പ്രതിരോധമന്ത്രിയും സൈനിക മേധാവിയും കൊല്ലപ്പെട്ടെന്ന് ഇറാൻ

തെഹ്റാൻ: സൈനിക മേധാവിയും പ്രതിരോധമന്ത്രിയും ആക്രമണങ്ങളിൽ കൊല്ലപ്പെട്ടുവെന്ന് ഇറാൻ. വാർത്ത ഏജൻസിയായ ഇർനയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. സൈനികമേധാവി അബ്ദുൽ റഹീം മൗസവി, പ്രതിരോധമന്ത്രി അസീസ് നാസിർസാദെ എന്നിവരാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച നടന്ന യു.എസ്-ഇസ്രായേൽ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. ഇതിന് പുറമേ ആക്രമണങ്ങളിൽ മറ്റ് ചില പ്രമുഖരും കൊല്ല​പ്പെട്ടിട്ടുണ്ടെന്നും ഇവരുടെ പേരുകൾ വൈകാതെ പുറത്തുവിടുമെന്നും ഇറാൻ അറിയിച്ചു.

ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു

തെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടു. ഇറാൻ മാധ്യമങ്ങളാണ് ഖാംനഈയുടെ കൊലപാതകം സ്ഥിരീകരിച്ചത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും അലി ഖാംനഈയുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ഖാംനഈയുടെ മരണം ട്രംപാണ് സമൂഹമാധ്യമത്തിലൂടെ ആദ്യം അറിയിച്ചത്. തുടർന്ന് താസ്നിം ഫാർസ് തുടങ്ങിയ വാർത്ത ഏജൻസികളും മരണം സ്ഥിരീകരിച്ച് രംഗത്തെത്തി. ഖാംനഈയുടെ മകളും മരുമകനും കൊച്ചുമകളും കൊല്ലപ്പെട്ടതായും ഇറാൻ വാർത്ത ഏജൻസികൾ റിപ്പോർട്ട്​ ചെയ്തു.

ഖാംനഈയുടെ മരണത്തിൽ ഏഴ് ദിവസത്തെ അവധി ഇറാൻ സർക്കാർ രാജ്യത്ത് പ്രഖ്യാപിച്ചിട്ടുണ്ട്. 40 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും നടത്തും. ഖാംനഈയുടെ മരണം സ്ഥിരീകരിച്ചു​വെങ്കിലും ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ ഇറാൻ മാധ്യമങ്ങൾ തയാറായിട്ടില്ല.

1981 മുതൽ 1989 വരെ ഇറാന്റെ പ്രസിഡന്റായിരുന്ന ഖാംനൗ 1989ലാണ് പരമോന്നത നേതാവാകുന്നത്. ഇറാ​ന്റെ സൈനിക, അർധ സൈനിക വിഭാഗങ്ങളെ ശാക്തീകരിക്കുന്നതിൽ ഖാംനഈ മുഖ്യപങ്കുവഹിച്ചു. ഇറാഖുമായുള്ള യുദ്ധം നടക്കുമ്പോൾ ഖാംനഈയായിരുന്നു ഇറാന്റെ പ്രസിഡന്റ്. യു.എസ് പിന്തുണയോടെയാണ് അന്ന് ഇറാഖ് യുദ്ധം ചെയ്തത്. പിൽക്കാലത്ത് കടുത്ത അമേരിക്കൻ-പാശ്ചാത്യൻ വിരുദ്ധത ഖാംനഈയിൽ അടിയുറച്ച ഒരു വിശ്വാസമായി രൂപപ്പെടാൻ ഈ യുദ്ധം കാരണമായിരുന്നു.

ഖാംനഈ കൊല്ല​പ്പെട്ടത് ഇറാന്റെ മാത്രമല്ല യു.എസിന്റെ കൂടി വിജയമാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഇറാൻ ജനതക്ക് സ്വന്തം രാജ്യത്തെ തിരിച്ച് പിടിക്കാനുള്ള അവസരമാണിത്. ഇറാന്റെ ഐ.ആർ.ജി, മിലിറ്ററി, പൊലീസ് ഉൾപ്പടെയുള്ള മറ്റ് സുരക്ഷാസേനകൾ എന്നിവക്കെല്ലാം പോരാടാനുള്ള താൽപര്യം നഷ്ടപ്പെട്ടതായി ട്രംപ് അവകാശപ്പെട്ടു. അവർ ഇറാനെ വീണ്ടെടുക്കാനുള്ള ദേശസ്നേഹികളുടെ ദൗത്യത്തിനൊപ്പം അവരും ചേരണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു.

അതേസമയം, ഖാംനഈയുടെ മരണത്തിന് പിന്നാലെ ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ ആളുകൾ ഒത്തുകൂടുന്നതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ഖാംനഇൗയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താനാണ് ഇറാൻ ജനത കൂട്ടത്തോടെ തെരുവുകളിലേക്ക് ഇറങ്ങുന്നത്. ഖാംനഈയുടെ കൊലപാതകത്തിന് പിന്നാലെ വീണ്ടും തെഹ്റാനിൽ നിന്ന് സ്ഫോടനശബ്ദം​ കേട്ടതായി റിപ്പോർട്ടുകളുണ്ട്.

Tags:    
News Summary - Iran confirms killing of defence minister, army chief of staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.