിലും വ്യാജ വാർത്ത മാധ്യമങ്ങൾ എന്നെ ക്രൂശിക്കും. എങ്കിലും അവർക്ക് മികച്ചൊരു വിവാഹജീവിതം ആശംസിക്കുന്നു’’- ട്രംപ് കൂട്ടിച്ചേർത്തു.
ട്രംപിന്റെ മൂത്ത മകനായ ഡോണൾഡ് ട്രംപ് ജൂനിയറിന്റെ രണ്ടാം വിവാഹം ഈ വരാനിരിക്കുന്ന വാരാന്ത്യത്തിൽ ബഹാമസിൽവെച്ചാണ് നടക്കുന്നത്. ബെറ്റിന ആൻഡേഴ്സനാണ് വധു. എന്നാൽ, ജനപ്രീതിക്ക് കനത്ത തിരിച്ചടിയായ ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണായക ചർച്ചകളുടെ തിരക്കാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണമെന്നാണ് ട്രംപ് വാദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.