ഒരു ഡോളറിന് 20 ലക്ഷം റിയാൽ; ഇറാന്റെ കറൻസി റെക്കോർഡ് തകർച്ചയിൽ, കുപ്പുകുത്തി സമ്പദ്‍രംഗം

വാഷിങ്ടൺ/തെഹ്‌റാൻ: അമേരിക്ക കടുത്ത സാമ്പത്തിക നടപടികൾക്ക് തയാറെടുക്കുന്നതിനിടെ, ഇറാന്റെ കറൻസിയായ റിയാൽ ഡോളറിനെതിരെ സർവകാല റെക്കോർഡ് തകർച്ചയിൽ. സമാന്തര വിപണിയിൽ തിങ്കളാഴ്ച ഒരു യു.എസ് ഡോളറിന് ഏകദേശം 20.2 ലക്ഷം റിയാലായാണ് ഇടിഞ്ഞത്. ഇറാനിലെ വിനിമയ നിരക്കുകൾ നിരീക്ഷിക്കുന്ന ‘ബോൺബാസ്റ്റ് ഡോട്ട് കോം’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് തൊട്ടുപിന്നാലെ മാർച്ച് ആദ്യം ഒരു ഡോളറിന് 15.3 ലക്ഷം റിയാലായിരുന്നു നിരക്ക്.

സംഘർഷത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് വ്യക്തമാക്കിയ യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്, ഇറാനെതിരെ ‘സാമ്പത്തിക ഡി-ഡേ’ (ഇക്കണോമിക് ഡി-ഡേ) പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പ് നൽകി. ഒരു ശത്രുവിനെതിരെ ചരിത്രത്തിൽ ഇതുവരെ നടപ്പിലാക്കിയിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ സാമ്പത്തിക ആക്രമണത്തിനാണ് വാഷിങ്ടൺ തയാറെടുക്കുന്നതെന്ന് തിങ്കളാഴ്ച ‘ഫൈനാൻഷ്യൽ ടൈംസി’ ൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഇറാനെ സഹായിക്കുന്ന രാജ്യങ്ങൾക്കെതിരെ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ആഴ്ച മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും പ്രത്യേക രാജ്യങ്ങളുടെ പേരുകൾ അദ്ദേഹം പരാമർശിച്ചിരുന്നില്ല.

ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചതുമുതൽ നിലവിലുള്ള ഉപരോധങ്ങളുടെയും കയറ്റുമതി ഇടിവിന്റെയും ഭാരത്തിൽ ഇറാൻ റിയാൽ കടുത്ത സമ്മർദ്ദത്തിലാണ്. ഇറാൻ നിലവിൽ എണ്ണ കയറ്റുമതി ഒന്നും ചെയ്യുന്നില്ലെന്നും അമേരിക്കയുടെ ഉപരോധം കാരണം വിദേശനാണ്യ ശേഖരത്തിലേക്കുള്ള പ്രവേശനം കൂടുതൽ ദുഷ്കരമായെന്നും രാജ്യത്തെ സെൻട്രൽ ബാങ്ക് മേധാവി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

സ്റ്റേറ്റ് ടെലിവിഷനിൽ സംസാരിക്കവെ സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുൽനാസർ ഹെമ്മാതി ഇക്കാര്യം തുറന്നുപറഞ്ഞു. വിദേശത്തുള്ള സഹപ്രവർത്തകരുമായി സംസാരിച്ചതായും എണ്ണ വിൽപനയിൽ നിന്നുള്ള വരുമാനം ‘പൂജ്യമായി കുറഞ്ഞിരിക്കുകയാണെന്ന്’ അവർ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് എണ്ണ കയറ്റുമതി ചെയ്യാൻ കഴിയുന്നില്ല എന്നത് യാഥാർഥ്യമാണ്- അദ്ദേഹം വ്യക്തമാക്കി.

യുദ്ധം സൃഷ്ടിച്ച ആഘാതത്തിന് പുറമെ നാണയപ്പെരുപ്പം, കറൻസി തകർച്ച, ഊർജ്ജക്ഷാമം, കടുത്ത ഉപരോധങ്ങൾ എന്നിവ കാരണം ഇറാൻ സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്.

ഈ വർഷം ഇറാന്റെ സമ്പദ്‌വ്യവസ്ഥ 5.4 ശതമാനം ചുരുങ്ങുമെന്നാണ് അന്താരാഷ്ട്ര നാണ്യനിധിയുടെ ജൂലൈ മാസത്തെ വിലയിരുത്തൽ. കൂടാതെ, 2026ൽ രാജ്യത്തെ നാണയപ്പെരുപ്പം ഏകദേശം 70 ശതമാനമായി ഉയരുമെന്നും പ്രവണിക്കപ്പെടുന്നു.

അതേസമയം, രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർക്കാനുള്ള പുതിയ അമേരിക്കൻ ഉപരോധത്തോട് സഹകരിക്കുന്ന അയൽ രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച സാമ്പത്തിക യുദ്ധത്തിൽ ചേരുന്ന അയൽ രാജ്യങ്ങളെ തങ്ങൾ ശത്രുക്കളായി കണക്കാക്കി അവരുടെ സാമ്പത്തിക താൽപര്യങ്ങളെ ലക്ഷ്യമിടുമെന്ന് ഇറാൻ സുപ്രീം നാഷനൽ സെക്യൂരിറ്റി കൗൺസിലിന്റെ പുതിയ മേധാവി മുഹ്സിൻ രിസായി പറഞ്ഞു.

ഹുർമുസ് കടലിടുക്കിന് പുറത്തുള്ള പേർഷ്യൻ ഗൾഫിലെ എണ്ണ കയറ്റുമതി പാതകളെയും ലക്ഷ്യമിടുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകിയത്. മുമ്പുണ്ടായിട്ടില്ലാത്ത വിധത്തിലുള്ള സാമ്പത്തിക യുദ്ധവും ഒറ്റപ്പെടുത്തലും ഏർപ്പെടുത്തി ഇറാന്റെ വേദന വർധിപ്പിക്കുമെന്ന് കഴിഞ്ഞയാഴ്ച ട്രംപ് പറഞ്ഞതിന് മറുപടിയായി, ട്രംപിന് എന്തെങ്കിലും ചെയ്യണമെന്നുണ്ടെങ്കിൽ ചെയ്യട്ടെയെന്നും ഭൂകമ്പതുല്യമായ മറുപടി ഇറാനിൽനിന്ന് പ്രതീക്ഷിക്കണമെന്നും സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Iran rial hits record low at 20 lakh per dollar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.