പശ്ചിമേഷ്യ: തിരക്കിട്ട നയതന്ത്ര നീക്കം; ഹുർമുസിൽ അയഞ്ഞ് ഇറാൻ
തെഹ്റാൻ/ വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള നിർണായക നയതന്ത്ര നീക്കങ്ങൾ പുരോഗമിക്കുന്നു. ഇറാന്റെ ‘നല്ല പ്രതികരണ’ത്തിനായി മൂന്ന് ദിവസംകൂടി കാത്തിരിക്കാമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതിനു പിന്നാലെ സമാധാന പുനഃസ്ഥാപനത്തിനായി യു.എസ് സമർപ്പിച്ച നിർദേശങ്ങൾ പഠിക്കുകയാണെന്ന് ഇറാനും വ്യക്തമാക്കി. അതോടൊപ്പം ഹുർമുസിൽ നിയന്ത്രണങ്ങൾക്ക് ഇറാൻ ഇളവ് വരുത്തുകയും ചെയ്തതോടെ മേഖലയിൽ 83 ദിവസമായി തുടരുന്ന സംഘർഷങ്ങൾക്ക് അറുതിയാകുമെന്ന പ്രതീക്ഷയിലാണ് ലോകം.
നിലവിൽ മധ്യസ്ഥ സ്ഥാനത്തുള്ള പാകിസ്താൻ നടത്തിയ നീക്കങ്ങളാണ് ഇപ്പോഴത്തെ സാഹചര്യത്തിലേക്ക് വഴിയൊരുക്കിയതെന്നാണ് റിപ്പോർട്ട്. പാക് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്വി രണ്ടുതവണ ഇറാൻ സന്ദർശിച്ച് പ്രസിഡന്റ് പെസശ്കിയാൻ ഉൾപ്പെടെയുള്ള നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. പാക് സൈനിക മേധാവി ജനറൽ ആസിം മുനീറും ഇന്നലെ തെഹ്റാനിലെത്തി നയതന്ത്ര നീക്കങ്ങൾ സജീവമാക്കി.
ഇതിനു പിന്നാലെയാണ് ഹുർമുസിൽ ചില ഇളവുകൾക്ക് ഇറാൻ തയാറായത്. രണ്ട് മാസത്തിലധികമായി കടലിടുക്കിൽ കുടുങ്ങിക്കിടന്ന എണ്ണക്കപ്പലുകൾക്ക് പോകാൻ ഇറാൻ അനുമതി നൽകി. ഇത് ഏഷ്യയിലെ എണ്ണ പ്രതിസന്ധി കുറക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. മൂന്ന് സീപ്പർ ടാങ്കറുകൾ ഇന്നലെ ഹുർമുസ് കടന്നുപോയി. ഇറാൻ ഇവിടെ നിയന്ത്രണങ്ങൾക്ക് അയവുവരുത്തുന്നപക്ഷം, യു.എസ് നാവിക ഉപരോധവും പിൻവലിച്ചേക്കും. ഇതോടെ, ഹുർമുസ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമാകും. ശേഷിക്കുക, ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം സംബന്ധിച്ച വിഷയമാകും. ഇക്കാര്യത്തിൽ ചില വിട്ടുവീഴ്ചകൾക്ക് ഒരുക്കമാണെന്ന് നേരത്തേ ഇറാൻ വ്യക്തമാക്കിയിരുന്നു.
നെതന്യാഹു വഴങ്ങുമോ?
വാഷിങ്ടൺ: പശ്ചിമേഷ്യൻ പ്രശ്നപരിഹാരത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ നിലപാട് നിർണായകം. യുദ്ധം മുന്നോട്ടുകൊണ്ടുപോകുന്നതിൽ ട്രംപിനും നെതന്യാഹുവിനും രണ്ട് അഭിപ്രായങ്ങളാണുള്ളതെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞദിവസം, ഇരു നേതാക്കളും ഒരു മണിക്കൂറോളം ഫോണിൽ സംസാരിച്ചപ്പോഴും ഇറാനെതിരെ വ്യോമാക്രമണം പുനരാരംഭിക്കണമെന്ന നിലപാടായിരുന്നുവത്രെ നെതന്യാഹുവിന്. നിലവിലെ സമാധാന ചർച്ചകളെ സംശയത്തോടെയാണ് നെതന്യാഹു കാണുന്നത്. മധ്യസ്ഥ സ്ഥാനത്തുള്ള പാകിസ്താൻ ഇറാന്റെ സഖ്യരാജ്യമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ സാഹചര്യത്തിൽ, ഇറാൻ-യു.എസ് കരാർ യാഥാർഥ്യമായാലും ഇസ്രായേൽ അത് അംഗീകരിക്കുമോ എന്ന കാര്യത്തിലും ആശങ്കയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.