തെഹ്റാൻ: മറ്റ് രാജ്യങ്ങളുമായി ക്രിയാത്മകമായ ബന്ധം സ്ഥാപിക്കാൻ ചർച്ചകൾ മാത്രമാണ് പോംവഴിയെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. എന്നാൽ ഇറാന്റെ മേൽ ആരുടെയും താല്പര്യങ്ങൾ അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ടെലഗ്രാമിലൂടെ പുറത്തുവിട്ട പ്രസ്താവനയിലാണ് അദ്ദേഹം രാജ്യത്തിന്റെ നയം വ്യക്തമാക്കിയത്.
"ഇറാൻ ഒരിക്കലും യുദ്ധമോ അസ്ഥിരതയോ ആഗ്രഹിക്കുന്നില്ല. മറ്റു രാജ്യങ്ങളുമായി ചർച്ചകൾക്കും ക്രിയാത്മക സഹകരണത്തിനുമാണ് ഞങ്ങൾ എന്നും ആഹ്വാനം ചെയ്യുന്നത്. എന്നാൽ ഞങ്ങളുടെ രാജ്യത്തിന് മേൽ ആധിപത്യം സ്ഥാപിക്കാനോ കീഴടങ്ങാൻ നിർബന്ധിക്കാനോ ഉള്ള ഏതൊരു ശ്രമവും പരാജയപ്പെടും. ഇറാനിലെ ജനങ്ങൾ അത്തരം സമീപനങ്ങളെ ഒരിക്കലും അംഗീകരിക്കില്ല," പെസെഷ്കിയാൻ പറഞ്ഞു.
ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതോടെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. ഇതിനെത്തുടർന്ന് ഇസ്രായേലിനും പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കും നേരെ ഇറാൻ പ്രത്യാക്രമണം നടത്തിയിരുന്നു.
സംഘർഷം ലഘൂകരിക്കുന്നതിനായി ഏപ്രിൽ 11-ന് പാകിസ്താൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ വെച്ച് ഇറാനും അമേരിക്കയും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ, പ്രധാന വിഷയങ്ങളിലുള്ള ഭിന്നതകൾ കാരണം യുദ്ധത്തിന് ശാശ്വത പരിഹാരം കാണാൻ ചർച്ചകൾക്ക് സാധിച്ചില്ലെന്ന് ഇരുരാജ്യങ്ങളും വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിൽ സമാധാനം പുനസ്ഥാപിക്കാനുള്ള നയതന്ത്ര നീക്കങ്ങൾ തുടരുന്നതിനിടെയാണ് ഇറാൻ പ്രസിഡന്റിന്റെ നിർണ്ണായക പ്രസ്താവന.
നേരത്തേ ഡോണാൾഡ് ട്രംപും ചർച്ചക്ക് തയ്യാറാണെന്ന് പറഞ്ഞിരുന്നു. ഇറാനുമായുള്ള സമാധാന ചർച്ചകൾ വരും ദിവസങ്ങളിൽ പുനരാരംഭിക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് സൂചിപ്പിച്ചത്. എന്നാൽ ഹുർമുസ് കടലിടുക്കിൽ അമേരിക്കയുടെ നാവിക ഉപരോധം രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതുവരെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടലുകളൊന്നും ഉണ്ടായിട്ടില്ല. ട്രംപിന്റെ ഭീഷണികൾ മറികടന്ന് ചൈനയുടേത് ഉൾപ്പെടെ നിരവധി കപ്പലുകൾ ഇതിനോടകം ഹുർമുസ് കടന്നിട്ടുണ്ട്. ഇറാൻ തുറമുഖങ്ങളിലേക്കും തിരികെയും വരുന്ന വാണിജ്യ കപ്പലുകളെ ആക്രമിക്കില്ലെന്ന് യു.എസ് സേന തീരുമാനിച്ചതായാണ് പുതിയ റിപ്പോർട്ടുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.