മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ

ഒടുവിൽ അതും പച്ചക്കള്ളമെന്ന് തെളിയുന്നു: യു.എൻ.ആർ.ഡബ്ല്യു.എക്കെതിരെ ഇസ്രായേൽ ഉന്നയിച്ച ഹമാസ് ബന്ധത്തിന് തെളിവില്ലെന്ന് കൊളോണ കമീഷൻ

ജറൂസലം: ഫലസ്തീനിലെ ഐക്യരാഷ്ട്ര സഭ ഏജൻസിയായ യു.എൻ.ആർ.ഡബ്ല്യു.എക്കെതിരെ ഇസ്രായേൽ ഉന്നയിച്ചത് വ്യാജ ആരോപണമെന്ന് സ്വതന്ത്ര വസ്തുതാന്വേഷണ സംഘം. യു.എൻ.ആർ.ഡബ്ല്യു.എയുടെ 12 ജീവനക്കാർക്ക് ഹമാസുമായും ഒക്‌ടോബർ 7ന് നടന്ന ആക്രമണവുമായും ബന്ധമുണ്ടെന്നായിരുന്നു ഇസ്രായേൽ ആരോപിച്ചത്. എന്നാൽ, ഇതിന് തെളിവ് ഹാജരാക്കുന്നതിൽ ഇസ്രായേൽ പരാജയപ്പെട്ടതായി മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ നേതൃത്വം നൽകിയ അന്വേഷണ കമീഷൻ വ്യക്തമാക്കി.

പതിറ്റാണ്ടുകളായി ലോകരാഷ്ട്രങ്ങളുടെ സഹായത്തോടെ ഗസ്സയിലടക്കമുള്ള ഫലസ്തീനികൾക്ക് ഭക്ഷണവും മരുന്നും പുനരധിവാസവും വിദ്യാഭ്യാസവും ഉറപ്പുവരുത്തുന്ന ഏജൻസിയാണ് യു.എൻ.ആർ.ഡബ്ല്യു.എ. ആറുമാസത്തിലേറെയായി ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന മനുഷ്യക്കുരുതിക്കിടെ ഗസ്സയിൽ വ്യവസ്ഥാപിതമായി സഹായവിതരണം നടത്തുന്ന ഏക സംവിധാനമാണിത്. എന്നാൽ, ഇസ്രായേലിന്റെ വ്യാജാരോപണത്തെ ​തുടർന്ന് 15 രാജ്യങ്ങളെങ്കിലും യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായവിതരണം മരവിപ്പിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്നും ഇക്കാര്യം തെളിയിക്കാൻ ഏത് തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കുമെന്നും ഏജൻസി അധികൃതർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാതറിൻ കൊളോണയുടെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ സ്വതന്ത്രാന്വേഷണം തുടങ്ങിയത്.

സംഘടനയിലെ കുറഞ്ഞത് 12 ജീവനക്കാരെങ്കിലും ഒക്‌ടോബർ 7ന് ഹമാസ് നടത്തിയ അതിക്രമങ്ങളിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നായിരുന്നു നെതന്യാഹു അടക്കമുള്ള ഇസ്രായേൽ ഉന്നതർ ആവർത്തിച്ച് പറഞ്ഞത്. 30ഓളം ജീവനക്കാർ ആക്രമണത്തിന് സഹായം ചെയ്തതായും സംഘടനയുടെ 12 ശതമാനം ജീവനക്കാർ ഹമാസ് ബന്ധമുള്ളവരാണെന്നും ഇവർ ആരോപിച്ചിരുന്നു.

ഈ വ്യാജാരോപണത്തെ മുൻനിർത്തി യു.എൻ.ആർ.ഡബ്ല്യു.എക്കുള്ള ധനസഹായം അവസാനിപ്പിക്കാൻ ലോകരാഷ്ട്രങ്ങൾക്കുമേൽ ഇസ്രായേലും യു.എസും സമ്മർദം ചെലുത്തി. തുടർന്ന് വിവിധ യൂറോപ്യൻ രാജ്യങ്ങളടക്കം 15 രാഷ്ട്രങ്ങൾ സഹായം നൽകുന്നത് മരവിപ്പിച്ചു. ഇസ്രായേൽ ആക്രമണത്തിൽ കിടപ്പാടമില്ലാതെയും ചികിത്സകിട്ടാതെയും പട്ടിണികിടന്നും നരകിച്ച ഗസ്സയിലെ മനുഷ്യരുടെ ഏക അത്താണിയായ യു.എൻ.ആർ.ഡബ്ല്യു.എ ഇതേത്തുടർന്ന് ഫണ്ടില്ലാതെ പ്രവർത്തനങ്ങൾ വെട്ടിക്കുറച്ചു. ഇത് ഗസ്സയിലെ സ്ഥിതി അത്യന്തം വഷളാക്കിയിരുന്നു.

ഇസ്രായേൽ ആരോപണമുന്നയിച്ചത് ഒരുതെളിവുമില്ലാതെ

ഫലസ്തീനിലുടനീളം മാനുഷിക സഹായമെത്തിക്കുന്ന ഏജൻസിക്കെതി​രെ തെളിവിന്റെ കണിക പോലുമില്ലാതെയാണ് ഇസ്രായേൽ വ്യാജാരോപണം ഉന്നയിച്ചതെന്ന് മുൻ ഫ്രഞ്ച് വിദേശകാര്യ മന്ത്രി കാതറിൻ കൊളോണ നേതൃത്വം നൽകിയ അന്വേഷണസംഘം വ്യക്തമാക്കുന്നു. യു.എൻ.ആർ.ഡബ്ല്യു.എയുടെ ജീവനക്കാരുടെ പട്ടിക സ്ഥിരമായി ഇസ്രായേലിന് സംഘടന നൽകാറുണ്ട്. എന്നാൽ, 2011 മുതലുള്ള പട്ടികയിലെ ഏതെങ്കിലും ജീവനക്കാരെ കുറിച്ച് ഇസ്രായേൽ ഇതുവരെ ആശങ്ക ഉന്നയിച്ചിട്ടില്ലെന്ന് ‘ഗാർഡിയൻ’ ദിനപത്രം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

‘യു.എൻ.ആർ.ഡബ്ല്യു.എയിലെ ഗണ്യമായ എണ്ണം ജീവനക്കാരും തീവ്രവാദ സംഘടനകളിൽ അംഗങ്ങളാണെന്ന് ഇസ്രായേൽ പരസ്യമായി ആരോപിച്ചു. എന്നാൽ, ഇസ്രായേൽ ഇതുവരെ ഇതിനുള്ള തെളിവുകൾ ഹാജരാക്കിയിട്ടില്ല’ -കാതറിൻ കൊളോണ പറഞ്ഞു. ഗസ്സ, ജോർഡൻ, ലെബനാൻ, സിറിയ, വെസ്റ്റ്ബാങ്ക് എന്നിവിടങ്ങളിലെ ഫലസ്തീനികളുടെ ജീവനാഡിയാണ് യു.എൻ.ആർ.ഡബ്ല്യു.എ.

Tags:    
News Summary - Independent review finds Israel failed to produce evidence to back up claims against UNRWA employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.