‘മടുത്തു, മാറ്റം വേണം’; യു.എസ് ഇടക്കാല തെരഞ്ഞെടുപ്പിൽ ട്രംപിന് തിരിച്ചടിയുണ്ടാകുമെന്ന് സർവെ
വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല കോൺഗ്രസ് തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങളിൽ ജനങ്ങൾക്കിടയിൽ കടുത്ത അതൃപ്തിയും വ്യാപകമായ വോട്ടർ അമർഷവും ശക്തമാവുന്നതായി പുതിയ സർവേ ഫലം. ഉയർന്ന ജീവിതച്ചെലവും പോക്കറ്റ് ചോർത്തുന്ന സാമ്പത്തിക പ്രതിസന്ധിയുമാണ് റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത വെല്ലുവിളിയാകുന്നത്. അസോസിയേറ്റഡ് പ്രസ്-നോർക് സെന്റർ ഫോർ പബ്ലിക് അഫയേഴ്സ് റിസർച്ചിന്റേതാണ് ഈ കണക്കുകൾ.
വ്യാഴാഴ്ച പുറത്തുവിട്ട സർവേ പ്രകാരം, രാജ്യത്തിന്റെ ഭരണം മുന്നോട്ടുപോകുന്ന രീതിയിൽ ഗൗരവകരമായ മാറ്റമോ അല്ലെങ്കിൽ ‘സമ്പൂർണ്ണമായ അട്ടിമറിയോ’ വേണമെന്നാണ് പങ്കെടുത്ത 1,100ലധികം അമേരിക്കൻ മുതിർന്ന പൗരന്മാരിൽ 80 ശതമാനവും ആവശ്യപ്പെടുന്നത്. നവീകരണത്തിനായി രാജ്യത്ത് വലിയൊരു നിയമനിർമാണ മാറ്റം വേണമെന്ന വികാരം റിപ്പബ്ലിക്കൻ പാർട്ടിയുടെ കോൺഗ്രസിലെ ഭൂരിപക്ഷ സാധ്യതകൾക്ക് കനത്ത ഭീഷണിയാണ് ഉയർത്തുന്നത്.
ഡെമോക്രാറ്റുകളും സ്വതന്ത്രരുമാണ് രാജ്യത്തിന്റെ ദിശയിൽ സമൂലമായ മാറ്റം കൂടുതൽ ആഗ്രഹിക്കുന്നത്. എങ്കിലും, റിപ്പബ്ലിക്കൻ വോട്ടർമാരിലും വലിയൊരു വിഭാഗം മാറ്റം ആഗ്രഹിക്കുന്നുണ്ട്. ഏകദേശം 45 ശതമാനം റിപ്പബ്ലിക്കൻ വോട്ടർമാർ വലിയ മാറ്റം വേണമെന്ന് ആവശ്യപ്പെടുമ്പോൾ, 13 ശതമാനം പേർ ഭരണരീതിയിൽ സമ്പൂർണ അട്ടിമറിയാണ് ആഗ്രഹിക്കുന്നത്.
കുതിച്ചുയരുന്ന ജീവിതച്ചെലവാണ് വോട്ടർമാരെ കാര്യമായി സ്വാധീനിക്കുന്ന മറ്റൊരു പ്രധാന ഘടകം. വോട്ട് ചെയ്യുമ്പോൾ സാമ്പത്തിക സ്ഥിതിയാണ് ഏറ്റവും നിർണായകമായ വിഷമയമെന്ന് 85 ശതമാനം പേരും അഭിപ്രായപ്പെട്ടു. ജീവിതച്ചെലവ് കൈകാര്യം ചെയ്യുന്നതിൽ ട്രംപിന്റെ നടപടികളോട് പത്തിൽ എട്ട് വോട്ടർമാരും വിയോജിപ്പ് പ്രകടിപ്പിച്ചു. സാമ്പത്തിക കാര്യങ്ങളിലെ അദ്ദേഹത്തിന്റെ പ്രകടനത്തിലും മുക്കാൽ ഭാഗത്തോളം പേർക്ക് അതൃപ്തിയുണ്ട്.
റിപ്പബ്ലിക്കൻ പ്രസിഡന്റിനെ അനുകൂലമായി കാണുന്നത് ആകെ വോട്ടർമാരുടെ മൂന്നിലൊന്ന് ഭാഗം പേർ മാത്രമാണ്. പ്രസിഡന്റ് പദവിയിലെ അദ്ദേഹത്തിന്റെ പ്രവർത്തനത്തെ അനുകൂലിക്കുന്നവരുടെയും അനുപാതം ഇതുപോലെ തന്നെയാണ്. അതേസമയം, കൂടുതൽ വോട്ടർമാരും കോൺഗ്രസിന്റെ നിയന്ത്രണം ഡെമോക്രാറ്റുകൾ പിടിച്ചെടുക്കാനാണ് ആഗ്രഹിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയോട് പൊതുവെ കൂടുതൽ നിഷേധാത്മകമായ സമീപനമാണ് വോട്ടർമാർക്കുള്ളത്.
കുടുംബാരോഗ്യവും കുറ്റകൃത്യങ്ങളും ചില വോട്ടർമാരുടെ പ്രധാന മുൻഗണനകളാണെന്ന് സർവേ വ്യക്തമാക്കുന്നു. 45 ശതമാനം വോട്ടർമാർ ഈ വിഷയങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിലും, ഡെമോക്രാറ്റുകളെ അപേക്ഷിച്ച് റിപ്പബ്ലിക്കൻ വോട്ടർമാരാണ് ഇവ ചർച്ച ചെയ്യുന്നത്. എന്നാൽ ഡെമോക്രാറ്റ് വോട്ടർമാർ ആരോഗ്യമേഖലക്കാണ് മുൻഗണന നൽകുന്നത്.
69 ശതമാനം പേർ ആരോഗ്യരംഗം സുപ്രധാന വിഷയമായി കാണുമ്പോൾ, 64 ശതമാനം പേർ ഇറാനുമായുള്ള യുദ്ധത്തെക്കുറിച്ചാണ് പ്രധാനമായും ചിന്തിക്കുന്നത്. അതേസമയം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) വലിയൊരു പ്രശ്നമായി കാണുന്നത് 35 ശതമാനം പേർ മാത്രമാണ്. ട്രാൻസ്ജെൻഡർ വിഷയങ്ങൾ ഇതിലും വളരെ പിന്നിലാണ് (12 ശതമാനം).
എല്ലാ പരാതികൾക്കുമിടയിലും ഇരു പ്രധാന അമേരിക്കൻ പാർട്ടികളിലെയും ഭൂരിഭാഗം വോട്ടർമാരും ജാതി-രാഷ്ട്രീയ വ്യത്യാസമില്ലാതെ രാഷ്ട്രീയ പങ്കാളിത്തത്തിന് വലിയ പ്രാധാന്യം കൽപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.