ഇസ്ലാമാബാദ്: പാകിസ്താൻ തഹ്‌രീകെ ഇൻസാഫ് (പി.ടി.ഐ) സർക്കാരിനെ നീക്കം ചെയ്തതിനും പാകിസ്താൻ മുസ്ലീം ലീഗ് നവാസിന്‍റെ പ്രസിഡന്റ് ഷഹബാസ് ശരീഫിന്‍റെ നേതൃത്വത്തിൽ പുതിയ ഭരണം രൂപീകരിക്കുന്നതിനുമെതിരെ ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പി.ടി.ഐ നേതാക്കൾ അറിയിച്ചു.
പെഷാവറിൽ നിന്ന് ബുധനാഴ്ച രാജ്യവ്യാപക പ്രതിഷേധം ആരംഭിക്കുമെന്നും ഇംറാൻ ഖാൻ അവിടെയൊരു യോഗത്തിൽ പങ്കെടുക്കുമെന്നും പി.ടി.ഐ നേതാവും പാകിസ്താൻ മുൻ ഇൻഫർമേഷൻ മന്ത്രിയുമായ ഫവാദ് ചൗധരി പറഞ്ഞു.
ഇംറാൻ ഖാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിനെതിരെ പി.ടി.ഐ അനുകൂലികൾ ദുബായിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഇതിന്‍റെ ദൃശ്യങ്ങൽ പി.ടി.ഐ തന്നെയാണ് അവരുടെ ട്വിറ്റർ അക്കൗണ്ട് വഴി പങ്കുവെച്ചത്.
ഇസ്‍ലാമാബാദ്, കറാച്ചി, പെഷവാർ, ലാഹോർ തുടങ്ങീ നിരവധി നഗരങ്ങളിൽ വൻ റാലികളാണ് പി.ടി.ഐ അനുകൂലികൾ നടത്തിയത്.
പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് തന്നെ പുറത്താക്കിയ നടപടിക്കെതിരെ പ്രതിഷേധിച്ച ലോകമെമ്പാടുമുള്ള ജനങ്ങളോട് ഇംറാൻ ഖാൻ നന്ദി അറിയിച്ചു. തട്ടിപ്പുകാരെ അധികാരത്തിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളെ സ്വദേശത്തും വിദേശത്തുമുള്ള പാക്കിസ്താനികൾ ശക്തമായി എതിർത്തെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഇത്തരത്തിൽ അധികാരത്തിലേറാൻ പോകുന്ന സർക്കാരിനെതിരെ ഇത്രയും ജനങ്ങൾ പ്രതിഷേധിക്കുന്നത് ചരിത്രത്തിലാദ്യമായാണെന്നും ഇംറാൻ ഖാൻ പറഞ്ഞു.
രാജ്യത്തെ ദേശീയ അസംബ്ലിയിൽ ഇംറാൻ ഖാന്റെ നേതൃത്വത്തിലുള്ള പി.ടി.ഐ സർക്കാരിനെതിരായ അവിശ്വാസ പ്രമേയത്തിന്മേൽ ശനിയാഴ്ച രാത്രി വൈകി നടന്ന വോട്ടെടുപ്പിൽ ഇംറാൻ ഖാനെ പുറത്താക്കിയ പ്രമേയത്തെ അനുകൂലിച്ച് 174 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാൻ ഇന്ന് ഉച്ചക്ക് 2 മണിക്കാണ് വോട്ടെടുപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.