തെഹ്റാൻ: ഇറാനിലെ ബുഷെഹർ പ്രവിശ്യക്ക് മുകളിൽ ഒരു യു.എസ് വിമാനം വെടിവെച്ചിട്ടെന്ന് ഇറാൻ. ദക്ഷിണ ഇറാന്റെ തീരദേശ പ്രവിശ്യയായ ബുഷെഹറിലെ ജാം ഗവർണറേറ്റിൽ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച അമേരിക്കൻ യുദ്ധവിമാനം ഇറാൻ സൈന്യം വെടിവെച്ചിട്ടതായി ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
എന്നാൽ, പ്രദേശത്തിന് സമീപം ഒരു അമേരിക്കൻ വിമാനവും നശിപ്പിക്കപ്പെട്ടിട്ടില്ലെന്ന് യു.എസ് ഉദ്യോഗസ്ഥൻ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യു.എസ് വിമാനം വെടിവെച്ചിട്ടുവെന്ന ഇറാനിയൻ മാധ്യമങ്ങളുടെ അവകാശവാദം നിഷേധിക്കുന്നതായി യു.എസ് സെൻട്രൽ കമാൻഡ് എക്സിലെ ഒരു പോസ്റ്റിൽ കുറിച്ചു.
യു.എസ് വിമാനത്തെ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തകർത്തതായി ജാം കൗണ്ടി ഗവർണർ മസൂദ് ടാംഗെസ്താനി സ്ഥിരീകരിച്ചതായി തസ്നീം വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങളോ ഏത് തരത്തിലുള്ള വിമാനമാണ് വെടിവെച്ചിട്ടതെന്ന വിവരങ്ങളോ പുറത്തുവിട്ടിരുന്നില്ല.
ഹുർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്നതിനും വെടിനിർത്തൽ നീട്ടുന്നതിനും യു.എസും ഇറാനും ചർച്ചകൾ നടത്തുന്നുവെന്ന വാർത്തകൾക്കിടെയാണ് വ്യോമാക്രമണ റിപ്പോർട്ട്. അതേസമയം, നിർദ്ദിഷ്ട കരാറിന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൽനിന്ന് ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ടുകൾ പറയുന്നു. അന്തിമ കരാറിലെത്തിയിട്ടില്ലെന്ന് ഇറാൻ മാധ്യമങ്ങളും സ്ഥിരീകരിച്ചു. ഹുർമുസ് കടലിടുക്കിന് സമീപം നാല് കപ്പലുകളെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ലക്ഷ്യമിട്ടതായി റിപ്പോർട്ട് ചെയ്തതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഏറ്റവും പുതിയ അവകാശവാദം.
അതേസമയം, ഇറാന്റെ സൈനിക ബന്ധമുള്ള എണ്ണ വ്യാപാര ശൃംഖലക്കെതിരെ വ്യാഴാഴ്ച അമേരിക്ക പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. ഇറാനിയൻ അസംസ്കൃത എണ്ണയും പെട്രോളിയം ഉൽപ്പന്നങ്ങളും കടത്തിക്കൊണ്ടുവന്നതായി ആരോപിക്കപ്പെടുന്ന എട്ട് കപ്പലുകളെ കരിമ്പട്ടികയിൽ ഉൾപെടുത്തിയതായി യു.എസ് ട്രഷറി വകുപ്പ് അറിയിച്ചു. കരിമ്പട്ടികയിൽ ഉൾപ്പെട്ടതിൽ മാർഷൽ ദ്വീപുകളിൽ രജിസ്റ്റർ ചെയ്ത ടാങ്കർ ഫ്ലോറ, കൊമോറോസ് പതാകയുള്ള ഹൗൺകായോ, പനാമ പതാകയുള്ള ഇൽ ഗ്യാപ്പ് എന്നീ കപ്പലുകളും ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.