ഒരു ഡ്രോണിൽ നിന്ന് 16 ആക്രമണ ഡ്രോണുകൾ ; യുദ്ധരംഗത്ത് പുതിയ പരീക്ഷണവുമായി തുർക്കിയ
അങ്കാറ: ഒറ്റ ഡ്രോൺ പറന്നെത്തും, പിന്നാലെ അതിൽ നിന്ന് കൂട്ടത്തോടെ ചെറിയ ആക്രമണ ഡ്രോണുകൾ ലക്ഷ്യത്തിലേക്ക് കുതിക്കും. യുദ്ധരംഗത്തെ ആക്രമണരീതികൾ മാറ്റാൻ സാധ്യതയുള്ള പുതിയ സംവിധാനം പരീക്ഷിച്ച് തുർക്കിയ. രാജ്യത്തെ പ്രതിരോധ സാങ്കേതികവിദ്യാ കമ്പനിയായ ബൈകർ വികസിപ്പിച്ച ബയ്റാക്ടർ ടി.ബി 2 ഡ്രോണിലാണ് പുതിയ പരീക്ഷണം നടത്തിയത്. 16 ചെറിയ ആക്രമണ ഡ്രോണുകളെ ഒരേസമയം വഹിക്കാൻ കഴിയുന്ന രീതിയിലാണ് ടി.ബി 2 പരിഷ്കരിച്ചിരിക്കുന്നത്.
നവംബർ നാലിന് തുർക്കിയയിലെ കെഷാൻ ഫ്ലൈറ്റ് ട്രെയിനിങ് ആൻഡ് ടെസ്റ്റ് സെന്ററിലായിരുന്നു പരീക്ഷണം. പറക്കുന്നതിനിടെ ടി.ബി2യിൽ നിന്ന് രണ്ട് ചെറിയ ഡ്രോണുകളെ വേർപെടുത്തി ലക്ഷ്യസ്ഥാനത്തേക്ക് അയച്ചതായും രണ്ടും കൃത്യമായി ലക്ഷ്യത്തിലെത്തിതായും ബൈകർ അറിയിച്ചു.
സ്കൈഡാഗർ വികസിപ്പിച്ച എഫ്.പി.വി വിഭാഗത്തിലുള്ള ചെറിയ ഡ്രോണുകളാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ക്യാമറയിലൂടെ ലഭിക്കുന്ന ദൃശ്യങ്ങൾ കണ്ട് ദൂരത്തിരുന്ന് നിയന്ത്രിക്കാനാകും എന്നതാണ് ഇവയുടെ പ്രത്യേകത. സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച് ലക്ഷ്യസ്ഥാനത്തേക്ക് ഇടിച്ചിറക്കി ആക്രമണം നടത്താനും ഇത്തരം ഡ്രോണുകൾക്ക് കഴിയും. ഇത്തരത്തിലുള്ള ഡ്രോണുകളെയാണ് കാമികാസെ ഡ്രോണുകൾ എന്ന് വിളിക്കുന്നത്. വലിയൊരു ഡ്രോണിനുള്ളിൽ ചെറിയ ഡ്രോണുകളെ വഹിച്ച് പറക്കുകയും ലക്ഷ്യസ്ഥാനത്തിന് സമീപമെത്തുമ്പോൾ അവയെ പുറത്തേക്ക് അയക്കുകയും ചെയ്യുന്ന രീതിയാണിത്. ‘മദർഷിപ്പ്’ സംവിധാനം എന്നാണ് ഇത് അറിയപ്പെടുന്നത്. പുറത്തേക്ക് വിടുന്ന ഡ്രോണുകളുമായി ആശയവിനിമയം നടത്താനും നിയന്ത്രണ നിർദേശങ്ങൾ കൈമാറാനും ടി.ബി 2ക്ക് കഴിയും.
റഷ്യ-യുക്രെയ്ൻ യുദ്ധം ഉൾപ്പെടെയുള്ള സംഘർഷങ്ങളിൽ ഡ്രോണുകളുടെ ഉപയോഗം വർധിച്ചുവരുന്നതിനിടെയാണ് തുർക്കിയയുടെ പുതിയ പരീക്ഷണം ശ്രദ്ധ നേടുന്നത്. നിരീക്ഷണത്തിനും ആക്രമണത്തിനും ഉപയോഗിക്കുന്ന ടി.ബി 2യുടെ ശേഷി പുതിയ സംവിധാനത്തിലൂടെ കൂടുതൽ വർധിക്കും. ചെറിയ ഡ്രോണുകളെ പ്രത്യേകം ലക്ഷ്യസ്ഥാനത്തേക്ക് അയക്കാൻ കഴിയുന്നതോടെ ആക്രമണത്തിന്റെ ദൂരവും സാധ്യതകളും വർധിക്കും.നിലവിൽ പരീക്ഷണഘട്ടത്തിലുള്ള ഈ സംവിധാനം ഭാവിയിൽ യുദ്ധരംഗത്തെ ഡ്രോൺ ഉപയോഗത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.