അമേരിക്കക്കെതിരെ ഇറാന് മേൽക്കൈ; പ്രതിരോധ മേഖലയിൽ ജാഗ്രത വേണമെന്ന് ബ്രിട്ടന്റെ മുന്നറിയിപ്പ്

ലണ്ടൻ: ആഗോള രാഷ്ട്രീയ സാഹചര്യത്തിൽ അമേരിക്കയെക്കാൾ ഇറാന് മേൽക്കൈ ലഭിച്ചുവെന്ന വെളിപ്പെടുത്തലുമായി മുൻ MI6 മേധാവി സർ അലക്സ് യങർ. ഡോണാൾഡ് ട്രംപിന്റെ നയതന്ത്ര പരാജയങ്ങൾ ഇറാൻ മുതലെടുത്തതായും അദ്ദേഹം നിരീക്ഷിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജ്യത്തിന്റെ പ്രതിരോധ മേഖലക്ക് അടിയന്തര പ്രാധാന്യം നൽകിയില്ലെങ്കിൽ ഭാവിയിൽ വലിയ വില നൽകേണ്ടി വരുമെന്ന് പാർലമെന്ററി സമിതിയും മുന്നറിയിപ്പ് നൽകി.

2014 മുതൽ 2020 വരെ ബ്രിട്ടീഷ് രഹസ്യാന്വേഷണ ഏജൻസിയായ MI6-ന്റെ തലവനായിരുന്ന സർ അലക്സ് യങർ 'ദി ഇക്കണോമിസ്റ്റി'ന് നൽകിയ അഭിമുഖത്തിലാണ് ഈ വിലയിരുത്തൽ നടത്തിയത്. ഇറാന്റെ കരുത്തിനെ അമേരിക്ക കുറച്ചുകാണിച്ചുവെന്നും രണ്ടാഴ്ച മുമ്പ് തന്നെ മേഖലയിലെ നിയന്ത്രണം അമേരിക്കക്ക് നഷ്ടമായെന്നും അലക്സ് വിമർശിച്ചു.

സൈനിക ശേഷി വികേന്ദ്രീകരിച്ചും അധികാരം വിഭജിച്ചു നൽകിയും ഇറാൻ കൂടുതൽ കരുത്താർജിച്ചു. ഇന്ധന വിപണിയെ സ്വാധീനിച്ച് സംഘർഷത്തെ ആഗോളവൽക്കരിക്കാൻ ഇറാന് സാധിച്ചുവെന്നും അലക്സ് വിലയിരുത്തി. ഇത് അമേരിക്കക്ക് മേൽ നേരിട്ടുള്ള സാമ്പത്തിക സമ്മർദ്ദം ചെലുത്താൻ അവരെ സഹായിച്ചു. ‘ഇറാന് ഇത് നിലനിൽപ്പിനായുള്ള പോരാട്ടമാണ്. എന്നാൽ, ട്രംപിനെ സംബന്ധിച്ചിടത്തോളം ഇതൊരു ഐച്ഛികമായ യുദ്ധം മാത്രമാണ്. ഈ തിരിച്ചറിവ് ഇറാനു കൂടുതൽ ആത്മവിശ്വാസം നൽകുന്നു’ -സർ അലക്സ് വ്യക്തമാക്കി.

ഇറാന് മേൽക്കൈ ലഭിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടന്റെ സൈനിക സജ്ജീകരണങ്ങളിൽ പ്രതിരോധ സെലക്ട് കമ്മിറ്റി ചെയർമാൻ തൻ ധേസി ആശങ്ക പ്രകടിപ്പിച്ചു. ‘പ്രതിരോധവും സുരക്ഷയും ഗൗരവമായി കണ്ടില്ലെങ്കിൽ പിന്നീട് ദുഃഖിക്കേണ്ടി വരും. ഇറാന് ചുറ്റും ട്രംപ് സൈനിക വിന്യാസം നടത്തുമ്പോൾ, ഒരൊറ്റ റോയൽ നേവി കപ്പൽ പോലും വിട്ടുനൽകാൻ ബ്രിട്ടന് സാധിക്കാത്തത് നാണക്കേടാണെന്ന് തൻ ധേസി പറഞ്ഞു.

പ്രതിരോധ മേഖലക്കായി ജി.ഡി.പിയുടെ 3.5 ശതമാനം തുക മാറ്റിവക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നിലവിൽ ബ്രിട്ടീഷ് അന്തർവാഹിനികളുടെ അറ്റകുറ്റപ്പണികൾ പോലും മുടങ്ങിക്കിടക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, അധികാരത്തിലേറി രണ്ടു വർഷം കഴിഞ്ഞിട്ടും പ്രതിരോധ കാര്യങ്ങളിൽ വ്യക്തമായ നയമില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് കെമി ബേഡനോക്ക് പ്രധാനമന്ത്രി കീർ സ്റ്റാർമറെ രൂക്ഷമായി വിമർശിച്ചു. റഷ്യൻ ഭീഷണിയും അമേരിക്കയുടെ മാറുന്ന നയങ്ങളും കണക്കിലെടുത്ത് ബ്രിട്ടൻ അടിയന്തരമായി സൈനിക ശേഷി വർധിപ്പിക്കണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.

Tags:    
News Summary - Iran has 'upper hand' on US, says former MI6 boss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.