ഇറ്റലിയിൽ ആസ്​ട്രസെനക വാക്​സിൻ ഇനി 60 വയസ്സിന്​ മുകളിലുള്ളവർക്ക്​ മാത്രം

റോം: ഓകസ്​ഫോഡിൻെറ ആസ്ട്രസെനക വാക്​സിൻ 60 വയസ്സിനു മുകളിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഇറ്റാലിയൻ അധികൃതർ അറിയിച്ചു. നിലവിൽ ഒരു ഡോസ്​ ആസ്​ട്രസെനക എടുത്ത ചെറുപ്പക്കാരിൽ രണ്ടാമത്തെ ഡോസ്​ എം.ആർ.എൻ.എ അധിഷ്​ഠിത മറ്റു വാക്​സിനുകൾ നൽകും.

ഇറ്റലിയിലെ കൊറോണ വൈറസ് അണുബാധ നിരക്ക് കുറഞ്ഞതിനെ തുടർന്നാണ് ഈ മാറ്റം. കേസുകൾ കുറഞ്ഞതിനാൽ അടുത്തയാഴ്​ച മുതൽ രാജ്യത്തിൻെറ പല ഭാഗങ്ങളിലും നിയന്ത്രണങ്ങൾ നീക്കും.

ഏപ്രിലിൽ യൂറോപ്യൻ യൂനിയൻെറ മെഡിസിൻ ഏജൻസി, ആസ്​ട്രസെനക ഉപയോഗിക്കുന്നവരിൽ അത്യപൂർവമായി രക്​തം കട്ടപിടിക്കുന്നത്​ റിപ്പോർട്ട്​ ചെയ്​തിരുന്നു. എന്നാൽ, വാക്​സിൻെറ അപകട സാധ്യത​കളേക്കാൾ അവയുടെ പ്രയോജനങ്ങൾ കാരണം ഇവ ഉപയോഗിക്കാൻ നിർദേശിച്ചു.

ഇറ്റാലിയൻ സർക്കാറിൻെറ സാങ്കേതിക ശാസ്ത്ര സമിതിയുടെ (സി.ടി.എസ്) നിർദേശപ്രകാരമാണ്​ ആരോഗ്യ മന്ത്രാലയം ആസ്ട്രസെനക വാക്​സിൻ 60ന്​ മുകളിൽ പ്രായമുള്ളവർക്ക് മാത്രം നൽകിയാൽ മതിയെന്ന്​ അറിയിച്ചത്​. പരമാവധി ജാഗ്രത പുലർത്തുക എന്ന തത്വത്തിൻെറ അടിസ്​ഥാനത്തിലാണിത്​.

ആസ്‌ട്രസെനകയുടെ ആദ്യ ഡോസ് ഇതിനകം ലഭിച്ച 60 വയസ്സിന് താഴെയുള്ളവർക്ക്, എട്ട് മുതൽ 12 ആഴ്ചകൾക്കുശേഷം ഫൈസർ, മോഡേണ പോലുള്ള എം‌.ആർ.‌എൻ.‌എ അധിഷ്​ഠിത വാക്​സിൻ എടുക്കാവുന്നതാണ്​.

ആരോഗ്യപരമായ ആശങ്കകളെത്തുടർന്ന് മാർച്ചിൽ ഇറ്റലി ആസ്ട്രസെനക വാക്​സിൻ തടഞ്ഞിരുന്നു. എന്നാൽ, യൂറോപ്യൻ യൂനിയൻെറ മെഡിസിൻസ്​ ഏജൻസി പച്ചക്കൊടി നൽകിയശേഷം 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും നൽകാൻ തുടങ്ങി.

60 വയസ്സിന്​ മുകളിലുള്ളവർക്ക് അസ്​ട്രസെനകയായിരുന്നു മുൻഗണന നൽകിയിരുന്നത്​. എന്നാൽ, നിരവധി ചെറുപ്പക്കാരും ഇത്​ ഉപയോഗിച്ചു.

ഇറ്റലി ഇതുവരെ 41 ദശലക്ഷം വാക്​സിനുകൾ നൽകിയിട്ടുണ്ട്. 60 ദശലക്ഷം ജനസംഖ്യയിൽ 14 ദശലക്ഷം ആളുകൾക്ക് പൂർണമായും പ്രതിരോധ കുത്തിവെപ്പ്​ ലഭിച്ചതായും അധികൃതർ അറിയിച്ചു.

തിങ്കളാഴ്​ച മുതൽ മിലാനിലും റോമിലും സമീപ സ്​ഥലങ്ങളിലും ഉൾപ്പെടെ 40 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന പ്രദേശങ്ങളിലെ നിയന്ത്രണങ്ങളെ ഏറ്റവും കുറഞ്ഞ അപകടസാധ്യതയുള്ള 'വൈറ്റ്' സോണിലേക്ക്​ മാറ്റും​. മാസ്​ക്​ ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ ഒഴികെ മിക്ക കൊറോണ വൈറസ് നിയന്ത്രണങ്ങളും ലഘൂകരിക്കും.

Tags:    
News Summary - In Italy, the astrazene vaccine is now restricted to those over 60 years of age

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.