ലണ്ടൻ: യു.കെയിൽ അഞ്ചുവയസുകാരിയായ മകളെ വീട്ടിൽവെച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യക്കാരിയായ മാതാവ് കുറ്റം സമ്മതിച്ചു. കോവിഡ് 19െൻറ ഭയത്തെ തുടർന്നാണ് കൊലപാതകമെന്നാണ് വിവരം.
കോവിഡ് ബാധിച്ച് മരിക്കുമെന്ന് ഭയപ്പെട്ടു. ഇതോടെ അഞ്ചുവയസായ മകൾക്ക് അമ്മയെ കൂടാതെ ജീവിക്കാൻ കഴിയില്ലെന്ന് ചിന്തിച്ചതോടെയാണ് കൊലപാതകമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തെക്കൻ ലണ്ടനിൽ 2020 ജൂൺ 30നായിരുന്നു സംഭവം. സുധ ശിവാനന്തം എന്ന 36കാരി മകൾ സായഗിയെ കിടപ്പുമുറിയിൽവെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
കൊറോണ വൈറസ് ബാധിക്കുമെന്ന ഭയം സ്ത്രീയെ അലട്ടിയിരുന്നതായും ലോക്ഡൗൺ നിയന്ത്രണങ്ങൾ കൂടി വന്നതോടെ ഭയം ഇരട്ടിയായതായും ഭർത്താവ് പറഞ്ഞു. കൊലപാതകത്തിന് ശേഷം സുധ ഒരു വർഷത്തോളം മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
2006 മുതൽ സുധയും കുടുംബവും യു.കെയിലാണ് താമസം. രോഗങ്ങളെക്കുറിച്ച് ആശങ്ക സുധയെ അലട്ടിയിരുന്നു. കൂടാതെ രോഗം വന്ന് മരിക്കുമെന്ന ഭയവും ഉടലെടുത്തിരുന്നതായി പ്രോസിക്യൂട്ടർ പറഞ്ഞു.
സംഭവം നടന്ന ദിവസം, ഭർത്താവിനോട് ജോലിക്ക് പോകരുതെന്ന് അപേക്ഷിച്ചിരുന്നു. കൂടാതെ, സുഹൃത്തുക്കളോട് തനിക്ക് സുഖമില്ലെന്ന് അറിയിക്കുകയും ചെയ്തിരുന്നു.
വൈകിട്ട് നാലുമണിയോടെ അയൽക്കാർ മിച്ചം, മൊണാർക്ക് പരേഡിലെ ഫ്ലാറ്റിലെത്തിയപ്പോൾ സുധയെ സ്വയം പരിക്കേൽപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സായാഗിയെ കട്ടിലിൽ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി. മകളുടെ കഴുത്തിലും നെഞ്ചിലും വയറിലും നിരവധി തവണ കുത്തേറ്റതിെൻറ പാടുകളുണ്ടായിരുന്നു. സുധയെ രണ്ടുമാസത്തെ ചികിത്സക്ക് ശേഷം പൊലീസ് കസ്റ്റഡിയിലേക്ക് മാറ്റിയിരുന്നു.
കോവിഡ് മൂലമുണ്ടായ ഭയവും സാമൂഹിക ഒറ്റപ്പെടലുമാണ് ഭാര്യ മകളെ കൊല്ലാൻ കാരണമായതെന്ന് സുധയുടെ ഭർത്താവ് കോടതിയിൽ പറഞ്ഞു.
കൊലപാതകത്തിന് മുമ്പ് തങ്ങളുടെ കുടുംബം സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നു. സ്വബോധത്തോടെ മകളെ ഭാര്യക്ക് കൊല്ലാൻ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിലവിൽ സുധയെ ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.