വീണ്ടും ദീപാവലി സ്റ്റാമ്പുമായി അമേരിക്കൻ തപാൽ സർവീസ്; ഇന്ത്യൻ രംഗോലി പതിച്ച പുതിയ ഫോറെവർ സ്റ്റാമ്പ് പുറത്തിറക്കി

ദീപാവലി ആഘോഷങ്ങൾക്ക് തിളക്കം പകർന്ന് അമേരിക്കൻ പോസ്റ്റൽ സർവീസ്. ദീപാവലിയോടനുബന്ധിച്ച് പുതിയ ഫോറെവർ സ്റ്റാമ്പ് ഔദ്യോഗികമായി പുറത്തിറക്കിയിരിക്കുകയാണ് യു.എസ്. ഇത് രണ്ടാം തവണയാണ് യു.എസ് പോസ്റ്റൽ സർവീസ് ഈ സ്റ്റാമ്പ് പുറത്തിറക്കുന്നത്. ഇതിനുമുമ്പ് 2016-ലായിരുന്നു ആദ്യമായി ദീപാവലി സ്റ്റാമ്പ് പുറത്തിറക്കിയിരുന്നത്. ഇന്ത്യൻ കലാകാരിയായ സംഗീത ഭൂട്ടഡ രൂപകൽപ്പന ചെയ്ത വർണാഭമായ രംഗോലി ചിത്രമാണ് ഈ സ്റ്റാമ്പിന്റെ പ്രധാന ആകർഷണം. 

വാഷിങ്ടൺ ഡി.സിയിലെ ഇന്ത്യൻ എംബസിയിൽ വെച്ച് ഒക്ടോബർ 21-നാണ് സ്റ്റാമ്പ് ഔദ്യോഗികമായി അനാവരണം ചെയ്തത്. അമേരിക്കയിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര, യു.എസ്.പി.എസ്. സീനിയർ വൈസ് പ്രസിഡന്റ് ഷിബാനി ഗംഭീർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വ്യാഴാഴ്ച സമൂഹമാധ്യമമായ എക്സ് വഴി യു.എസ്. എംബസി ഈ സ്റ്റാമ്പിന്റെ പ്രത്യേകതകൾ പങ്കുവെച്ചു.

ഇന്ത്യക്കാരിയായ സംഗീത ഭൂട്ടഡ ഏകദേശം 30 വർഷത്തോളമായി പരമ്പരാഗത രംഗോലി കലാരൂപം അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന കലാകാരിയാണ്. അവർ ഒരുക്കിയ എട്ട് അടി വലിപ്പമുള്ള രംഗോലിയാണ് സ്റ്റാമ്പിൽ ഇടംനേടിയിരിക്കുന്നത്. പർപ്പിൾ നിറത്തിലുള്ള പശ്ചാത്തലത്തിൽ നീല, ഓറഞ്ച്, പച്ച, ചുവപ്പ്, വെള്ള എന്നീ വർണ്ണക്കൂട്ടുകൾ ഉപയോഗിച്ചാണ് ഈ രംഗോലി നിർമ്മിച്ചിരിക്കുന്നത്. വർണ്ണപ്പൊടികളും അന്നജം അടിസ്ഥാനമാക്കിയുള്ള പൗഡറുകളും ഉപയോഗിച്ച് തീർത്ത ഈ കലാസൃഷ്ടി പൂർത്തിയാക്കാൻ 8 മുതൽ 10 ദിവസം വരെ സമയമെടുത്തിരുന്നു.

മൊത്തം 2 കോടി സ്റ്റാമ്പുകളാണ് യു.എസ്.പി.എസ്. ഇതിനോടകം അച്ചടിച്ചിട്ടുള്ളത്. 20 എണ്ണമുള്ള ഷീറ്റുകളായാണ് ഇവ വിപണിയിൽ വിൽക്കുന്നത്. യു.എസിലെ ആഭ്യന്തര പോസ്റ്റൽ നിരക്കുകളിൽ ഭാവിയിൽ വർദ്ധനവുണ്ടായാലും ഈ സ്റ്റാമ്പ് ഉപയോഗിച്ച് അധിക തുക നൽകാതെ ഒരു ഔൺസ് വരെയുള്ള ഫസ്റ്റ് ക്ലാസ് കത്തുകൾ അയക്കാൻ സാധിക്കും എന്നതാണ് ഫോറെവർ സീരീസിന്റെ പ്രത്യേകത. നിലവിൽ ഒരു സ്റ്റാമ്പിന് 82 സെന്റും 20 എണ്ണമുള്ള ഒരു ഷീറ്റിന് 16.40 ഡോളറുമാണ് വില.

Tags:    
News Summary - US Postal Service releases Diwali stamp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.