ലിയോ പതിനാലാമൻ മാർപാപ്പക്ക് അർബുദം സ്ഥിരീകരിച്ചു; ശ്വാസകോശ അറയുടെ താഴ്ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കി
റോം: ലിയോ പതിനാലാമൻ മാർപാപ്പക്ക് ശ്വാസകോശത്തിൽ അർബുദം സ്ഥിരീകരിച്ചു. വലതു ശ്വാസകോശ അറയുടെ താഴ്ഭാഗം ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തതിനു പിന്നാലെയാണ് അർബുദം സ്ഥിരീകരിച്ചതെന്ന് വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിനിലൂടെ അറിയിച്ചു.
ശ്വാസകോശത്തിനുള്ളിലെ ചെറിയ മുഴ പുറത്തെടുത്തു നടത്തിയ പരിശോധനയിലാണ് അഡിനോകാർസിനോമ എന്ന അർബുദം സ്ഥിരീകരിച്ചത്. 90 മിനിറ്റ് നീണ്ട ശസ്ത്രക്രിയക്കുശേഷം മാർപാപ്പയെ മുറിയിലേക്കു മാറ്റി. ഒരാഴ്ചത്തെ പൂർണവിശ്രമം ഡോക്ടർമാർ നിർദേശിച്ചു. ചൊവ്വാഴ്ച രാവിലെയാണ് 71കാരനായ മാർപാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പതിവ് ആരോഗ്യ പരിശോധനക്കിടെയാണ് മാർപാപ്പയുടെ ശ്വാസകോശത്തിൽ ചെറിയ മുഴ കണ്ടെത്തിയത്. രോഗലക്ഷണങ്ങൾ പ്രാരംഭഘട്ടത്തിൽതന്നെ തിരിച്ചറിയാനായെന്നും മുഴ ഒരു പ്രത്യേക ഭാഗത്ത് മാത്രമായി ഒതുങ്ങിനിൽക്കുന്നതാണെന്നും ഞായറാഴ്ച സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെ മാർപാപ്പ വ്യക്തമാക്കിയിരുന്നു.
മാർപാപ്പയുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട അപ്രതീക്ഷിത വാർത്ത വത്തിക്കാൻ നേതൃത്വത്തെയും വിശ്വാസികളെയും ആശങ്കയിലാക്കിയിട്ടുണ്ട്. എന്നാൽ, രോഗാവസ്ഥ നേരത്തേ കണ്ടെത്താൻ കഴിഞ്ഞത് ആശ്വാസകരമാണെന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ പറഞ്ഞു. തുടക്കത്തിൽത്തന്നെ രോഗം സ്ഥിരീകരിച്ചതിനാൽ ആരോഗ്യനില മെച്ചപ്പെടുമെന്നും മറ്റു ഭാഗങ്ങളിലേക്കു വ്യാപിച്ചിട്ടില്ലെങ്കിൽ കാര്യമായ തുടർചികിത്സ ആവശ്യമില്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി.
“ശസ്ത്രക്രിയ വിജയകരമായിരുന്നു. സങ്കീർണതകളൊന്നും ഉണ്ടായില്ല” -വത്തിക്കാൻ അറിയിച്ചു. ശസ്ത്രക്രിയക്കുശേഷം മാർപാപ്പ മയക്കംവിട്ട് ഡോക്ടർമാരോട് സംസാരിച്ചെന്നും
നിരീക്ഷണത്തിൽ കഴിഞ്ഞതിന് ശേഷം മുറിയിലേക്ക് മാറ്റിയെന്നും പ്രസ്താവനയിൽ വ്യക്തമാക്കി. അർബുദം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി കൂടുതൽ പരിശോധനകൾ നടത്തിവരികയാണെന്ന് വത്തിക്കാൻ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി എ.എഫ്.പി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.