ലണ്ടൻ: ബ്രിട്ടണിൽ രണ്ട് പതിറ്റാണ്ടിലധികം നീണ്ട നിയമപോരാട്ടത്തിലൂടെ ഭർത്താവിൽ നിന്ന് 85 കോടി രൂപ ജീവനാംശം നേടി ഇന്ത്യൻ വംശജ വർഷ ഗോഹിൽ. സ്വത്തിന്റെ വലിയൊരുഭാഗം മറച്ചുവെച്ച് തുച്ഛമായ തുക നഷ്ടപരിഹാരം നൽകി വിവാഹമോചന കേസ് ഒത്തുതീർപ്പാക്കിയ ഭർത്താവിന്റെ സ്വത്തിൽ നിന്ന് തനിക്ക് അവകാശപ്പെട്ടത് പൂർണമായും നേടിയെടുക്കുന്നതിന് വർഷ സഞ്ചരിച്ച നിയമ പോരാട്ട വഴികൾ അതിസങ്കീർണമായിരുന്നു. നേരത്തെ ഏകദേശം 3.5 കോടി രൂപ നഷ്ടപരിഹാരം സ്വീകരിച്ച് അവസാനിപ്പിച്ച കേസിലാണ് പുനരന്വേഷണത്തിലൂടെ 6.6 ദശലക്ഷം പൗണ്ട് (ഏകദേശം 85 കോടി രൂപ) നഷ്ടപരിഹാരം വർഷക്ക് ലഭിച്ചത്.
ബ്രിട്ടണിലെ ഏറ്റവും ശ്രദ്ധേയമായ വിവാഹമോചന പോരാട്ടങ്ങളിലൊന്നായിരുന്നു ഇത്. വ്യഭിചാരവും അന്യായമായ പെരുമാറ്റവും ആരോപിച്ച് ഭർത്താവ് ഭദ്രേഷ് ഗോഹിലിൽ നിന്ന് വിവാഹമോചനം തേടി 2002ലാണ് വർഷ കേസ് ഫയൽ ചെയ്തത്. ദമ്പതികൾക്ക് മൂന്ന് കുട്ടികളുണ്ടായിരുന്നു. അന്ന് ലളിതമായ സാമ്പത്തിക ഒത്തുതീർപ്പിലെത്തി. ഏകദേശം 270,000 പൗണ്ട് (ഏകദേശം 3.5 കോടി രൂപ) വർഷ സ്വീകരിച്ചു കേസ് തീർപ്പാക്കി.
എന്നാലും ഭർത്താവിന് വെളിപ്പെടുത്താത്ത സ്വത്തുകൾ ഉണ്ടെന്ന് വർഷ വിശ്വസിച്ചിരുന്നു. പക്ഷേ ഇതിനെ പിന്തുണയ്ക്കുന്ന തെളിവുകൾ ലഭിച്ചില്ല. പിന്നീട് മുൻ നൈജീരിയൻ ഗവർണർ ജെയിംസ് ഇബോറിയുടെ കൂട്ടാളികളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് അന്വേഷണം ഭദ്രേഷ് ഗോഹിലിൽ എത്തിയതോടെ സ്ഥിതിമാറി. അതോടെ വിവാഹമോചന കേസിന്റെ സമയത്ത് പുറത്തുവരാതിരുന്ന ഭദ്രേഷ് ഗോഹിലിന്‍റെ
കോടിക്കണക്കിന് പൗണ്ടിന്റെ സ്വത്തു വിവരങ്ങൾ പുറത്തുവന്നു. കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, വഞ്ചനയ്ക്കുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങൾക്ക് അദ്ദേഹം ശിക്ഷിക്കപ്പെട്ടു. 2011ൽ അദ്ദേഹത്തിന് 10 വർഷം തടവ് ശിക്ഷ ലഭിക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന കമ്പനികളുടെ ആസ്തി മറച്ചുവെച്ചതായി ആരോപിച്ച്, ഏകദേശം 28 ദശലക്ഷം പൗണ്ടിന്റെ സ്വത്ത് മരവിപ്പിക്കുകയും ചെയ്തിരുന്നു.
ഇതോടെ വിവാഹമോചന ഒത്തുതീർപ്പിനെ വെല്ലുവിളിച്ച് വർഷ വീണ്ടും നിയമ പോരാട്ടം ആരംഭിച്ചു. 2015ലെ സുപ്രധാന വിധിയിലൂടെ നിയമ പോരാട്ടം പുനരാരംഭിക്കാനുള്ള അനുമതി ലഭിച്ചു. മരവിപ്പിച്ച സ്വത്തുക്കൾ പൂർണമായും കുറ്റകൃത്യത്തിന്റെ വരുമാനമാണെന്നും അത് കണ്ടുകെട്ടൽ നടപടികൾക്ക് ഉപയോഗിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ വിവാഹ സമയത്ത് നിയമാനുസൃതമായ ബിസിനസുകൾ വഴിയാണ് സമ്പത്തിന്റെ വലിയൊരു ഭാഗം സമ്പാദിച്ചതെന്നും അത് വൈവാഹിക സ്വത്തായി കണക്കാക്കണമെന്നും വർഷ വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലും സ്വത്തുക്കളുടെ ഒരു ഭാഗം നിയമാനുസൃതമാണെന്നും ദമ്പതികളുടെ വിവാഹ സ്വത്തിന്റെ ഭാഗമാണെന്നും ജഡ്ജി നിഗമനത്തിലെത്തി. തുടർന്നാണ് വർഷക്ക് 6.6 ദശലക്ഷം പൗണ്ട് നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.
ഇത് അസാധാരണമായ നിയമ പോരാട്ടമാണെന്ന് ജസ്റ്റിസ് വില്യംസ് അഭിപ്രായപ്പെട്ടു. വ്യവഹാരത്തിന്റെ "ദുഷ്കരമായ വഴി" കാരണം ഗോഹിൽ എന്ന പേര് നിയമവൃത്തങ്ങളിൽ വളരെക്കാലം ഓർമിക്കപ്പെടുമെന്നും കോടതി നിരീക്ഷിച്ചു. കേസിൽ ഇനി അപ്പീൽ ഉണ്ടാകില്ലെന്നും കോടതി വിധിച്ചു. ഇതോടെ 23 വർഷം നീണ്ട നിയമ പോരാട്ടത്തിന് പര്യവസാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.