ലാഹോർ: മുൻ പ്രധാനമന്ത്രിയും തെഹ്രീകെ ഇൻസാഫ് പാർട്ടി (പി.ടി.ഐ) നേതാവുമായ ഇംറാൻ ഖാന്റെ പ്രസംഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക്. ലൈവും റെക്കോഡ് ചെയ്തതുമായ പ്രസംഗങ്ങൾക്കും വാർത്താ സമ്മേളനങ്ങൾക്കുമെല്ലാം വിലക്ക് ബാധകമാണ്. എല്ലാ സാറ്റലൈറ്റ് ടിവി ചാനലുകൾക്കും ഇതുസംബന്ധിച്ച നിർദേശം പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അതോറിറ്റി (പി.ഇ.എം.ആർ.എ) നൽകി.
ഇമ്രാൻ ഖാൻ [പിടിഐ അധ്യക്ഷൻ] തന്റെ പ്രസംഗങ്ങളിലും പ്രസ്താവനകളിലും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിലൂടെയും സംസ്ഥാന സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കുമെതിരേ പ്രകോപനപരമായ പ്രസ്താവനകളിലൂടെ വിദ്വേഷ പ്രസംഗങ്ങൾ പ്രചരിപ്പിക്കുന്നതിലൂടെയും തുടർച്ചയായി സർക്കാർ സ്ഥാപനങ്ങളെ കുറ്റപ്പെടുത്തുന്നത് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പൊതു സമാധാനത്തിനും സമാധാനത്തിനും ഭംഗം വരുത്താൻ സാധ്യതയുണ്ട്. -പി.ഇ.എം.ആർ.എ പ്രസ്താവനയിൽ പറഞ്ഞു.
തൊഷാഖാന കേസിൽ ഇംറാനെ ഇന്നലെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം നടത്തിയിരുന്നെങ്കിലും സാധിച്ചിരുന്നില്ല. ലാഹോറിലെ സമാൻ പാർക്കിലെ വീട്ടിൽ വൻ പൊലീസ് സന്നാഹം എത്തിയെങ്കിലും ഇംറാൻ സ്ഥലത്തില്ലെന്ന വിവരമാണ് ലഭിച്ചത്. എന്നാൽ, പിന്നീട് വീടിന് മുന്നിൽ കൂടിയ പാർട്ടി പ്രവർത്തകരെ ഇംറാൻ ഖാൻ അഭിസംബോധന ചെയ്ത് സംസാരിച്ചു. ഇതിനുപിന്നാലെയാണ് ഇപ്പോൾ പ്രസംഗങ്ങൾ സംപ്രേഷണം ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
ഒന്നര വർഷം മുമ്പാണ് ഇംറാനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. തൊഷാഖാന എന്നറിയപ്പെടുന്ന ട്രഷറിയിൽ സൂക്ഷിച്ച വില കൂടിയ സമ്മാനങ്ങൾ വിൽപന നടത്തിയത് വഴി അളവിൽ കവിഞ്ഞ സ്വത്ത് ഇംറാൻ ആർജിച്ചെന്നാണ് കേസ്. മൂന്നു തവണ സമൻസ് അയച്ചിട്ടും ഇംറാൻ ഖാൻ കോടതിയിൽ ഹാജരായിരുന്നില്ല. ഇതേതുടർന്ന് ഫെബ്രുവരി 28ന് അഡീഷണൽ സെഷൻസ് കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.