ജക്കാർത്ത: ലോകത്തിലെ ഏറ്റവും വലിയ ഇസ്‍ലാമിക സംഘടനയായ ‘നഹ്‌ലത്തുൽ ഉലമ’യുടെ നേതൃത്വം അവരുടെ ചെയർമാനോട് രാജി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇസ്രായേലിനെ ശക്തമായി പിന്തുണച്ചതിന് പേരുകേട്ട ഒരു അമേരിക്കൻ പണ്ഡിതനെ ഈ വർഷം ആദ്യം നടന്ന സംഘടനയുടെ പരിപാടിയിലേക്ക് ക്ഷണിച്ചതിനെ തുടർന്നാണിത്.
ഏകദേശം 100 ദശലക്ഷം അംഗങ്ങളും അനുബന്ധ സ്ഥാപനങ്ങളുമുള്ള ലോകത്തിലെ ഏറ്റവും വലിയ ഇസ്‍ലാമിക സംഘടനയായ എൻ.യുവിന്റെ നേതൃത്വം, ചെയർമാൻ യഹ്‌യ ചൊലിൽ സ്റ്റാഖിന് രാജി സമർപ്പിക്കാനോ അല്ലെങ്കിൽ സ്ഥാനത്തുനിന്ന് മാറാനോ മൂന്ന് ദിവസത്തെ സമയം നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു.
ആഗസ്റ്റിൽ നടന്ന പരിപാടിയിലേക്ക് അന്താരാഷ്ട്ര സയണിസ്റ്റ് ശൃംഖലയുമായി ബന്ധമുള്ള ഒരു വ്യക്തിയെ യഹ്‌യ സ്റ്റാഖ് ക്ഷണിച്ചതിനു പുറമെ, സാമ്പത്തിക ദുരുപയോഗത്തിന് ആരോപണ വിധേയനായി എന്നതും ചൂണ്ടിക്കാട്ടിയാണ് സ്ഥാനമൊഴിയാൻ ആവശ്യപ്പെട്ടത്. മുൻ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥനും പണ്ഡിതനുമായ പീറ്റർ ബെർക്കോവിറ്റ്‌സിനെയാണ് പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സ്റ്റാഖ്ഫ് ക്ഷണിച്ചത്.
ഗസ്സയിലെ ഇസ്രായേലിന്റെ യുദ്ധത്തെ പിന്തുണച്ച് ബെർക്കോവിറ്റ്‌സ് പലപ്പോഴും എഴുതാറുണ്ടെന്ന് അദ്ദേഹത്തിന്റെ വെബ്‌സൈറ്റിൽ കാണിക്കുന്നു. ഇസ്രായേൽ ഫലസ്തീൻ പ്രദേശത്ത് വംശഹത്യ നടത്തിയെന്ന വസ്തുത നിരാകരിക്കാൻ ലക്ഷ്യമിട്ടുള്ള സെപ്റ്റംബറിലെ ഒരു ലേഖനം ഉൾപ്പെടെയാണിത്.
ഒരു സാങ്കൽപിക ഫലസ്തീൻ രാഷ്ട്രത്തിന്റെ ഔപചാരിക അംഗീകാരം സുരക്ഷ, സ്ഥിരത, സമാധാനം എന്നിവയെ പിന്നോട്ടടിപ്പിക്കുന്നുവെന്നും പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങളിലെ വളർന്നുവരുന്ന മുസ്‍ലിം ജനസംഖ്യയെ ഇത് ബാധിക്കുന്നു എന്നും ബെർക്കോവിറ്റ്‌സ് പറഞ്ഞു.
എന്നാൽ, ബെർകോവിറ്റ്‌സിനെ ക്ഷിച്ചതിന് സ്റ്റാഖഫ് ക്ഷമാപണം നടത്തി. പണ്ഡിതന്റെ പശ്ചാത്തലം ശ്രദ്ധാപൂർവ്വം പരിശോധിക്കാതെ പോയെന്നും സമ്മതിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.