ജീവനൊടുക്കാൻ 13കാരിക്ക് വഴി പറഞ്ഞുകൊടുത്ത് ‘ജെമിനി’; ഗൂഗ്ളിനെതിരെ കേസുമായി മാതാവ്

വാഷിങ്ടൺ: ആത്മഹത്യ ആസൂത്രണം ചെയ്യാൻ കൗമാരക്കാരിയെ ‘ജെമിനി’ ചാറ്റ്‌ബോട്ട് സഹായിച്ചെന്ന പരാതിയിൽ ഗൂഗ്ളിനെതിരെ കോടതിയിലെത്തി മാതാപിതാക്കൾ. സ്കൂളിൽനിന്ന് നൽകിയ ലാപ്ടോപ്പിലാണ് പതിമൂന്നുകാരിയായ വിദ്യാർഥിനി ആത്മഹത്യയ്ക്കും സ്വന്തം ശവസംസ്കാര ചടങ്ങുകളെ സംബന്ധിച്ചും തിരഞ്ഞത്. സുരക്ഷാ മുന്നറിയിപ്പുകൾ നൽകാതെ ഗൂഗിൾ എ.ഐ ചാറ്റ്ബോട്ടുകൾ സ്കൂളുകളിലും വിദ്യാർഥികൾക്കിടയിലും അടിച്ചേൽപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ്.

കഴിഞ്ഞ തിങ്കളാഴ്ച കാലിഫോർണിയ സ്റ്റേറ്റ് കോടതിയിലാണ് മാതാപിതാക്കൾ പരാതി നൽകിയത്. തുടർന്ന് ബുധനാഴ്ച കേസ് ഫെഡറൽ കോടതിയിലേക്ക് മാറ്റി. 'എമ്മ' എന്നുപേരുള്ള 13 വയസ്സുള്ള പെൺകുട്ടിയാണ് സ്കൂൾ നൽകിയ ക്രോംബുക്കിലൂടെ ജെമിനി എ.ഐ ഉപയോഗിച്ചത്. വിവിധ ആത്മഹത്യാ മാർഗങ്ങളെക്കുറിച്ച് കുട്ടി ജെമിനിയുമായി ചർച്ച ചെയ്യുകയും തന്റെ സ്വന്തം ശവസംസ്കാര ചടങ്ങിന് പദ്ധതിയിടുകയും ചെയ്തു. എന്നാൽ, ആ സമയത്ത് ഗൂഗ്ൾ യാതൊരു മുൻകരുതലും നൽകിയിരുന്നില്ല.

എമ്മ ഉപയോഗിച്ചിരുന്ന 'ജെമിനി 3 ഫ്ലാഷ്' എന്ന വേർഷൻ മാനസികാരോഗ്യ പ്രശ്നങ്ങളുള്ള ഉപയോക്താക്കളെ കൈകാര്യം ചെയ്യാൻ സുരക്ഷിതമല്ലെന്നും ഇത് കമ്പനിക്ക് അറിയാമായിരുന്നുവെന്നും മാതാപിതാക്കൾ പരാതിയിൽ ആരോപിക്കുന്നു. കുട്ടി ശവസംസ്കാര പ്ലാനുകളെക്കുറിച്ച് എഴുതിയ ഒരു ഡോക്യുമെന്റ് സ്കൂൾ സോഫ്റ്റ്‌വെയർ ഫ്ലാഗ് ചെയ്തതിനെത്തുടർന്നാണ് മാതാപിതാക്കൾ വിവരം അറിയുന്നത്. കുട്ടി തന്റെ മാനസികാവസ്ഥയും വിഷമങ്ങളും കുടുംബാംഗങ്ങളിൽ നിന്നും മറ്റും മറച്ചുവെക്കാൻ ജെമിനി ചാറ്റ്‌ബോട്ട് സഹായിച്ചതായി ലക്‌സ്യൂട്ടിൽ ആരോപിച്ചു.

വിഷയത്തിൽ പ്രതികരിച്ച ഗൂഗിൾ വക്താവ് ജോസ് കാസ്റ്റാനെഡ, കമ്പനി ഈ ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്ന് അറിയിച്ചു. അതേസമയം, സംഭവത്തിന് പിന്നാലെ സ്കൂൾ വിദ്യാർഥികളുടെ അക്കൗണ്ടുകളിൽ ജെമിനി ഡിഫോൾട്ടായി ഓഫ് ചെയ്യുമെന്ന് ഗൂഗിൾ അറിയിച്ചിട്ടുണ്ട്. എന്നാൽ വിദ്യാർഥികൾക്ക് ഗൂഗ്ൾ സെർച്ച് സേവനം നിലനിർത്താൻ താൽപര്യപ്പെടുന്ന സ്കൂളുകൾ എ.ഐ ജനറേറ്റഡ് സംഗ്രഹങ്ങൾ പോലുള്ള ഫീച്ചറുകൾ സ്വീകരിക്കേണ്ടി വരും. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നിലവിൽ എമ്മയുടെ മാതാപിതാക്കൾ കേസ് ഫയൽ ചെയ്തത്.

Tags:    
News Summary - Parents Sue Google After AI Chatbot 'Gemini' in California

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.