ഫാത്തിമ ബേതുൽ സയാൻ കായ

ഫണ്ട് ക്രമക്കേട്; തുർക്കിയയിൽ മുൻ മന്ത്രിയെ ജയിലിലടച്ചു

അങ്കാറ: രാജ്യത്തെ നിക്ഷേപ ഫണ്ട് പ്രതിസന്ധിയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ തുർക്കിയയിലെ മുൻ മന്ത്രിയും ഭരണകക്ഷിയായ എ.കെ പാർട്ടിയുടെ മുതിർന്ന നേതാവുമായ ഫാത്തിമ ബേതുൽ സയാൻ കായയെ വെള്ളിയാഴ്ച പുലർച്ചെ കോടതി ജയിലിലടച്ചു.

സെപ്റ്റംബറിൽ പാർട്ടിയുടെ ഡെപ്യൂട്ടി ചെയർപേഴ്‌സൺ സ്ഥാനത്തുനിന്ന് രാജിവെച്ചതിന് പിന്നാലെ പാർട്ടി വിട്ട സയാൻ കായക്കെതിരെ ഓഹരി ഇടപാടിലൂടെ വൻ ലാഭമുണ്ടാക്കിയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. രാജ്യത്ത് ഫണ്ട് പ്രതിസന്ധി രൂക്ഷമായി ഓഹരി വിപണിയിൽ വൻ തകർച്ചയുണ്ടാകുന്നതിന് തൊട്ടുമുമ്പായിരുന്നു ഇവർ ഓഹരികളിലൂടെ ലാഭമുണ്ടാക്കിയതെന്നാണ് ആരോപണം.

2016 മുതൽ 2018 വരെ കുടുംബ-സാമൂഹിക സേവന മന്ത്രിയായിരുന്ന കായയെ മൂലധന വിപണി നിയമം ലംഘിച്ചെന്നതും കുറ്റകൃത്യങ്ങൾ നടത്തുന്നതിനായി രൂപീകരിച്ച സംഘടനയിൽ അംഗമായിരുന്നുവെന്നതുമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് ഇസ്താംബൂളിലെ കോടതി അറസ്റ്റ് ചെയ്തത്.

അന്വേഷണത്തിന്റെ ഭാഗമായി കായയുടെ ഭർത്താവ് ഇല്യാസ് കായയെയും വിട്ടയച്ചെങ്കിലും വിദേശയാത്ര നടത്തുന്നതിന് കോടതി വിലക്കേർപ്പെടുത്തി. കോടതി നിർദേശിച്ച ജുഡീഷ്യൽ നിയന്ത്രണങ്ങൾക്ക് വിധേയമായാണ് അദ്ദേഹത്തെ വിട്ടയച്ചത്. മൂലധന വിപണിയിലെ ഓഹരികളുടെയോ മറ്റ് സാമ്പത്തിക നിക്ഷേപ ഉപകരണങ്ങളുടെയോ വിലയെയോ മൂല്യത്തെയോ സ്വാധീനിക്കാൻ സാധ്യതയുള്ള, രഹസ്യവിവരങ്ങൾ കായയുടെ കൈവശമുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂട്ടറുടെ ആരോപണം.

Tags:    
News Summary - Turkey Jails Former Minister in Investment Fund Probe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.