ഇറാനിൽ പരമോന്നത നേതാവ് മുജ്തബ ഖാംനഈ സജീവമാണെന്ന് മാർക്കോ റൂബിയോ

വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ അനിശ്ചിതത്വത്തിലായിരിക്കെ ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഈ ഭരണകാര്യങ്ങളിൽ കൂടുതൽ സജീവ ഇടപെടലുകൾ നടത്തുന്നതായി യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. യു.എസ് സെനറ്റിന്റെ വിദേശകാര്യ സമിതിക്ക് മുന്നിൽ സംസാരിക്കവെയാണ് റൂബിയോ ഇക്കാര്യം വ്യക്തമാക്കിയത്.

യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവും പിതാവുമായ അലി ഖാംനഈ കൊല്ലപ്പെട്ടതിന് ശേഷം മുജ്തബ ഖാംനഈ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്നും രാജ്യത്തിന്റെ ആഭ്യന്തര-വിദേശ കാര്യങ്ങളിൽ ശക്തമായി ഇടപെടുന്നുണ്ടെന്നും റൂബിയോ പറഞ്ഞു. ഇടനിലക്കാർ വഴിയും രേഖാമൂലവുമുള്ള ആശയവിനിമയങ്ങളാണ് അദ്ദേഹം ഇപ്പോൾ നടത്തുന്നതെന്നും യു.എസ് വിദേശകാര്യ സെക്രട്ടറി കൂട്ടിച്ചേർത്തു.

ഗൾഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങൾക്ക് നേരെ ഒരേസമയം ഉണ്ടായ ആക്രമണങ്ങളും ഇറാനിലെ ഖഷ്വാം ദ്വീപിലെ അമേരിക്കൻ ആക്രമണവും മേഖലയിലെ സമാധാന ചർച്ചകളെ കൂടുതൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും തങ്ങളുടെ താവളങ്ങൾ ലക്ഷ്യമിട്ട് നടന്ന ആക്രമണങ്ങളെ അതീവ ഗൗരവത്തോടെയാണ് അമേരിക്ക വീക്ഷിക്കുന്നത്. ഇറാന്റെ പുതിയ നീക്കങ്ങളും സൈനിക ഇടപെടലുകളും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് വാഷിങ്ടൺ അറിയിച്ചു.

മുൻ കരാറുകളെ അപേക്ഷിച്ച് കൂടുതൽ കർശനമായ വ്യവസ്ഥകളാണ് ട്രംപ് പുതിയ നിർദേശത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇറാൻ ഒരിക്കലും ആണവായുധങ്ങൾ നിർമിക്കില്ലെന്ന് ഉറപ്പുനൽകുക, യുദ്ധത്തെ തുടർന്ന് അടച്ചുപൂട്ടിയ ഹുർമുസ് കടലിടുക്ക് ഉടനടി തുറക്കുക എന്നിവയാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ചിട്ടുള്ള പ്രധാന ആവശ്യങ്ങൾ. 

എന്നാൽ, അമേരിക്ക വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിക്കുന്നതായും അവർക്ക് വിശ്വാസ്യതയില്ലെന്നും ഇറാൻ ചർച്ചാസംഘം ആരോപിക്കുന്നതായി ഇറാന്റെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. എങ്കിലും, ഇറാനുമായുള്ള ചർച്ചകൾ നിർത്തിവെച്ചിരിക്കുകയാണെന്ന വാർത്തകൾ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിഷേധിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ആശയവിനിമയം തുടർച്ചയായി നടക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി.

ഇതിനിടയിലും ലബനാനിലെ ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് ഇസ്രായേൽ തുടരുന്ന കനത്ത വ്യോമാക്രമണങ്ങൾ സമാധാന ചർച്ചകൾക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ലബനാനിലെ പൂർണ്ണമായ വെടിനിർത്തൽ കൂടി കരാറിന്റെ ഭാഗമാക്കണമെന്നാണ് ഇറാന്റെ ആവശ്യം. ലബനാനിലെ ഇസ്രായേൽ അധിനിവേശം തുടർന്നാൽ യു.എസുമായുള്ള ചർച്ചകൾ നിർത്തിവെക്കുകയും, ശത്രുവിനെതിരെ നേരിട്ടുള്ള സൈനിക ഏറ്റുമുട്ടലിലേക്ക് ഇറാൻ കടക്കുകയും ചെയ്യുമെന്ന് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് ഇതിനകം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - Iran Supreme Leader Mojtaba Khamenei Back In Action? Marco Rubio’s Big Update As Tehran Strikes US Bases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.