ഖത്തർ വഴി ആണവ നിർദേശം യു.എസിന് കൈമാറി ഇറാൻ; യുദ്ധഭീതിക്കിടെ നയതന്ത്ര നീക്കം സജീവം

തെഹ്റാൻ: അമേരിക്കയുമായുള്ള ആണവ ചർച്ചകൾക്കായി പുതിയ നിർദേശം ഖത്തർ വഴി കൈമാറിയതായി ഇറാൻ. എന്നാൽ, ചർച്ചകൾ ആരംഭിക്കുന്നതിന് മുമ്പ് അമേരിക്ക തങ്ങളുടെ ഏഴ് ആവശ്യങ്ങൾ അംഗീകരിക്കണമെന്നാണ് ഇറാന്റെ നിലപാട്. മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാന്റെ നിർദേശം അമേരിക്ക പരിശോധിച്ചുവരികയാണെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. എന്നാൽ നിർദേശത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം വീണ്ടും ആരംഭിക്കാനുള്ള സാധ്യത നിലനിൽക്കുന്നതിനിടെയാണ് സംഘർഷം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ നീക്കങ്ങൾ ശക്തമായിരിക്കുന്നത്. അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിന് പിന്നാലെ സൈനിക നടപടികൾ പുനരാരംഭിക്കാനുള്ള സൂചന പ്രസിഡന്റ് ഡോണൾഡ് ട്രംപ് നൽകിയിട്ടുണ്ട്. ഇറാന്റെ ശേഷിക്കുന്ന ഭാഗങ്ങൾ കൂടി തകർക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ അതിന് നിർബന്ധിതനായേക്കാമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

അതേസമയം യുദ്ധം വീണ്ടും തുടങ്ങിയാൽ കൂടുതൽ വ്യാപകമായ തിരിച്ചടി നൽകാനാണ് ഇറാന്റെ പദ്ധതിയെന്നും. റിപ്പോർട്ടുകളുണ്ട്. ആണവപദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയുടെ സമ്മർദങ്ങൾക്കു വഴങ്ങില്ലെന്ന നിലപാടിലാണ് തെഹ്റാൻ. ഇറാന്റെ ആണവപദ്ധതി സംബന്ധിച്ച ചർച്ചകൾ അമേരിക്കയുടെ നിബന്ധനകൾക്കനുസരിച്ചായിരിക്കില്ലെന്ന സൂചനയും പുതിയ നിർദേശത്തിലുണ്ട്. 

 നയതന്ത്ര ചർച്ചകൾക്ക് ഏഴ് ഉപാധികൾ മുന്നോട്ടുവെച്ചതായി ഇറാന്റെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥൻ മുഹ്സിൻ റസായി റഷ്യൻ സന്ദർശനത്തിനിടെ പറഞ്ഞിരുന്നു. ഈ ഉപാധികൾ നടപ്പാക്കുന്നതുവരെ ഹുർമുസ് കടലിടുക്ക് തുറക്കില്ലെന്നും ചർച്ചകൾക്ക് തയാറാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കൻ ഉപരോധങ്ങൾ പിൻവലിക്കുക, മരവിപ്പിച്ച ഇറാനിയൻ ആസ്തികൾ വിട്ടുനൽകുക, യുദ്ധത്തിൽ സംഭവിച്ച നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ. അതേസമയം, ഏത് പ്രാഥമിക ചർച്ചയിലും ആണവ വിഷയങ്ങൾ ഉൾപ്പെടണമെന്നാണ് അമേരിക്കയുടെ നിലപാട്. 

Tags:    
News Summary - Iran sent nuclear proposal to the US via Qatar, senior Iranian official tells Reuters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.