ബഹ്റൈന്‍: റഷ്യയിൽ നിന്നും അസംസ്‌കൃത എണ്ണ വാങ്ങുന്നതിന് ഇന്ത്യക്ക് നൽകിയിരുന്ന ഇളവുകൾ ഇനി തുടർന്നേക്കില്ലെന്ന് ട്രംപ് ഭരണകൂടം സൂചന നൽകിയതോടെ ഇന്ത്യയുടെ ഇറക്കുമതി മേഖല പുതിയ സമ്മർദ്ദത്തിലേക്ക് നീങ്ങിയേക്കാം. റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള ഇളവുകൾ അവസാനിപ്പിക്കാനുള്ള സാധ്യത ഇപ്പോഴും പരിഗണനയിലാണെന്ന് ബഹ്റൈന്‍ സന്ദർശനത്തിനിടെ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. എങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ്. വിപണിയിലെ നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമായിരിക്കും ഇളവുകൾ നീട്ടണോ അതോ അവസാനിപ്പിക്കണോ എന്ന് ട്രംപ് തീരുമാനിക്കുകയെന്ന് റൂബിയോ വ്യക്തമാക്കി.
ക്രൂഡ് ഓയിൽ വില സമീപകാലത്തെ ഉയർന്ന നിലയിൽ നിന്ന് കുറഞ്ഞുവരുന്നതിനാൽ ആഗോള ഊർജ്ജ വിപണിയെ കാര്യമായി ബാധിക്കാതെ തന്നെ നിയന്ത്രണങ്ങൾ കർശനമാക്കാൻ ഭരണകൂടത്തിന് സാധിക്കും. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലമുണ്ടായ ആഗോള ഇന്ധനതടസ്സങ്ങൾ റഷ്യൻ ക്രൂഡ് ഓയിലിനെ ഇന്ത‍്യ വൻതോതിൽ ആശ്രയിക്കുന്നതിന് കാരണമായിട്ടുണ്ട്. കെപ്ലർ പുറത്തിറക്കിയ പ്രാഥമിക കണക്കുകൾ പ്രകാരം ജൂണിലെ എണ്ണ ഇറക്കുമതി റെക്കോർഡ് ഉയരത്തിലാണ്. പ്രതിദിനം ശരാശരി 2.6 ദശലക്ഷം ബാരൽ എണ്ണയാണ് ഇറക്കുമതി ചെയ്യുന്നത്. ഇത് ഈ മാസത്തെ ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 53.5 ശതമാനമാണ്. ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഉയരുന്നത് ഒഴിവാക്കാൻ ഉപരോധങ്ങൾ ക്രമീകരിക്കുമെന്ന് ട്രംപ് ഭരണകൂടം മുമ്പ് സൂചിപ്പിച്ചിരുന്നു. എങ്കിലും എണ്ണവിലയിലെ സമീപകാല ഇടിവ് വിതരണത്തെക്കുറിച്ചുള്ള ആശങ്കകൾ കുറച്ചേക്കാം. ഇത് കൂടുതൽ കർശനമായ നടപടികൾക്ക് വഴിയൊരുക്കിയേക്കും. നിലവിൽ വിഷയം വാഷിങ്ടൺ പരിഗണിക്കുന്നുണ്ടെന്നാണ് റൂബിയോയുടെ പരാമർശങ്ങൾ സൂചിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.