'അഴിമതിയും തൊഴിലില്ലായ്മയും പിന്നെ ജാരദ് കുഷ്‌നറുടെ റിസോർട്ടും'; അൽബേനിയയിൽ വിദ്യാർഥി പ്രക്ഷോഭം ശക്തം, രാജിവെക്കില്ലെന്ന് പ്രധാനമന്ത്രി

തിരാന: വിദ്യാഭ്യാസ ചെലവുകൾ വർധിച്ചതിനെതിരെയുളള വിദ്യാർഥി പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജിവെക്കില്ലെന്ന് അൽബേനിയൻ പ്രധാനമന്ത്രി എഡി രാമ വ്യക്തമാക്കി. രാജ്യതലസ്ഥാനമായ തിരാനയിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് സർവ്വകലാശാലകളിലെ ദുരിതാവസ്ഥ, തൊഴിലവസരങ്ങളുടെ കുറവ്, അഴിമതി എന്നിവയ്ക്കെതിരെ തെരുവിൽ പ്രതിഷേധിക്കുന്നത്. അൽബേനിയൻ തീരത്ത് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്‌നറുടെ പിന്തുണയോടെ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ആഡംബര റിസോർട്ട് പദ്ധതിക്കെതിരെ മാസങ്ങളായി നടന്ന സമാധാനപരമായ പ്രക്ഷോഭങ്ങളുടെ തുടർച്ചയാണ് ഇന്നത്തെ വലിയ വിദ്യാർഥി സമരങ്ങൾ. പ്രതിഷേധങ്ങൾ അക്രമാസക്തമായി മാറിയതിനെ തുടർന്ന് പ്രക്ഷോഭകാരികൾ ഓഫീസുകളുടെ ചില്ലുകൾ തകർക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

തന്റെ രാജി ആവശ്യപ്പെടുന്നവരോട് പ്രതികരിച്ച പ്രധാനമന്ത്രി എഡി രാമ, "സർക്കാരുകൾ മാറുന്നത് വിപ്ലവത്തിലൂടെയല്ല, മറിച്ച് ജനാധിപത്യപരമായ തെരഞ്ഞെടുപ്പിലൂടെയാണ്. കഴിഞ്ഞ വർഷമാണ് നമ്മുടെ രാജ്യത്ത് തെരഞ്ഞെടുപ്പ് നടന്നത്," എന്ന് റോയിട്ടേഴ്സിനോട് പറഞ്ഞു.

യൂറോപ്യൻ യൂണിയൻ അംഗത്വത്തിന് വേണ്ടി പ്രയത്നിക്കുമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ വർഷം നാലാം തവണയും അധികാരത്തിലെത്തിയ എഡി രാമയ്ക്ക് പ്രധാനമന്ത്രിയായിരിക്കെ നേരിടേണ്ടിവരുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്. വിദ്യാർഥികളുടെ ന്യായമായ ആശങ്കകൾ കേൾക്കാനും പരിഹരിക്കാനുമുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

അതേസമയം, പ്രക്ഷോഭങ്ങൾക്കിടയിൽ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് അൽബേനിയൻ പാർലമെന്റ് സമ്മേളനം മാറ്റിവെച്ചു. പൊലീസിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം സംഘർഷത്തിൽ ആറ് പൊലീസുകാർക്കും ഒരു മാധ്യമപ്രവർത്തകയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇതുവരെ 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രാലയത്തിന് നേരെ കല്ലേറ് നടത്തിയ പ്രക്ഷോഭകർ പെട്രോൾ ബോംബുകളും പടക്കങ്ങളും പ്രയോഗിച്ചതായി പൊലീസ് വെളിപ്പെടുത്തി.

വിദ്യാഭ്യാസ ചെലവുകൾ വർധിച്ചതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ടെങ്കിലും, അക്രമങ്ങളിലൂടെ പൊതുമുതൽ നശിപ്പിക്കുന്നതും സ്ഥാപനങ്ങളെ ആക്രമിക്കുന്നതും വിദ്യാർഥികളുടെ യഥാർത്ഥ ആവശ്യങ്ങളുമായി ബന്ധപ്പെട്ടതല്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. അക്രമങ്ങൾ ഒരിക്കലും പ്രശ്നങ്ങൾക്ക് പരിഹാരമാകില്ലെന്ന് ഉപപ്രധാനമന്ത്രി അൽബാന കൊസിയുവും ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Tags:    
News Summary - 'അഴിമതിയും തൊഴിലില്ലായ്മയും പിന്നെ ജാരദ് കുഷ്‌നറുടെ റിസോർട്ടും'; അൽബേനിയയിൽ വിദ്യാർഥി പ്രക്ഷോഭം ശക്തം, രാജിവെക്കില്ലെന്ന് പ്രധാനമന്ത്രി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.