വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി ബെയ്ജിങിൽ കൂടിക്കാഴ്ച നടത്തിയ​പ്പോൾ


കൈലാസ് മാനസരോവർ യാത്രക്ക് അനുമതി നൽകി ഇന്ത്യയും ചൈനയും; ഇരു രാജ്യങ്ങളിലേക്കും നേരിട്ട് വിമാന സർവിസുകൾ

ബെയ്ജിങ്: കോവിഡ് കാലത്ത് നിലച്ച കൈലാസ് മാനസരോവർ യാത്രക്ക് അനുമതി നൽകി ഇന്ത്യയും ചൈനയും. ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവിസുകൾ പുനഃരാരംഭിക്കാനുള്ള ചൈനയുടെ അഭ്യർഥനക്കും ഇന്ത്യ തത്വത്തിൽ അനുമതി നൽകി.

ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌രിയുടെ ദ്വിദിന ചൈന സന്ദർശനത്തിനിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയിലാണ് സുപ്രധാന തീരുമാനങ്ങൾ. ഈ വേനൽക്കാലത്തു തന്നെ കൈലാസ യാത്ര പുനഃരാരംഭിക്കുമെന്നാണ് റിപ്പോർട്ട്. നിലവിലുള്ള കരാറുകൾ പ്രകാരം യാത്ര ആരംഭിക്കാനുള്ള പ്രക്രിയകൾ ബന്ധപ്പെട്ട സംവിധാനം ചർച്ച ചെയ്യും.

കോവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് യാത്ര നിർത്തിവച്ചത്. 2020ലെ വേനൽക്കാലത്ത് ‘ഗാൽവാൻ’ ഏറ്റുമുട്ടലിൻ്റെ പശ്ചാത്തലത്തിൽ നിലനിന്നിരുന്ന പിരിമുറുക്കം കാരണം പകർച്ചവ്യാധി ശമിച്ച ശേഷവും യാത്ര പുനഃരാരംഭിച്ചില്ല.

ഇരു രാജ്യങ്ങളുടെയും അതിർത്തിയിലൂടെ ഒഴുകുന്ന നദികളിലെ ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട മറ്റ് സഹകരണത്തെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇന്ത്യ-ചൈന വിദഗ്ധതല യോഗം നടത്താനും ഇരുപക്ഷവും സമ്മതിച്ചു. ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്ന നദികളിലെ ഡാം അടക്കമുള്ള ഏതൊരു നിർമാണവും സമർഥമായി കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്നമായി മാറുന്ന സന്ദർഭത്തിലാണിത്.

ഈ ആശയവിനിയമം പടിപടിയായി പുനഃരാരംഭിക്കാനും പരസ്പരം താൽപര്യവും ആശങ്കയുമുള്ള മുൻഗണനാ മേഖലകളെ അഭിസംബോധന ചെയ്യാൻ അവ ഉപയോഗിക്കാനും സമ്മതിച്ചതായാണ് റിപ്പോർട്ട്.

പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനും ദീർഘകാല നയ സുതാര്യതയും പ്രവചനാത്മകതയും പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക, വ്യാപാര മേഖലകളിലെ പ്രത്യേക ആശങ്കകൾ ചർച്ച ചെയ്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - 'Meet each other half way': India, China nod to Kailash Mansarovar Yatra, direct flights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.